ഗിന്നസ് റെക്കോഡിൽ ഇടംനേടി റിയാദ് മെട്രോ
text_fieldsറിയാദ്: ലോകത്തിലെ ഏറ്റവും നീളം കൂടിയ ഡ്രൈവറില്ലാ മെട്രോ ശൃംഖല എന്ന നിലയിൽ റിയാദ് മെട്രോ ഗിന്നസ് ബുക്കിൽ ഇടംനേടി. 176 കിലോമീറ്റർ നീളമുള്ള ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ പൂർണമായും ഡ്രൈവറില്ലാ ട്രെയിൻ ശൃംഖല എന്ന റെക്കോഡാണ് കരസ്ഥമാക്കിയത്. മെട്രോ ട്രെയിൻ രംഗത്തെ ഏറ്റവും അത്യാധുനിക സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ശൃംഖലയാണ് റിയാദ് മെട്രോ.
സൗദി ഭരണകൂടത്തിനും റിയാദ് സിറ്റി റോയൽ കമീഷനും പദ്ധതി നടപ്പാക്കുന്നതിൽ പങ്കാളികളായ മുഴുവനാളുകൾക്കും അഭിമാനമായ നേട്ടമാണിത്. സുസ്ഥിര നഗര ഗതാഗത ആശയങ്ങൾക്കായുള്ള സൗദിയുടെ പരിശ്രമത്തെയും ആധുനികവും നൂതനവുമായ അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുന്നതിൽ നവീകരണത്തിനും വികസനത്തിനുമുള്ള പ്രതിബദ്ധതയെയും ഇത് പ്രതിഫലിപ്പിക്കുന്നു.
തലസ്ഥാനത്തെ ജീവിത നിലവാരം ഉയർത്തുന്നതിനും ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഇത് സംഭാവന ചെയ്യുന്നു. റിയാദ് മെട്രോ റിയാദ് പൊതുഗതാഗത പദ്ധതിയുടെ ഭാഗമാണ്. ആറ് ലൈനുകളും 85 സ്റ്റേഷനുകളുമാണുള്ളത്.
അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. ഡ്രൈവർ ഇല്ലാതെയാണ് ഈ ട്രെയിനുകൾ ഓടുന്നത്. കൃത്യമായ നിരീക്ഷണം സാധ്യമാക്കുന്നതിനും ഉയർന്ന നിലവാരത്തിലുള്ള സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കുന്നതിനും വിപുലമായ സവിശേഷതകളുള്ള സെൻട്രൽ കൺട്രോൾ റൂമുകളുണ്ട്. അവിടെനിന്നാണ് മെട്രോയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

