സാങ്കേതിക മികവിന്റെ വേദിയിൽ തിളങ്ങാൻ റിയാദ് മിഡിൽ ഈസ്റ്റ് സ്കൂളിലെ വിദ്യാർഥിനികൾ
text_fieldsറിയാദ്: റിയാദ് മലാസിലെ മിഡിൽ ഈസ്റ്റ് ഇന്റർനാഷനൽ സ്കൂളിലെ 12-ാം ക്ലാസ് വിദ്യാർഥിനികളായ ശ്രീഹ, മെഹ്റിൻ എന്നിവർ റിയാദിൽ നടക്കുന്ന 'സെക്യൂരിറ്റി ആൻഡ് ഇന്നൊവേഷൻ ഫെയർ'(എസ്.എ.ഐ.എഫ്) മത്സരത്തിന്റെ ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
വിദ്യാർഥിനികളുടെ ഈ മികച്ച നേട്ടത്തിൽ സ്കൂൾ മാനേജ്‌മെന്റും കോംപ്ലക്സ് മാനേജർ അബ്ദുൽ ഇലാഹ് അൽ മൗനയും അഭിനന്ദനങ്ങൾ അറിയിച്ചു. തങ്ങളുടെ പ്രോജക്ടിലൂടെ വിദ്യാർഥിനികൾ പ്രകടിപ്പിച്ച നൂതനാശയങ്ങളും സർഗാത്മകതയുമാണ് ഫൈനൽ റൗണ്ടിലേക്ക് നേരിട്ടുള്ള നാമനിർദ്ദേശത്തിന് ഇവരെ അർഹരാക്കിയത്.
2026 നവംബർ 24 മുതൽ 26 വരെ നടക്കുന്ന എസ്.എ.ഐ.എഫ് ഫൈനൽ മത്സരം, വിദ്യാർഥിനികൾക്ക് തങ്ങളുടെ ശാസ്ത്രീയ അഭിരുചിയും നൂതന ചിന്താശേഷിയും അന്താരാഷ്ട്ര വേദിയിൽ അവതരിപ്പിക്കാനുള്ള മികച്ച അവസരമാകും.
കുട്ടികളെ ഈ നേട്ടത്തിലേക്ക് നയിച്ച കോച്ച് സായ് സരണ്യ, പബ്ലിക് റിലേഷൻസ് ഓഫീസറും കോമ്പറ്റീഷൻ കോർഡിനേറ്ററുമായ സൈനബ് ഹൈദർ എന്നിവരെയും സ്കൂൾ അധികൃതർ പ്രത്യേകം അഭിനന്ദിച്ചു. വൈസ് പ്രിൻസിപ്പൽ സുബി ഷാഹിർ, ഗേൾസ് സെക്ഷൻ ഹെഡ്മിസ്ട്രസ് നിക്കത്ത് അഞ്ജും, മറ്റു അധ്യാപകർ എന്നിവർ വിദ്യാർഥിനികളുടെ നേട്ടത്തിൽ അഭിമാനം പ്രകടിപ്പിച്ചു. കുട്ടികളുടെ കഴിവുകൾ പരിപോഷി പ്പിക്കുന്നതിനും നൂതനാശയങ്ങളെ പ്രായോഗികവത്കരിക്കാനും ഇത്തരം വേദികളിലെ പങ്കാളിത്തം നിർണായക മാണെന്ന് അവർ അഭിപ്രായപ്പെട്ടു.
ഫൈനൽ മത്സരത്തിൽ മെഹ്റിനും ശ്രീഹക്കും ഉജ്ജ്വല വിജയം കൈവരിക്കാൻ സാധിക്കട്ടെയെന്ന് മിഡിൽ ഈസ്റ്റ് ഇന്റർനാഷനൽ സ്കൂൾ വിദ്യാർഥികളും ആശംസിച്ചു.

