ആവേശം വിതറി റിയാദ് മാരത്തൺ: ആയിരങ്ങൾ പങ്കുചേർന്നു
text_fieldsറിയാദ് മാരത്തണ്ണിൽനിന്നുള്ള കാഴ്ചകൾ
റിയാദ്: സൗദി അറേബ്യയുടെ കായിക ഭൂപടത്തിൽ പുതിയ ചരിത്രം കുറിച്ച് അഞ്ചാമത് റിയാദ് മാരത്തൺ വിജയകരമായി നടന്നു. ശനിയാഴ്ച റിയാദിലെ അമീറ നൂറ ബിൻത് അബ്ദുറഹ്മാൻ യൂനിവേഴ്സിറ്റി കാമ്പസ് കേന്ദ്രമാക്കി നടന്ന മത്സരത്തിൽ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇരുപതിനായിരത്തിലധികം കായിക പ്രേമികളാണ് പങ്കെടുത്തത്.
സൗദി സ്പോർട്സ് ഫോർ ഓൾ ഫെഡറേഷെൻറ (എസ്.എഫ്.എ) ആഭിമുഖ്യത്തിൽ നടന്ന മത്സരത്തിന് ശനിയാഴ്ച രാവിലെ 6.20ന് എലൈറ്റ് റണ്ണേഴ്സിെൻറ വിഭാഗത്തോടെയാണ് തുടക്കമായത്. വേൾഡ് അത്ലറ്റിക്സ് എലൈറ്റ് റോഡ് റേസ് അംഗീകാരമുള്ള ഈ മത്സരത്തിൽ 125ലധികം രാജ്യങ്ങളിൽ നിന്നുള്ള അത്ലറ്റുകൾ മാറ്റുരച്ചു.മാരത്തണിൽ നാല് വ്യത്യസ്ത വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. 42.2 കിലോമീറ്ററുള്ള പ്രധാന മത്സരമായ ഫുൾ മാരത്തൺ രാവിലെ 6.25ന് ആരംഭിച്ചു. 21.1 കിലോമീറ്റർ വിഭാഗത്തിൽ ഹാഫ് മാരത്തണിൽ നിരവധി പ്രഫഷനൽ അത്ലറ്റുകൾ പങ്കെടുത്തു. 10 കി.മീ ഓട്ടം രാവിലെ ഒമ്പതിന് ആരംഭിച്ചു. ഈ വിഭാഗത്തിൽ മികച്ച പങ്കാളിത്തമാണുണ്ടായത്. കുടുംബങ്ങൾക്കും കുട്ടികൾക്കുമായി പ്രത്യേകം സംഘടിപ്പിച്ച അഞ്ച് കി.മീ ഫൺ റൺ വിഭാഗത്തിൽ നൂറുകണക്കിന് പേർ ആവേശത്തോടെ പങ്കുചേർന്നു.
മാരത്തൺ വില്ലേജ്:
മത്സരത്തോടനുബന്ധിച്ച് നാല് ദിവസമായി പ്രവർത്തിച്ചിരുന്ന മാരത്തൺ വില്ലേജ് ശനിയാഴ്ച ഉച്ചക്ക് മൂന്നോടെ സമാപിച്ചു. സംഗീത പരിപാടികൾ, ഫിറ്റ്നസ് ക്ലാസുകൾ, ഭക്ഷ്യ സ്റ്റാളുകൾ എന്നിവയാൽ സജീവമായിരുന്നു വില്ലേജ്.
റിയാദ് നഗരത്തിലെ പ്രധാന റോഡുകളിൽ ശനിയാഴ്ച പുലർച്ചെ മുതൽ ഏർപ്പെടുത്തിയിരുന്ന ഗതാഗത നിയന്ത്രണങ്ങൾ ഉച്ചയോടെ നീക്കിത്തുടങ്ങി. മെട്രോ സർവിസുകൾ ഉപയോഗപ്പെടുത്തിയാണ് ഭൂരിഭാഗം ആളുകളും മത്സരസ്ഥലത്തെത്തിയത്. വിജയികൾക്കുള്ള ഔദ്യോഗിക സമ്മാന വിതരണ ചടങ്ങ് ശനിയാഴ്ച ഉച്ചക്ക് അമീറ നൂറ ബിൻത് അബ്ദുറഹ്മാൻ യൂനിവേഴ്സിറ്റി കാമ്പസിൽ നടന്നു. മത്സരത്തിെൻറ ഫലങ്ങൾ ഞായറാഴ്ച www.riyadhmarathon.org എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

