റിയാദ് മെട്രോ: ഓറഞ്ച് ലൈനിൽ രണ്ട് സ്റ്റേഷനുകൾ കൂടി തുറന്നു
text_fieldsറിയാദ്: ആറ് ട്രാക്കുകളും അതിൽ 190 ട്രെയിനുകളുമായി സൗദി തലസ്ഥാന നഗരത്തിെൻറ മുക്കുമൂലകളെ ബന്ധിപ്പിക്കുന്ന റിയാദ് മെട്രോയിൽ അവശേഷിച്ച സ്റ്റേഷനുകളിൽ രണ്ടെണ്ണം കൂടി പ്രവർത്തനം ആരംഭിച്ചു. ഓറഞ്ച് ലൈനിൽ അൽ ഹില്ലാ (മർഖബ്), ഫസ്റ്റ് ഇൻഡസ്ട്രിയൽ സിറ്റി (ഓൾഡ് സനാഇയ) സ്റ്റേഷനുകളാണ് ചൊവ്വാഴ്ച തുറന്നത്. ഇതോടെ ഈ ലൈനിൽ പ്രവർത്തിക്കുന്ന സ്റ്റേഷനുകളുടെ എണ്ണം ഒമ്പതായി. ഇനി 13 സ്റ്റേഷനുകൾ കൂടിയാണ് ഇതേ ലൈനിൽ തുറക്കാനുള്ളത്. അവസാനം പ്രവർത്തനം ആരംഭിച്ച ട്രാക്കാണ് ഓറഞ്ച്. ഈ ലൈനിൽ മാത്രമേ പ്രവർത്തനം ആരംഭിക്കാത്ത സ്റ്റേഷനുകൾ ബാക്കിയുള്ളൂ.
നഗരത്തിെൻറ പടിഞ്ഞാറ്, െതക്ക് അറ്റങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഏറ്റവും ദൈർഘ്യമുള്ള ട്രാക്കാണ് ഓറഞ്ച്. ആറ് ട്രാക്കുകളിൽ ദൈർഘ്യത്തിൽ ഒന്നാം സ്ഥാനത്താണ് ഇത്. ആകെ 41 കിലോമീറ്ററാണുള്ളത്. 22 സ്റ്റേഷനുകളും. ജിദ്ദ റോഡ്, തുവൈഖ്, അദ്ദൗവ്, ദഹ്റത് അൽ ബദീഅ, അൽ ജറാദ്ദിയ, അൽ ഹില്ലാ, ഫസ്റ്റ് ഇൻഡസ്ട്രിയൽ സിറ്റി, ഹാറൂൺ അൽ റഷീദ് റോഡ്, നസീം എന്നിവയാണ് നിലവിൽ തുറന്നിട്ടുള്ളത്. ഇതിൽ ചൊവ്വാഴ്ച തുറന്ന രണ്ട് സ്റ്റേഷനുകളും നഗര കേന്ദ്രമായ ബത്ഹയോട് ചേർന്നുള്ളതാണ്.

