ഈദ് അവധി പ്രമാണിച്ച് റിയാദ് മെട്രോ, ബസ് സർവിസ് സമയം പുനഃക്രമീകരിച്ചു
text_fieldsറിയാദ്: ഈദുൽ ഫിത്വർ അവധിക്കാലത്ത് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് റിയാദിലെ പൊതുഗതാഗത സേവനങ്ങളുടെ പുതുക്കിയ പ്രവർത്തന സമയം റിയാദ് സിറ്റി റോയൽ കമീഷൻ പ്രഖ്യാപിച്ചു.താമസക്കാർക്കും സന്ദർശകർക്കും ഈദ് ദിനങ്ങളിൽ സുഗമമായ യാത്ര ഉറപ്പാക്കുന്നതിനാണ് ഈ മാറ്റങ്ങൾ. ഈദ് ആഘോഷങ്ങളുടെ ഭാഗമായി റിയാദ് മെട്രോയുടെ സേവനങ്ങളിൽ പ്രത്യേക ക്രമീകരണങ്ങളാണ് വരുത്തിയിരിക്കുന്നത്. മാർച്ച് 20 മുതൽ 23 വരെയുള്ള ദിവസങ്ങളിൽ രാവിലെ 11 മുതൽ അർധരാത്രി 12 വരെ റിയാദ് മെട്രോ സർവീസ് നടത്തുമെന്ന് കമീഷൻ അറിയിച്ചു. മെട്രോ ശൃംഖലയെ പ്രധാന ഗതാഗത മാർഗമായി ഉപയോഗിക്കുന്നവർക്ക് ഈ സമയക്രമം ഏറെ സഹായകരമാകും.
മെട്രോക്ക് പുറമെ ബസ് സർവീസുകളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മാർച്ച് 20-ന് റിയാദ് ബസുകൾ രാവിലെ 6.30 മുതൽ അർധരാത്രി 12 വരെ സർവീസ് നടത്തും. മാർച്ച് 21 മുതൽ 23 വരെയുള്ള ദിവസങ്ങളിൽ പ്രവർത്തന സമയം വർധിപ്പിക്കുകയും രാവിലെ അഞ്ച് മുതൽ അർധരാത്രി വരെ സർവീസുകൾ ലഭ്യമാക്കുകയും ചെയ്യും. കൂടാതെ, യാത്രാസൗകര്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ഓൺ-ഡിമാൻഡ് ബസ് സർവീസുകളും സജ്ജമാക്കിയിട്ടുണ്ട്. മാർച്ച് 20 മുതൽ 23 വരെ രാവിലെ 10.30 മുതൽ അർധരാത്രി 12.30 വരെയായിരിക്കും ഈ സർവീസുകൾ പ്രവർത്തിക്കുക.
അവധിക്കാലത്ത് യാത്രക്കാർക്ക് കൂടുതൽ ഓപ്ഷനുകൾ നൽകുന്നതിനും ഗതാഗതക്കുരുക്ക് ഒഴിവാക്കി വേഗത്തിൽ ലക്ഷ്യസ്ഥാനങ്ങളിൽ എത്തുന്നതിനും ഈ പുതിയ ക്രമീകരണങ്ങൾ സഹായിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

