റിയാദ് കെ.എം.സി.സി കുടുംബ സുരക്ഷ പദ്ധതി; ധനസഹായ വിതരണം ശനിയാഴ്ച മലപ്പുറത്ത്
text_fieldsറിയാദ്: റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ പ്രവാസി കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗമായിരിക്കെ മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള സഹായവും അംഗങ്ങൾക്കുള്ള ചികിത്സാ സഹായവും ഉൾപ്പെടെ 80 ലക്ഷത്തോളം രൂപയുടെ ധനസഹായ വിതരണം വരുന്ന ശനിയാഴ്ച നടത്തും. രാവിലെ ഒമ്പതിന് മലപ്പുറത്തെ വുഡ്ബിൻ ഓഡിറ്റോറിയത്തിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.
മുസ്ലിംലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറിയും വ്യവസായ വകുപ്പ് മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി, മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാം, സംസ്ഥാന മുസ്ലിംലീഗ് ഭാരവാഹികൾ, മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, കെ.എം.സി.സി നാഷനൽ-സെൻട്രൽ കമ്മിറ്റി നേതാക്കൾ, കഴിഞ്ഞ കാലങ്ങളിൽ റിയാദിലെ കെ.എം.സി.സി നേതൃനിരയിൽ പ്രവർത്തിച്ച നേതാക്കൾ, റിയാദിലെ പഴയകാല കെ.എം.സി.സി പ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ഘടകങ്ങളുടെ സഹകരണത്തോടെ നടത്തിയ സി.എച്ച്. സെൻറർ ഏകീകൃത ഫണ്ട് സമാഹരണത്തിലൂടെ ലഭിച്ച ഒരു കോടിയോളം രൂപ കേരളത്തിലെ വിവിധ സി.എച്ച്. സെൻററുകൾക്ക് ഇതിനകം കൈമാറിയിട്ടുണ്ട്. ഇതിൽ തിരുവനന്തപുരം സി.എച്ച്. സെൻററിനു വേണ്ടി സമാഹരിച്ച തുക പ്രസ്തുത ചടങ്ങിൽ വച്ച് സാദിഖലി ശിഹാബ് തങ്ങൾ കൈമാറും.
ചടങ്ങ് ഒരു അറിയിപ്പായി കരുതി നാട്ടിലുള്ള മുഴുവൻ കെ.എം.സി.സി പ്രവർത്തകരും കൃത്യസമയത്ത് തന്നെ പങ്കെടുക്കണമെന്ന് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ, ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര എന്നിവർ വാർത്താക്കുറിപ്പിലൂടെ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

