റിയാദ് മെട്രോ ഇനി ദറഇയ ഗേറ്റിലേക്കും; റെഡ് ലൈൻ 8.4 കിലോമീറ്റർ കൂടി നീട്ടും
text_fieldsറിയാദ്: സൗദി തലസ്ഥാനത്തെ ഗതാഗത ശൃംഖലയിൽ വൻ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് റിയാദ് മെട്രോയുടെ ‘റെഡ് ലൈൻ’ ദറഇയ ഗേറ്റ് വരെ വിപുലീകരിക്കുന്നു. 8.4 കിലോമീറ്റർ നീളത്തിൽ നിർമിക്കുന്ന പുതിയ പാതയുടെ രൂപകൽപന, നിർമാണം, പൂർത്തീകരണം എന്നിവക്കുള്ള കരാറുകൾ നൽകിയതായി റിയാദ് സിറ്റി റോയൽ കമീഷൻ (ആർ.സി.ആർ.സി) പ്രഖ്യാപിച്ചു. കിങ് സഊദ് യൂനിവേഴ്സിറ്റിൽനിന്ന് ദറഇയ ഗേറ്റ് വരെ നിർമിക്കുന്ന ഈ ലൈനിൽ അഞ്ച് പുതിയ സ്റ്റേഷനുകൾ ഉണ്ടാവും. ആറ് വർഷത്തിനുള്ളിൽ ഈ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയ പാതയിൽ അഞ്ച് സ്റ്റേഷനുകൾ കെ.എസ്.യു മെഡിക്കൽ സിറ്റി, കെ.എസ്.യു വെസ്റ്റ്, ദറഇയ ഈസ്റ്റ്, ദറഇയ സെൻട്രൽ, ദറഇയ സൗത്ത് എന്നിവയാണ്. ഇതിൽ ആദ്യത്തെ രണ്ടെണ്ണം കിങ് സഊദ് യൂനിവേഴ്സിറ്റി കാമ്പസിനുള്ളിലാണ്. ഇതിൽ ആദ്യത്തേത് മെഡിക്കൽ സിറ്റിക്കും ഹെൽത്ത് കോളേജുകൾക്കും വേണ്ടിയുള്ളതാണ്. രണ്ടാമത്തേത് സർവകലാശാലയുടെ പ്രധാന കാമ്പസിന് സേവനം നൽകും.
ബാക്കി മൂന്ന് സ്റ്റേഷനുകൾ ചരിത്രപ്രധാനമായ ദറഇയയിലാണ് സജ്ജീകരിക്കുന്നത്. ഭാവിയിൽ റിയാദ് മെട്രോയിൽ നിർമിക്കുന്ന ഏഴാമത്തെ റൂട്ടുമായി ബന്ധിപ്പിക്കാവുന്ന വിധത്തിലാണ് ഇതിലൊരു സ്റ്റേഷൻ വിഭാവനം ചെയ്തിരിക്കുന്നത്. ദറഇയ ഗേറ്റ് വികസന പദ്ധതിയുടെ ഭാഗമായ ഈ സ്റ്റേഷനുകൾ അൽതുറൈഫ്, അൽബുജൈരി ഡിസ്ട്രിക്സ്, ഓപ്പറ ഹൗസ് എന്നിവയുമായി നേരിട്ട് ബന്ധിപ്പിക്കും. ഇത് സഞ്ചാരികൾക്കും താമസക്കാർക്കും ഏറെ പ്രയോജനകരമാകും.
ഈ വിപുലീകരണം പൂർത്തിയാകുന്നതോടെ കിഴക്കന്ന് ബഗ്ലഫിലെ കിങ് ഫഹദ് സ്‌പോർട്‌സ് സിറ്റിയിൽനിന്നും പടിഞ്ഞാറ് ദറഇയ ഡൗൺടൗണിലേക്ക് വെറും 40 മിനിറ്റുകൊണ്ട് എത്താനാകും. നഗരത്തിലെ തിരക്ക് കുറയ്ക്കാൻ ഇത് വലിയ പങ്കുവഹിക്കുമെന്ന് റിയാദ് സിറ്റി റോയൽ കമീഷൻ സി.ഇ.ഒ എൻജി. ഇബ്രാഹിം അൽസുൽത്താൻ പറഞ്ഞു.
പുതിയ ലൈൻ പ്രവർത്തനക്ഷമമാകുന്നതോടെ റിയാദിലെ റോഡുകളിൽനിന്ന് പ്രതിദിനം ഒന്നര ലക്ഷം കാറുകൾ കുറയുമെന്നാണ് കണക്കാക്കുന്നത്. ഇത് നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും പരിസ്ഥിതി സൗഹൃദമായ യാത്ര ഒരുക്കാനും സഹായിക്കും. സൽമാൻ രാജാവിന്റെ ഭരണത്തിന് കീഴിൽ, കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ‘വിഷൻ 2030’-ന്റെ ഭാഗമായി ഈ പദ്ധതി നടപ്പാക്കുന്നത്. 2024 നവംബറിൽ പ്രവർത്തനം ആരംഭിച്ച റിയാദ് മെട്രോ ഇന്ന് നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട പൊതുഗതാഗത മാർഗമായി മാറിക്കഴിഞ്ഞു.
പദ്ധതിയുടെ സവിശേഷതകൾ:
കിങ് സഊദ് യൂനിവേഴ്സിറ്റി -ദറഇയ ഗേറ്റ്: 8.4 കിലോമീറ്റർ.
7.1 കിലോമീറ്റർ ഭൂഗർഭ തുരങ്കത്തിലൂടെയും 1.3 കിലോമീറ്റർ എലിവേറ്റഡ് ട്രാക്കിലൂടെയും അഞ്ച് പുതിയ സ്റ്റേഷനുകൾ.
നഗരത്തിലെ പ്രധാന സാംസ്‌കാരിക, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുകയാണ്പദ്ധതി ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

