യുനെസ്കോയുടെ ക്രിയേറ്റീവ് സിറ്റീസ് നെറ്റ്‌വർക്കിൽ റിയാദിന് അംഗത്വം
text_fieldsറിയാദ്: ഡിസൈൻ മേഖലയിൽ യുനെസ്കോ ക്രിയേറ്റീവ് സിറ്റീസ് നെറ്റ്‌വർക്കിൽ റിയാദിന് അംഗത്വം ലഭിച്ചതായി സൗദി ആർക്കിടെക്ചർ ആൻഡ് ഡിസൈൻ കമീഷൻ വ്യക്തമാക്കി. 2025ലെ പട്ടികയിൽ ചേരാൻ അപേക്ഷിക്കുന്ന നഗരങ്ങൾക്കായുള്ള മൂല്യനിർണയ ഫലങ്ങൾ സംഘടന അംഗീകരിച്ചതിനെ തുടർന്നാണിത്. ഡിസൈനിലെ സർഗാത്മകതയ്ക്കും നവീകരണത്തിനുമുള്ള ഒരു പ്രാദേശിക കേന്ദ്രമെന്ന നിലയിൽ റിയാദിന്റെ വളർച്ചയെ സ്ഥിരീകരിക്കുന്നതാണ് ഈ അംഗത്വം.
സൗദി തലസ്ഥാനത്തെ ഡിസൈൻ രംഗത്തെ ചലനാത്മകതയും വൈവിധ്യവും എടുത്തുകാണിക്കുന്ന നാമനിർദ്ദേശ ഫയൽ തയറാക്കുന്നതിനായി സാംസ്കാരിക മന്ത്രാലയത്തിലെ ആർക്കിടെക്ചർ ആൻഡ് ഡിസൈൻ ആർട്സ് കമ്മീഷന്റെ നേതൃത്വത്തിൽ നിരവധി സർക്കാർ, അക്കാദമിക്, ലാഭേച്ഛയില്ലാത്ത, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുമായി സഹകരിച്ച് നടത്തിയ സംയോജിത ശ്രമങ്ങളുടെ ഫലമായാണ് ഈ നേട്ടം കൈവരിക്കാനായത്. വാസ്തുവിദ്യ, നഗര രൂപകൽപ്പന, വ്യാവസായിക, ഇന്റീരിയർ ഡിസൈൻ, ഉൽപ്പന്ന രൂപകൽപ്പന, ഡിജിറ്റൽ ഡിസൈൻ, സമകാലിക സർഗ്ഗാത്മകതയുടെ മറ്റ് മേഖലകൾ എന്നിവയുടെ വൈവിധ്യം കമ്മീഷൻ എടുത്തുകാട്ടിയതിൽ ഉൾപ്പെടുന്നു.
നഗര, സാംസ്കാരിക വികസനത്തിന് സർഗ്ഗാത്മകത ഉപയോഗിക്കുന്നതിൽ തലസ്ഥാനത്തെ ആഗോള മാതൃകയാക്കാനുള്ള സൗദിയുടെ അഭിലാഷത്തെ പ്രതിഫലിപ്പിക്കുന്ന ഒരു ചരിത്രപരമായ ചുവടുവെപ്പാണ് ഡിസൈൻ മേഖലയിൽ റിയാദിനെ ഉൾപ്പെടുത്തിയതെന്ന് ആർക്കിടെക്ചർ ആൻഡ് ഡിസൈൻ ആർട്സ് കമ്മീഷൻ സി.ഇ.ഒ ഡോ. സുമയ്യ അൽസുലൈമാൻ പറഞ്ഞു. വിവിധ ഡിസൈൻ മേഖലകളിൽ നവീകരണത്തിന് അനുകൂലമായ ഒരു അന്തരീക്ഷം കെട്ടിപ്പടുക്കുന്നതിനും സൗദി പ്രതിഭകളെ ശാക്തീകരിക്കുന്നതിനും ലക്ഷ്യമിടുന്ന ദേശീയ ആർക്കിടെക്ചർ ആൻഡ് ഡിസൈൻ തന്ത്രത്തിന്റെ ഫലമാണ് ഈ അന്താരാഷ്ട്ര അംഗീകാരമെന്ന് അവർ അഭിപ്രായപ്പെട്ടു.
ആഗോള ഡിസൈൻ തലസ്ഥാനമെന്ന നിലയിലും വാസ്തുവിദ്യയിലും രൂപകൽപ്പനയിലും അനുകരിക്കാവുന്ന ഒരു മാതൃക എന്ന നിലയിലും റിയാദിന്റെ സ്ഥാനം ഉറപ്പിക്കാനാണ് അതോറിറ്റി ശ്രമിക്കുന്നത്. മറ്റ് നഗരങ്ങൾക്ക് പ്രചോദനത്തിന്റെ ഉറവിടമായി ഇത് പ്രവർത്തിക്കുന്നു. സുസ്ഥിര വികസനത്തിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള ഒരു ഉപകരണമായി ഡിസൈനിന്റെ പ്രാധാന്യം അവർ ഊന്നിപ്പറഞ്ഞു. സുസ്ഥിര വികസനത്തിന്റെ പ്രധാന ചാലകശക്തികളായി സംസ്കാരത്തിലും സർഗ്ഗാത്മകതയിലും നിക്ഷേപം നടത്തുന്ന നഗരങ്ങൾ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിടുന്ന ഒരു ആഗോള സംരംഭമാണ് യുനെസ്കോയുടെ ക്രിയേറ്റീവ് സിറ്റീസ് നെറ്റ്‌വർക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

