റിയാദ് വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാർക്ക് കൈത്താങ്ങായി റിയാദ് കെ.എം.സി.സി
text_fieldsറിയാദ് വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാര സഹായവുമായി റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രവർത്തകർ
റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽനിന്നും നാട്ടിലേക്ക് മടങ്ങാനായി റിയാദ് വിമാനത്താവളത്തിൽ എത്തിയ ഇരുന്നൂറോളം പ്രവാസികൾക്ക് തുണയായി റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി. റിയാദ് വഴി കണക്ഷൻ ഫ്ലൈറ്റുകളിൽ പോകേണ്ടിയിരുന്ന വിവിധ പ്രദേശങ്ങളിൽനിന്നുള്ള യാത്രക്കാരുടെ വിമാനങ്ങൾ അപ്രതീക്ഷിതമായി റദ്ദാക്കപ്പെട്ടതോടെയാണ് പ്രവാസികൾ ദുരിതത്തിലായത്.
കുടുംബങ്ങളും രോഗികളും ഗർഭിണികളും കുട്ടികളും ഉൾപ്പെടെയുള്ള വലിയൊരു സംഘം യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. വിവരമറിഞ്ഞ ഉടൻ തന്നെ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഭാരവാഹികളും വെൽഫെയർ വിങ് പ്രവർത്തകരും സ്ഥലത്തെത്തി അടിയന്തര സഹായങ്ങൾ ലഭ്യമാക്കി. വിമാനത്താവളത്തിൽ കുടുങ്ങിയ മുഴുവൻ പേരെയും സുരക്ഷിതമായി പുറത്തെത്തിക്കാനും അവർക്ക് ആവശ്യമായ ഭക്ഷണവും താമസസൗകര്യവും ഉറപ്പുവരുത്താനും കെ.എം.സി.സി നേതൃത്വം നൽകി. പ്രത്യേകിച്ച്, അസുഖബാധിതരായ യാത്രക്കാർക്ക് ആവശ്യമായ മരുന്നുകൾ എത്തിച്ചുനൽകാൻ പ്രവർത്തകർ മുൻകൈ എടുത്തു.
കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ, ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, വെൽഫെയർ വിങ് ചെയർമാനും സെക്രട്ടറിയുമായ റഫീഖ് മഞ്ചേരി, ഭാരവാഹികളായ അസീസ് വെങ്കിട്ട, അഷ്റഫ് കൽപകഞ്ചേരി എന്നിവരുടെ നേതൃത്വത്തിലാണ് സഹായ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. മെഹ്ബൂബ് ചെറിയ വളപ്പിൽ, റിയാസ് തിരൂർക്കാട്, ഹാഷിം കോട്ടക്കൽ, അഷ്റഫ് കൽപ്പറ്റ, റസാഖ് പൊന്നാനി, നസീർ വളപുരം, മുസമ്മിൽ പാലത്തിങ്ങൽ, ഷറഫു മടവൂർ, ഷഫീഖ് കുറുവ, ദഖ്‌വാൻ വയനാട്, സജീം പാനൂർ, ഇസ്ഹാഖ് താനൂർ എന്നിവർ കർമ്മനിരതരായി രംഗത്തുണ്ടായിരുന്നു.
അപ്രതീക്ഷിത പ്രതിസന്ധിയിൽ അകപ്പെട്ട തങ്ങൾക്ക് വലിയ ആശ്വാസമായി മാറിയ കെ.എം.സി.സി പ്രവർത്തകർക്ക് യാത്രക്കാർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

