റിയാദ് മെട്രോ: ബത്ഹയിലേത് ഉൾപ്പെടെ അഞ്ച് സ്റ്റേഷനുകൾ കൂടി തുറന്നു
text_fieldsചൊവ്വാഴ്ച പ്രവർത്തനമാരംഭിച്ച ബത്ഹയിലെ നാഷനൽ മ്യൂസിയം സ്റ്റേഷൻ
റിയാദ് മെട്രോ: ബത്ഹയിലേത് ഉൾപ്പെടെ അഞ്ച് സ്റ്റേഷനുകൾ കൂടി തുറന്നുറിയാദ്: ബത്ഹയിലേത് ഉൾപ്പെടെ അഞ്ച് മെട്രോ സ്റ്റേഷനുകൾ കൂടി തുറന്നതായി റിയാദ് പബ്ലിക് ട്രാൻസ്പോർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാവിലെ ആറിനാണ് ബ്ലൂ ലൈനിലുള്ള ബത്ഹയിലെ നാഷനൽ മ്യൂസിയം, അൽ ബത്ഹ സ്റ്റേഷനുകൾ പ്രവർത്തനമാരംഭിച്ചത്. ഇതേ ലൈനിലെ തന്നെ അൽ വുറൂദ് (രണ്ട്) സ്റ്റേഷനും ഓറഞ്ച് ലൈനിലെ ദഹ്റത് അൽ ബദീഅ, അൽ ജറാദിയ എന്നീ സ്റ്റേഷനുകളും ഇതോടൊപ്പം തുറന്നിട്ടുണ്ട്.
ഗ്രീൻ, ബ്ലൂ ലൈനുകൾ സന്ധിക്കുന്ന ജങ്ഷനാണ് റിയാദ് നാഷനൽ മ്യൂസിയം സ്റ്റേഷൻ. ഇതോടു ചേർന്ന് ബസ് ടെർമിനൽ കൂടിയുണ്ടെങ്കിലും നിർമാണം പൂർത്തിയായിട്ടില്ല. വരും ദിവസങ്ങളിൽതന്നെ അതും പ്രവർത്തനമാരംഭിക്കും. അതോടെ ട്രെയിൻ യാത്രക്കാർക്ക് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബസ് സർവിസുകളും ഉപയോഗപ്പെടുത്താനാവും. 38 കി.മീ ദൈർഘ്യമുള്ള ബ്ലൂ ലൈനിലെ ആകെ 25 സ്റ്റേഷനുകളിൽ 21 സ്റ്റേഷനുകളാണ് നേരത്തേ തുറന്നത്. ഇപ്പോൾ മൂന്നെണ്ണം കൂടി ആരംഭിച്ചു. ഇനി ബാക്കിയുള്ളത് ബത്ഹയോട് ചേർന്നുള്ള ദീരയിലെ ഖസർ അൽ ഹുകും സ്റ്റേഷനാണ്. ബ്ലൂ, ഓറഞ്ച് ലൈനുകൾ സന്ധിക്കുന്ന ജങ്ഷനാണിത്. ഇതടക്കം ഓറഞ്ച് ലൈനിൽ ഇനി 15 സ്റ്റേഷനുകൾ കൂടി തുറക്കാനുണ്ട്. റിയാദ് മെട്രോയിലെ ആറ് ലൈനുകളിലും കൂടി പ്രവർത്തനം തുടങ്ങാൻ ഇനി അവശേഷിക്കുന്നത് ഇവ മാത്രമാണ്.
നവംബർ 27ന് സൗദി ഭരണാധികാരി സൽമാൻ രാജാവ് ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച റിയാദ് മെട്രോയിൽ ഗതാഗതം ആരംഭിച്ചത് ഡിസംബർ ഒന്ന് മുതലാണ്. ബ്ലൂ, യെല്ലോ, പർപ്പിൾ എന്നീ മൂന്ന് ട്രാക്കുകളിലാണ് ആദ്യം സർവിസ് ആരംഭിച്ചത്. ഡിസംബർ 15ഓടെ റെഡ്, ഗ്രീൻ ട്രാക്കുകളിലും സർവിസ് തുടങ്ങി. ജനുവരി അഞ്ചിന് ഓറഞ്ച് ട്രാക്കിലും സർവിസ് ആരംഭിച്ചതോടെ റിയാദ് മെട്രോ പദ്ധതി പൂർണമായെങ്കിലും സ്റ്റേഷനുകൾ തുറക്കാൻ ബാക്കിയുണ്ടായിരുന്നു. ആകെ 176 കി.മീ ദൈർഘ്യമുള്ള ആറ് ലൈനുകളിലും കൂടി മൊത്തം 85 സ്റ്റേഷനുകളാണുള്ളത്. അതിൽ ഇനി തുറക്കാൻ ബാക്കിയുള്ളത് 15 എണ്ണമാണ്. ആകെ 452 വാഗണുകൾ അടങ്ങുന്ന 190 ട്രെയിനുകളാണ് ആറ് ലൈനുകളിലും കൂടി സർവിസ് നടത്തുന്നത്.

