റിയാദ് ഓസ്ഫോജ്ന ‘വിദാദ് 23’ സമൂഹ വിവാഹം ഇന്ന്
text_fieldsറിയാദ്: പട്ടിക്കാട് ജാമിഅ നൂരിയ അറബിയ്യ വിദ്യാർഥി സംഘടനയായ ‘ഓസ്ഫോജ്ന’യുടെ റിയാദ് ഘടകം സംഘടിപ്പിക്കുന്ന സമൂഹ വിവാഹം ശനിയാഴ്ച നടക്കും. രാവിലെ 11ന് മലപ്പുറം പെരിന്തൽമണ്ണ വേങ്ങൂർ എം.ഇ.എ എൻജിനീയറിങ് കോളജിലാണ് പ്രമുഖരുടെ സാന്നിധ്യത്തിൽ ചടങ്ങുകൾ നടക്കുക. റിയാദ് സഫ മക്ക മെഡിക്കൽ ഗ്രൂപ്, ഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ് യു.എ.ഇ എന്നീ സ്ഥാപനങ്ങളാണ് പുണ്യകർമത്തിനുള്ള പൂർണ സാമ്പത്തിക പിന്തുണ നൽകുന്നത്.
പാലക്കാട്, വയനാട്, എറണാകുളം, തമിഴ്നാട്ടിലെ നീലഗിരി ജില്ലകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 20 യുവതീയുവാക്കളാണ് വേദിയിൽ വിവാഹിതരാകുക. വ്യത്യസ്ത മതങ്ങളിൽ നിന്നുള്ളവർക്ക് അവരുടെ മതാചാരപ്രകാരം വിവാഹിതരാകാനുള്ള ഒരുക്കമെല്ലാം പൂർത്തിയായിട്ടുണ്ടെന്ന് ഭാരവാഹികളായ അബ്ദുസ്സമദ് പൂക്കോട്ടൂർ, ളിയാഉദ്ദീൻ ഫൈസി മേൽമുറി, ബഷീർ ഫൈസി എന്നിവർ പറഞ്ഞു. സമൂഹ വിവാഹം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ സമസ്ത പ്രസിഡൻറ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിക്കും. വധുവിന് 10 പവൻ സ്വർണവും വരന് മഹർ നൽകാനായി ഒരു പവനും ഇരുവർക്കും വിവാഹ വസ്ത്രങ്ങളും നൽകും. സമസ്ത ജനറൽ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാർ, ജി.സി.സി വ്യവസായിയും ഷിഫ അൽ റബീഹ് മെഡിക്കൽ ഗ്രൂപ് മേധാവിയുമായ മുഹമ്മദ് ഷാജി അരിപ്ര, പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാദിമാരായ മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ, നാസർ ഹയ്യ് ശിഹാബ് തങ്ങൾ, വാക്കോട് മൊയ്തീൻ കുട്ടി ഫൈസി, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി, ഹൈദർ ഫൈസി പനങ്ങാങ്ങര, അസ്ഗറലി ഫൈസി പട്ടിക്കാട്, ഡോ. സി.കെ. അബ്ദുറഹ്മാൻ ഫൈസി എന്നിവർ വിവാഹത്തിന് കാർമികത്വം വഹിക്കും. ഹൈന്ദവ ആചാരപ്രകാരമുള്ള വിവാഹങ്ങൾക്ക് മണികണ്ഠ ശർമ നേതൃത്വം നൽകും. ഏലംകുളം ബാപ്പു മുസ്ലിയാർ പ്രാർഥനക്ക് നേതൃത്വം നൽകുമെന്നും സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

