റിയാദ് കെ.എം.സി.സി കുടുംബ സുരക്ഷപദ്ധതി; നാല് കുടുംബങ്ങൾക്ക് 40 ലക്ഷം രൂപ കൈമാറി
text_fieldsമലപ്പുറം: റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി, കുടുംബ സാമൂഹിക സുരക്ഷാപദ്ധതിയുടെ ഭാഗമായി നാല് കുടുംബങ്ങൾക്കായി 40 ലക്ഷം രൂപ കൈമാറി. പദ്ധതിയിൽ അംഗങ്ങളായിരിക്കെ മരിച്ച നാല് പ്രവാസികളുടെ കുടുംബങ്ങൾക്കാണ് 10 ലക്ഷം രൂപ വീതം വിതരണം ചെയ്തത്. പാണക്കാട് നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സ്വാദിഖലി ശിഹാബ് തങ്ങൾ തുക കൈമാറി.
കെ.എം.സി.സിയുടെ സേവന പ്രവർത്തനങ്ങൾ അറ്റമില്ലാത്ത കാരുണ്യക്കടലാണെന്ന് തുക വിതരണം ചെയ്തുകൊണ്ട് സ്വാദിഖലി തങ്ങൾ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ആറു വർഷത്തിനിടെ കോടിക്കണക്കിന് രൂപയാണ് ഈ പദ്ധതി വഴി വിതരണം ചെയ്തത്. വിവിധ രോഗങ്ങളാൽ പ്രയാസപ്പെടുന്നവർക്ക് ചികിത്സാസഹായമായി ലക്ഷക്കണക്കിന് രൂപ സമയബന്ധിതമായി കൈമാറി വരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഉത്തരേന്ത്യയിലെ അതിശൈത്യത്തിൽ വലയുന്നവർക്കായി ഒമ്പത് ലക്ഷം രൂപ ചെലവിൽ 3,000 പുതപ്പുകൾ റിയാദ് കെ.എം.സി.സി വിതരണം ചെയ്തിരുന്നു. പദ്ധതിയുടെ ആനുകൂല്യങ്ങൾ വർധിപ്പിക്കുന്ന കാര്യം കമ്മിറ്റിയുടെ സജീവ പരിഗണനയിലാണെന്ന് പ്രസിഡന്റ് സി.പി. മുസ്തഫയും ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങരയും അറിയിച്ചു. കുടുംബ സുരക്ഷാ പദ്ധതി ചെയർമാൻ അബ്ദുറഹ്മാൻ ഫാറൂഖ് അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അസീസ് വെങ്കിട്ട, പി.സി. മജീദ്, നജീബ് നല്ലാങ്കണ്ടി, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട്, കോഴിക്കോട് ജില്ല കെ.എം.സി.സി പ്രസിഡന്റ് സുഹൈൽ അമ്പലക്കണ്ടി, റസാഖ് വളക്കൈ, റാഷിദ് ദയ, നൗഷാദ് ചാക്കീരി തുടങ്ങിയവരും വിവിധ ഘടകങ്ങളിലെ നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

