പ്രവാസ ലോകത്ത് ആത്മഹത്യയും ലഹരി ഉപയോഗവും വർദ്ധിക്കുന്നു; ആശങ്ക രേഖപ്പെടുത്തി റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്
text_fieldsറിയാദ്: പ്രവാസി മലയാളികൾക്കിടയിൽ, പ്രത്യേകിച്ച് ചെറുപ്പക്കാരായ യുവാക്കളിൽ ആത്മഹത്യകളും ലഹരി ഉപയോഗവും വർദ്ധിച്ചുവരുന്നത് വലിയ ആശങ്ക സൃഷ്ടിക്കുന്നതായി റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് പ്രസ്താവനയിൽ അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം വെൽഫെയർ വിങ്ങിെൻറ ഇടപെടലിലൂടെ അഞ്ച് ആത്മഹത്യാ കേസുകൾ കൈകാര്യം ചെയ്യേണ്ടിവന്നത് പ്രവാസി സമൂഹത്തിലെ ഗുരുതരമായ മാനസിക-സാമൂഹിക പ്രതിസന്ധിയെയാണ് ചൂണ്ടിക്കാണിക്കുന്നത്. ഇത്തരം സംഭവങ്ങൾ വർദ്ധിക്കുന്നത് സമൂഹം ഗൗരവമായി കാണണമെന്നും കൃത്യസമയത്ത് മാനസിക പിന്തുണ ലഭ്യമാക്കേണ്ടത് അനിവാര്യമാണെന്നും ഭാരവാഹികൾ പറഞ്ഞു.
തൊഴിൽപരമായ അമിത സമ്മർദ്ദം, പ്രതീക്ഷിച്ച വരുമാനം ലഭിക്കാത്തതിനെ തുടർന്നുള്ള സാമ്പത്തിക ബാധ്യതകൾ, ജോലി നഷ്ടപ്പെടുമോ എന്ന ഭയം, കുടുംബത്തിൽ നിന്നകന്നുള്ള കടുത്ത ഒറ്റപ്പെടൽ എന്നിവയാണ് പ്രവാസികളെ മാനസികമായി തളർത്തുന്നത്. ഏകാന്തതയും മാനസിക പിരിമുറുക്കവും മറികടക്കാനെന്ന വ്യാജേന തുടക്കമിടുന്ന ലഹരി ഉപയോഗം പിന്നീട് കടുത്ത അടിമത്തത്തിലേക്ക് നയിക്കുകയും, വിഷാദരോഗം രൂക്ഷമാക്കി വ്യക്തികളെ ആത്മഹത്യാ ചിന്തകളിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
ഇത്തരം മാനസിക ബുദ്ധിമുട്ടുകളോ ലഹരി അടിമത്തമോ ഉള്ളവർ അത് പുറത്തുപറയാനോ കൃത്യസമയത്ത് ചികിത്സയും കൗൺസിലിങ്ങും തേടാനോ മടിക്കുന്നത് സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നു. സമീപകാലത്തായി മലയാളികൾക്കിടയിൽ ലോൺ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകൾ വ്യാപകമാണ്. ഇത്തരം ചതികുഴികളിൽ അകപ്പെട്ട് പണം നഷ്ടപ്പെടുന്നവർ അവസാനം ആത്മഹത്യ ചെയ്യുന്ന പ്രവണതയും കണ്ടുവരുന്നുണ്ട്.
ഗൾഫ് നാടുകളിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് കഠിനമായ ശിക്ഷാ നടപടികളാണ് നിലവിലുള്ളതെന്നും, അതിനാൽ ലഹരി മാഫിയകളുടെ കെണിയിൽപ്പെടാതിരിക്കാൻ ഓരോ പ്രവാസിയും അതീവ ജാഗ്രത പാലിക്കണമെന്നും വെൽഫെയർ വിങ് ഓർമിപ്പിച്ചു.
കടുത്ത മാനസിക വിഷമങ്ങളോ ലഹരിയിൽ നിന്നുള്ള മോചനമോ ആഗ്രഹിക്കുന്നവർ പ്രശ്നങ്ങൾ ഒറ്റയ്ക്ക് അനുഭവിക്കാതെ ബന്ധപ്പെട്ട ഹെൽപ്പ് ലൈനുകളെയോ കൗൺസിലിങ് കേന്ദ്രങ്ങളെയോ സമീപിക്കണം. ജോലി കഴിഞ്ഞുള്ള സമയം മുറികളിൽ ഒറ്റയ്ക്കിരിക്കാതെ സാംസ്‌കാരിക, സാമൂഹിക കൂട്ടായ്മകളിൽ പങ്കാളികളാകാനും, ഒപ്പം താമസിക്കുന്നവരിലോ ജോലി ചെയ്യുന്നവരിലോ പെട്ടെന്നുണ്ടാകുന്ന പെരുമാറ്റമാറ്റങ്ങളും നിരാശയും ശ്രദ്ധയിൽപ്പെട്ടാൽ അവരെ ചേർത്തുപിടിക്കാനും എല്ലാവരും തയാറാകണം.
ആത്മഹത്യയോ ലഹരി ഉപയോഗമോ ഒന്നിനും പരിഹാരമല്ലെന്നും, ഒരു നിമിഷത്തെ അബദ്ധം സ്വന്തം ജീവിതവും കുടുംബത്തിെൻറ ഭാവിയും തകർക്കുമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു. കടുത്ത നിയമനടപടികളും ജയിൽവാസവും ഒഴിവാക്കാൻ ലഹരിയിൽ നിന്ന് അകന്നുനിൽക്കണമെന്നും, ഏതു പ്രതിസന്ധി ഘട്ടത്തിലും ആശ്വാസവും നിയമ-സാമൂഹിക മാർഗനിർദേശങ്ങളുമായി റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് പ്രവാസികൾക്കൊപ്പം ഉണ്ടാകുമെന്നും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

