റിയാദിൽ ബത്ഹക്ക് സമീപമുള്ള ചരിത്രപ്രസിദ്ധമായ ‘റെഡ് പാലസ്’ ആഡംബര ഹോട്ടലാകുന്നു: പുതിയ ലോഗോ പുറത്തിറക്കി
text_fieldsറെഡ് പാലസ്
റിയാദ്: സൗദി അറേബ്യയുടെ ചരിത്രത്തിൽ നിർണായക സ്ഥാനമുള്ള ‘റെഡ് പാലസ്’ (അൽ ഖസർ അൽ അഹ്മർ) കൊട്ടാരം ആഡംബര ഹോട്ടലാക്കി ഉടൻ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. ഇതിന് മുന്നോടിയായി കൊട്ടാരത്തിന്റെ പുതിയ ലോഗോയും ദൃശ്യരൂപവും പുറത്തിറക്കി. സൗദി അറേബ്യൻ പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടിന്റെ (പി.ഐ.എഫ്) പൂർണ ഉടമസ്ഥതയിലുള്ള അതിഥിസത്കാര കമ്പനിയായ ‘ബൂട്ടീക് ഗ്രൂപ്പ്’ ആണ് ചരിത്രസ്മാരകമായ ഈ കൊട്ടാരത്തെ അത്യാധുനിക ആഡംബര കേന്ദ്രമാക്കി മാറ്റുന്നത്. ഈ വർഷം തന്നെ ഇതിന്റെ ഉദ്ഘാടനം ഉണ്ടാകും.
റിയാദ് നഗര മധ്യത്തിൽ വാണിജ്യകേന്ദ്രമായ ബത്ഹയോട് ചേർന്നുള്ളതും അൽ മുറബ്ബ/അൽ ഫൂത്ത ഡിസ്ട്രിക്റ്റുകളിൽ ഉൾപ്പെടുന്നതും മൂന്നാം സൗദി രാഷ്ട്രത്തിന്റെ ഭരണസിരാകേന്ദ്രവുമായിരുന്ന മുറബ്ബ കൊട്ടാരത്തിന്റെയും നാഷനൽ മ്യൂസിയത്തിന്‍റെയും വളപ്പിൽ സ്ഥിതി ചെയ്യുന്നതുമായ കൊട്ടാരമാണ് റെഡ് പാലസ്. ആധുനിക സൗദി അറേബ്യയുടെ രണ്ടാമത്തെ ഭരണാധികാരി സഊദ് ബിൻ അബ്ദുൽ അസീസ് രാജാവിന്റെ ആസ്ഥാന മന്ദിരമായിരുന്നു ഈ കൊട്ടാരം.
കൊട്ടാരത്തിന്റെ പഴമയും തനിമയും ചോർന്നുപോകാതെയാണ് പുതിയ ലോഗോയും അനുബന്ധ ഡിസൈനുകളും രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൊട്ടാരത്തിന്റെ ഭിത്തികളിലെ പഴയ പ്ലാസ്റ്റർ കൊത്തുപണികളിൽ കാണുന്ന റോസാപ്പൂവിന്റെ മാതൃകയിലാണ് ലോഗോയിലെ പ്രധാന ചിഹ്നം തയ്യാറാക്കിയിട്ടുള്ളത്. ലോഗോയ്ക്ക് ചുറ്റുമുള്ള ഡയമണ്ട് ഡിസൈൻ കൊട്ടാരത്തിന്റെ മുൻവശത്തെ മനോഹരമായ നിർമാണരീതിയിൽനിന്ന് ഉൾക്കൊണ്ടതാണ്. കൂടാതെ കൊട്ടാരത്തിനുള്ളിലെ ഇരുമ്പ് അലങ്കാരപ്പണികളും മറ്റ് തനത് വാസ്തുവിദ്യാ ശൈലികളും അടിസ്ഥാനമാക്കിയാണ് ലോഗോയിലെ വരകളും കോണുകളും തയ്യാറാക്കിയിരിക്കുന്നത്.
സൗദി അറേബ്യയുടെ സാംസ്കാരിക പൈതൃകവും കൊട്ടാരത്തിെൻറ ചരിത്രപരമായ പ്രാധാന്യവും വ്യക്തമാക്കുന്ന ഒരു ദേശീയ ചിഹ്നവും ഈ ഡിസൈനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേവലമൊരു ലോഗോ എന്നതിനപ്പുറം, കൊട്ടാരത്തിൽ എത്തുന്ന അതിഥികൾക്ക് ലഭിക്കാൻ പോകുന്ന രാജകീയ അനുഭവത്തിെൻറയും പരമ്പരാഗത കരകൗശലവിദ്യയുടെയും പ്രതിഫലനമാണ് ഈ പുതിയ രൂപമെന്ന് ബൂട്ടീക് ഗ്രൂപ്പ് മാർക്കറ്റിങ് ആൻഡ് ബ്രാൻഡ് മാനേജ്‌മെൻറ് മേധാവി സാമി അൽ അഖ്ല വ്യക്തമാക്കി.
പഴമയും പൈതൃകവും കാത്തുസൂക്ഷിച്ചുകൊണ്ട് തന്നെ അത്യാധുനിക രീതിയിൽ സൗദിയുടെ സാംസ്കാരിക മഹിമ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി സൗദിയിലെ ഏറ്റവും പ്രധാനപ്പെട്ട അത്യാഡംബര അതിഥിസത്കാര കേന്ദ്രങ്ങളിലൊന്നായി റെഡ് പാലസ് ഉടൻ മാറും. ഓരോ പ്രദേശത്തിന്‍റെയും തനിമ നിലനിർത്തിക്കൊണ്ട് മികച്ച ഹോസ്പിറ്റാലിറ്റി സേവനം നൽകുകയെന്ന ബൂട്ടീക് ഗ്രൂപ്പിന്റെ ലക്ഷ്യത്തെക്കൂടിയാണ് ഈ ചുവടുവെപ്പ് വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

