Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദിൽ കാൽലക്ഷം പേരെ...

റിയാദിൽ കാൽലക്ഷം പേരെ അംഗങ്ങളാക്കുമെന്ന്​ കെ.എം.സി.സി

text_fields
bookmark_border
റിയാദിൽ കാൽലക്ഷം പേരെ അംഗങ്ങളാക്കുമെന്ന്​ കെ.എം.സി.സി
cancel
camera_alt

കെ.എം.സി.സി തെരഞ്ഞെടുപ്പ് സമിതി റിയാദിൽ വാർത്താസമ്മേളനം നടത്തുന്നു

റിയാദ്​: സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി മെമ്പർഷിപ്പ് കാമ്പയിൻ (2022-2025) റിയാദിൽ ഊർജിതമായി നടക്കുകയാണെന്ന്​ മുസ്​ലിം ലീഗ് സംസ്ഥാന സമിതി നിയോഗിച്ച തെരഞ്ഞെടുപ്പ് സമിതി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇത്തവണ കാൽ ലക്ഷം പേരെ അംഗങ്ങളാക്കാനാണ് കമ്മിറ്റി ലക്ഷ്യമിടുന്നതെന്ന് സമിതിയംഗങ്ങൾ പറഞ്ഞു.

റിയാദിൽ മെമ്പർഷിപ്പ് കാമ്പയിൻ നടത്തി കമ്മിറ്റികൾ രൂപവത്​കരിക്കുന്നതിനാണ്​ അഞ്ചംഗ സമിതിയെ മുസ്​ലിം ലീഗ് സംസ്ഥാന കമ്മിറ്റി നിയോഗിച്ചത്​. മെമ്പർഷിപ്പ് പ്രവർത്തനം പൂർത്തിയാക്കി മെയ് 15 മുതൽ ജൂലൈ 30 വരെയുള്ള കാലയളവിൽ മണ്ഡലം, ജില്ലാ കമ്മിറ്റികളുടെ രൂപവത്​കരണം നടക്കും. തുടർന്ന് സെൻട്രൽ കമ്മിറ്റി നിലവിൽ വരും. മൂന്ന് വർഷമായിരിക്കും അംഗത്വ കാലാവധി. ഓൺലൈൻ വഴിയും അംഗത്വം എടുക്കാവുന്നതാണെന്ന്​ ഭാരവാഹികൾ പറഞ്ഞു. ഇതിനായി http://www.mykmcc.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ നൽകാം.

അതത് മണ്ഡലം കമ്മിറ്റികൾ അപേക്ഷ പരിശോധിച്ച ശേഷമായിരിക്കും അംഗത്വം നൽകുക. റിയാദ് സെൻട്രൽ കമ്മിറ്റിയുടെയും വിവിധ ജില്ലാ മണ്ഡലം, ഏരിയ കമ്മിറ്റികളുടെയും നേതൃത്വത്തിൽ നിരവധി ജീവകാരുണ്യ പ്രവത്തനങ്ങളാണ് റിയാദിൽ നടക്കുന്നതെന്ന്​ ഭാരവാഹികൾ പറഞ്ഞു. 2020 മുതൽ നടപ്പാക്കിയ സുരക്ഷാ പദ്ധതിക്ക് കീഴിൽ 10 ലക്ഷം രൂപയാണ്, അംഗമായിരിക്കെ മരണപ്പെടുന്ന പ്രവാസിയുടെ കുടുംബത്തിന് നൽകുന്നത്. ജാതി, മത ഭേദമന്യേ ഇതിന്‍റെ ആനുകൂല്യം ലഭിച്ചിട്ടുണ്ട്.

കോവിഡ് കാലത്ത് റിയാദ് കമ്മിറ്റി നിരവധിയാളുകൾക്ക്​ ആശ്വാസകരമായി ധാരാളം പ്രവർത്തനങ്ങൾ നടത്തി. കോവിഡ് ബാധിതരെ ആശുപത്രിയിലെത്തിക്കുകയും അവർക്ക് ആശ്വാസമാകുന്ന രീതിയിൽ മാനസിക പിന്തുണയും ചികിത്സ സൗകര്യങ്ങളും ലഭ്യമാക്കുകയും ഭക്ഷ്യ-മരുന്ന് വിതരണം, ചാർട്ടേഡ് വിമാന സേവനം, കോവിഡ് ബാധിച്ചും അല്ലാതെയും മരിച്ചവരുടെ മൃതദേഹങ്ങൾ മറവ് ചെയ്യുക തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്​. വെൽഫെയർ വിങ് സൗദിയിൽ മരിക്കുന്നവരുടെ മൃതദേഹം മറവ് ചെയ്യുന്നതിനും നാട്ടിലെത്തിക്കുന്നതിനും സജീവമായി പ്രവർത്തിക്കുന്നു. നിയമപ്രശ്നങ്ങളിൽപ്പെട്ട് പ്രയാസപ്പെടുന്നവർക്കും രോഗികൾക്കും ആവശ്യമായ സഹായങ്ങളും നൽകുന്നു.

വിദ്യാർഥികളുടെ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനായി വിവിധ ഇന്ത്യൻ സ്‌കൂളുകളെ പങ്കെടുപ്പിച്ച് സ്‌കൂൾ ഫെസ്റ്റുകളടക്കം വിവിധ പരിപാടികൾ സംഘടിപ്പിക്കാനായി. ഫുട്​ബാൾ ടൂർണമെന്‍റുകൾ, ഇന്‍റർനാഷനൽ ബാഡ്മിന്‍റൺ ടൂർണമെന്‍റ്​, വോളിബാൾ ടൂർണമെന്‍റ്​ തുടങ്ങിയ പരിപാടികളും നടത്തി. 'ബൈത്തു റഹ്​മ' എന്ന പേരിൽ നിർധനർക്ക്​ വീടുവെച്ചു നൽകി. നാട്ടിൽ പ്രവർത്തിക്കുന്ന സി.എച്ച് സെന്‍ററുകൾക്ക് ഏകീകൃത ഫണ്ട് സമാഹരണം വഴി വർഷം തോറും വലിയൊരു തുക സഹായമെത്തിക്കാനും കമ്മിറ്റിക്ക് കഴിഞ്ഞു. അംഗത്വ കാമ്പയിന്‍റെ ഭാഗമായി ഈ മാസം 11ന് ജില്ലാ, മണ്ഡലം, ഏരിയാ ഭാരവാഹികളെയും പ്രധാന പ്രവർത്തകരെയും ഉൾപ്പെടുത്തി വിപുലമായ കൺവെൻഷൻ നടക്കും. വാർത്താസമ്മേളനത്തിൽ ഉപസമിതി അംഗങ്ങളായ സി.പി. മുസ്തഫ (റിയാദ് കെ.എം.സി.സി പ്രസിഡന്‍റ്​), കബീർ വൈലത്തൂർ (അക്ടിങ് സെക്രട്ടറി), യു.പി. മുസ്തഫ (ട്രഷറർ) എസ്.വി അർശുൽ അഹമ്മദ്, ഷുഹൈബ് പനങ്ങാങ്ങര (നാഷനൽ കമ്മിറ്റി സെക്രട്ടറിയേറ്റ് മെമ്പർമാർ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCmembership campaignRIYADH KMCC
News Summary - riyadh KMCC membership campaign
Next Story