മധുരം പങ്കിട്ട് യു.ഡി.എഫ് വിജയം ആഘോഷിച്ച് റിയാദ് ഒ.ഐ.സി.സി
text_fieldsതദ്ദേശ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് വിജയം റിയാദ് ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി ആഘോഷിച്ചപ്പോൾ
റിയാദ്: തദ്ദേശ തെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ ചരിത്രവിജയം ആഘോഷിച്ച് റിയാദ് ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി. ഇടതുപക്ഷ മുന്നണി ഭരണത്തോടുള്ള ജനങ്ങളുടെ അസംതൃപ്തിയും ജനകീയ ആവേശത്തെ അവഗണിച്ച ഭരണശൈലിയോടുള്ള പ്രതിഷേധവുമാണ് ഈ വിധിയിലൂടെ വ്യക്തമായതെന്നും യു.ഡി.എഫിന്റെ ജനകീയ മുന്നേറ്റം ജനജീവിതത്തിന്റെ നാഡി പിടിച്ച പ്രചാരണം, തദ്ദേശ വികസനത്തിന് വ്യക്തമായ ദിശാബോധം, സുതാര്യവും ഉത്തരവാദിത്തവുമുള്ള ഭരണവാഗ്ദാനങ്ങളടക്കമാണ് യു.ഡി.എഫിന്റെ വിജയത്തിന്റെ കരുത്തായി മാറിയതെന്നും യോഗം വിലയിരുത്തി.
ഗ്രാമപഞ്ചായത്തുകളിൽനിന്ന് നഗരസഭകളിലേക്കും ജില്ലാ പഞ്ചായത്തുകളിലേക്കും കോർപറേഷനുകളിലേക്കും വരെ യു.ഡി.എഫ് കുറിച്ച മുന്നേറ്റം ഒ.ഐ.സി.സി ആവേശത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ആഘോഷമാക്കി മാറ്റി. ബത്ഹയിലെ സബർമതി ഹാളിൽ നടന്ന ചടങ്ങിൽ നേതാക്കളും പ്രവർത്തകരും കേക്ക് മുറിച്ച് മധുരവിതരണം നടത്തി സന്തോഷം പങ്കിട്ടു. കേരളത്തിലെ ജനങ്ങൾ നൽകിയ ഈ വിധി, ജനവിരുദ്ധ ഭരണത്തോടുള്ള ശക്തമായ പ്രതികരണമാണെന്നും ഈ വിജയം വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് വലിയ ആത്മവിശ്വാസം നൽകുന്നതാണെന്നും യോഗത്തിൽ സംസാരിച്ചവർ പറഞ്ഞു.
ചടങ്ങിൽ സെൻട്രൽ കമ്മിറ്റി വർക്കിങ് പ്രസിഡൻറ് നവാസ് വെള്ളിമാട്കുന്ന് അധ്യക്ഷത വഹിച്ചു. റിയാദ് ഘടകം ഭാരവാഹികളായ നിഷാദ് ആലംകോട്, രഘുനാഥ് പറശ്ശനിക്കടവ്, ബാലു കുട്ടൻ, അമീർ പട്ടണത്, ഷുക്കൂർ ആലുവ, നാദിർഷാ റഹ്മാൻ, മുൻ പ്രസിഡൻറ് അബ്‌ദുല്ല വല്ലാഞ്ചിറ, നാഷനൽ കമ്മിറ്റി അംഗങ്ങളായ അഡ്വ. എൽ.കെ. അജിത്, ഷാജി സോനാ, ഗ്ലോബൽ നേതാക്കളായ അസ്‌കർ കണ്ണൂർ, നൗഫൽ പാലക്കാടൻ, ജില്ലാ നേതാക്കളായ ഷാജി മഠത്തിൽ, സിദ്ധിഖ് കല്ലുപറമ്പൻ, മൊയ്തീൻ പാലക്കാട്, അൻസായ് ഷൗക്കത്ത്, വഹീദ് വാഴക്കാട്, ഹരീന്ദ്രൻ കണ്ണൂർ, ജയൻ കൊടുങ്ങല്ലൂർ, ഷിബു ഉസ്മാൻ, മജീദ് കരുനാഗപ്പള്ളി, സുധീർ, ബഷീർ എന്നിവർ സംസാരിച്ചു.
പ്രവാസി മലയാളികൾ കേരളത്തിന്റെ രാഷ്ട്രീയ മാറ്റങ്ങളിൽ സജീവമായി പങ്കാളികളാകുന്നുവെന്നതിന്റെ തെളിവാണ് റിയാദിലെ ഈ ആഘോഷങ്ങളെന്നും ജനാധിപത്യത്തിന്റെ കരുത്ത് അതിർത്തികൾക്കപ്പുറവും ഒരുപോലെ മുഴങ്ങുന്നുവെന്ന സന്ദേശമാണിതെന്നും ഒ.ഐ.സി.സി നേതാക്കൾ പറഞ്ഞു. വൈസ് പ്രസിഡൻറ് മുഹമ്മദലി മണ്ണാർക്കാട് ആമുഖ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ സ്വാഗതവും ആക്ടിങ് ട്രഷറർ അബ്‌ദുൽ കരീം കൊടുവള്ളി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

