റിയാദ് മീഡിയ ഫോറം അത്താഴ സംഗമം
text_fieldsറിയാദ് മീഡിയ ഫോറം സംഘടിപ്പിച്ച അത്താഴ സംഗമത്തില്‍ മോട്ടോ ഫോം ഇന്ത്യ ചെയര്മാന് മാത്യു ജോസഫ് സംസാരിക്കുന്നു
റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം അത്താഴ വിരുന്ന് സംഘടിപ്പിച്ചു. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം മുഖ്യ രക്ഷാധികാരി അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. മനസ്സു ശുദ്ധീകരിക്കാനും മനുഷ്യ മനസ്സിനെ കൂടുതല്‍ അടുപ്പിക്കാനും പരിശീലനം നല്കുന്ന മാസമാണ് റമദാനെന്ന് അദ്ദേഹം പറഞ്ഞു. ആത്മീയ ചൈതന്യം നേടുന്നതോടൊപ്പം സ്നേഹത്തോടെ മറ്റുള്ളവരെ ചേര്‍ത്തുപിടിക്കാനും റമദാന് സംഗമങ്ങള്‍ക്ക് കഴിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസിഡൻറ് ഷംനാദ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. മോട്ടോ ഫോം ഇന്ത്യ ചെയർമാൻ മാത്യു ജോസഫ് മുഖ്യാതിഥിയായിരുന്നു. അക്കാദമിക് കൺവീനർ വി.ജെ. നസ്റുദ്ദീൻ റമദാൻ സന്ദേശം നൽകി. നജിം കൊച്ചുകലുങ്ക് ആമുഖ പ്രഭാഷണം നടത്തി. ഷിബു ഉസ്മാൻ, ജയൻ കൊടുങ്ങല്ലൂർ, കനകലാൽ, സത്താർ കായംകുളം എന്നിവർ സംസാരിച്ചു. ഷെഫീഖ് കിനാലൂർ, നാദിർഷ റഹ്മാൻ, മുജീബ് താഴത്തതിൽ, ബാബു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ചീഫ് കോഓഡിനേറ്റർ നൗഫൽ പാലക്കാടൻ സ്വാഗതവും ട്രഷറർ ജലീൽ ആലപ്പുഴ നന്ദിയും പറഞ്ഞു.

