റിയാദ് ഐ.സി.എഫ് ‘സ്പോർട്ടീവ് 2024’ ശ്രദ്ധേയമായി
text_fieldsറിയാദ് ഐ.സി.എഫ് സംഘടിപ്പിച്ച ‘സ്പോർട്ടീവ് 2024’ മത്സരത്തിൽനിന്ന്
റിയാദ്: ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് ഘടകത്തിന് കീഴിലുള്ള രിസാലത്തുൽ ഇസ്ലാം മദ്റസയിലെ വിദ്യാർഥികൾക്കായി എക്സിറ്റ് 18ലുള്ള അൽ വനാസ സ്പോർട്സിൽ സംഘടിപ്പിച്ച ‘സ്പോർട്ടീവ് 2024’ സംഘാടക മികവ് കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ആൺകുട്ടികളും പെൺകുട്ടികളുമടക്കം മുൻകൂട്ടി രജിസ്റ്റർ ചെയ്ത 320 കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നിങ്ങനെ മൂന്ന് കാറ്റഗറികളിലായി നടന്ന മത്സരത്തിൽ റെഡ് ഹൗസ്, ഗ്രീൻഹൗസ്, ബ്ലൂഹൗസ്, യെല്ലോ ഹൗസ് എന്നിങ്ങനെ നാലു ഗ്രൂപ്പുകളായി തരം തിരിച്ചായിരുന്നു മത്സരം നടന്നത്.
രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെയാണ് സ്പോർട്ടീവ് നടന്നത്. ഹൈ ജംപ്, ഷട്ട്ൽ റൺ, ബാൾ പാസിങ്, മ്യൂസിക് ചെയർ, ഓട്ടം, റിലേ തുടങ്ങി പത്തിലേറെ ഇനങ്ങളിൽ മത്സരങ്ങൾ നടന്നു. പതിറ്റാണ്ടുകളായി റിയാദിൽ പ്രവർത്തിച്ചുവരുന്ന രിസാലത്തുൽ ഇസ്ലാം മദ്റസയിലെ വിദ്യാർഥികളുടെ പാഠ്യേതര കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കാനുള്ള വിവിധ പദ്ധതികളിൽ ഒന്നായിരുന്നു സ്പോർട്ടീവ് 2024.
ആൺകുട്ടികളുടെ സെഷനിൽ 137 പോയൻറ് നേടി ഗ്രീൻ ഹൗസ് ഒന്നാം സ്ഥാനവും 125 പോയൻറ് നേടി ബ്ലൂ ഹൗസ് രണ്ടാം സ്ഥാനവും 100 പോയൻറ് നേടി യെല്ലോ ഹൗസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പെൺകുട്ടികളുടെ സെഷനിൽ 176 പോയൻറ് നേടി ബ്ലൂ ഹൗസ് ഒന്നാം സ്ഥാനത്തും 116 പോയൻറ് നേടി റെഡ് ഹൗസ് രണ്ടാം സ്ഥാനത്തും 78 പോയൻറ് നേടി യെല്ലോ ഹൗസ് മൂന്നാം സ്ഥാനത്തും എത്തി.

