സലിം കളക്കര റിയാദ് ഒ.ഐ.സി.സി പ്രസിഡൻറ്
text_fieldsറിയാദ്: കോൺഗ്രസിന്റെ പ്രവാസി ഘടകമായ ഒ.ഐ.സി.സിയുടെ റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറായി സലിം കളക്കര ചുമതലയേറ്റു. കഴിഞ്ഞ 25 വർഷമായി റിയാദിൽ പ്രവാസി സാംസ്കാരിക സാമൂഹിക രംഗത്ത് സജീമായ അദ്ദേഹം ഒ.ഐ.സി.സി സീനിയർ വൈസ് പ്രസിഡൻറായിരിക്കെയാണ് നിലവിലെ പ്രസിഡൻറ് അബ്ദുല്ല വല്ലാഞ്ചിറ ഒഴിഞ്ഞ പദവിയിൽ അവരോധിതനായത്.
മൂന്നുവർഷ കലാവധിയിലേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പിലുണ്ടായ ഒത്തുതീർപ്പ് ഫോർമുല ആദ്യ ഒരു വർഷം അബ്ദുല്ല വല്ലാഞ്ചിറയും പിന്നീടുള്ള രണ്ട് വർഷം സലീം കളക്കരയും എന്നതായിരുന്നു. ആ ധാരണയനുസരിച്ചാണ് അബ്ദുല്ല വല്ലാഞ്ചിറ പദവിയൊഴിഞ്ഞതും കഴിഞ്ഞദിവസം കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് ടി. സിദ്ദീഖ് എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ റിയാദിൽ ചേർന്ന യോഗത്തിൽ സലീം കളക്കര ചുമതലയേറ്റെടുത്തതും.
പൊന്നാനിയിലെ പ്രസിദ്ധ കോൺഗ്രസ് കുടുംബമായ കളക്കര തറവാട്ടിൽ നിന്നും കേരള വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് കോൺഗ്രസ് സംഘടനാരംഗത്തേക്ക് സലീം കടന്നുവരുന്നത്. തുടർന്ന് യൂത്ത് കോൺഗ്രസ് ഇഴുവത്തിരുത്തി മണ്ഡലം പ്രസിഡൻറ്, പൊന്നാനി ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. സൗദിയിൽ എത്തിയതിനുശേഷവും കോൺഗ്രസിെൻറ പ്രവാസി സംഘടനകളിൽ തുടക്കം മുതൽ സജീവ നേതൃത്വത്തിലുണ്ടായിരുന്നു. റിയാദിലെ വ്യത്യസ്ത ചേരികളിൽ നിന്നിരുന്ന പോഷക സംഘടനകളെ ഒ.ഐ.സി.സി എന്ന ഒറ്റ ചട്ടക്കൂടിനുള്ളിൽ ഒന്നിപ്പിക്കുന്നതിന് മറ്റ് സഹപ്രവർത്തകരോടൊപ്പം നിർണായക പങ്കു വഹിച്ചു.
രമേശ് ചെന്നിത്തല കെ.പി.സി.സി പ്രസിഡൻറ് ആയിരുന്നപ്പോഴാണ് റിയാദിലെ കോൺഗ്രസ് സംഘടനകൾ ഒ.ഐ.സി.സി എന്ന ഒറ്റ സംഘടനയായി മാറിയത്. ആദ്യ പ്രസിഡൻറ് കുഞ്ഞി കുമ്പളക്ക് കീഴിൽ ദീർഘകാലം സീനിയർ വൈസ് പ്രസിഡൻറായി പ്രവർത്തിച്ചു. അതിനുശേഷമുണ്ടായ സംഘടനാ തെരഞ്ഞെടുപ്പിലാണ് പ്രസിഡൻറ് പദത്തിെൻറ കാര്യത്തിൽ വീതംവെപ്പ് ഫോർമുലമുണ്ടായപ്പോൾ രണ്ടാമൂഴം സലീം കളക്കരയുടേതായത്.
28 വർഷമായി പ്രവാസത്തിലാണ്. നിലവിൽ റിയാദിൽ സ്വന്തമായി കമ്പനി നടത്തുന്നു. നിരവധി പേർക്ക് ജോലി നൽകിയ ബിസിനസ് സംരംഭകനാണ്. ആരിഫ സഹധർമിണിയും വിദ്യാർഥികളായ മുഹമ്മദ് ആസിഫ്, ഫാത്തിമ നിദ, ഫാത്തിമ നിസ എന്നിവർ മക്കളുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

