റിയാദ് ഹ്യുമാനിറ്റേറിയൻ ഫോറം സമാപിച്ചു; പോളിയോ നിർമാർജനത്തിന് 500 ദശലക്ഷം ഡോളർ സഹായം
text_fieldsറിയാദിൽ സമാപിച്ച ഇന്റർനാഷനൽ ഹ്യുമാനിറ്റേറിയൻ ഫോറത്തിൽനിന്ന്
റിയാദ്: മാനുഷിക പ്രവർത്തനങ്ങൾക്കുവേണ്ടിയുള്ള നാല് സുപ്രധാന കരാറുകളുടെ ഒപ്പുവെക്കലോടെ റിയാദിലെ കിങ് ഫൈസൽ കോൺഫറൻസ് ഹാളിൽ നാലാമത് റിയാദ് ഇന്റർനാഷനൽ ഹ്യുമാനിറ്റേറിയൻ ഫോറത്തിന് സമാപനമായി.
റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദറിന്റെ സാന്നിധ്യത്തിലാണ് അന്താരാഷ്ട്രതലത്തിലെ മാനുഷിക പ്രവർത്തനങ്ങളെ പിന്തുണക്കുന്നതിന് കിങ് സൽമാൻ റിലീഫ് കേന്ദ്രം പ്രാദേശികവും അന്തർദേശീയവുമായ മാനുഷിക, ദുരിതാശ്വാസ സംഘടനകളുമായി നാല് കരാറുകളിൽ ഒപ്പുവെച്ചത്.
ഒന്നും രണ്ടും കരാറുകൾ പോളിയോ നിർമാർജനത്തിനുള്ള ആഗോള സംരംഭത്തെ പിന്തുണക്കുന്നതാണ്. 300 ദശലക്ഷം ഡോളറിന്റെ ആദ്യ കരാർ ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോമും കിങ് സൽമാൻ റിലീഫ് കേന്ദ്രം ജനറൽ സൂപ്പർവൈസർ ഡോ. അബ്ദുല്ല അൽ റബിഅയും ഒപ്പുവച്ചു.
200 ദശലക്ഷം ഡോളറിന്റെ രണ്ടാമത്തെ കരാർ യുനിസെഫ് എക്സിക്യൂട്ടിവ് ഡയറക്ടറുമായി ഡോ. അബ്ദുല്ല അൽറബീഅ ഒപ്പുവെച്ചു. ഉപജീവന ഫണ്ട് രണ്ടാം ഘട്ടത്തെ പിന്തുണക്കുന്നതാണ് മൂന്നാമത്തെ കരാർ. ഇതിനായി ഇസ്ലാമിക് ഡെവലപ്മെന്റ് ബാങ്ക് പ്രസിഡന്റ് ഡോ. മുഹമ്മദ് സുലൈമാൻ അൽജാസറുമായി കരാർ ഒപ്പുവച്ചു.
100 ദശലക്ഷം ഡോളർ മൂല്യമുള്ള ഈ കരാർ മിഡിൽ ഈസ്റ്റിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ വികസന സംരംഭത്തിനാണ്. നാലാമത്തെ കരാർ ലോകമെമ്പാടുമുള്ള 30 രാജ്യങ്ങളിലായി ഒരു ലക്ഷം ടൺ ഈത്തപ്പഴം വിതരണം ചെയ്യുന്നതിന് വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ എക്സിക്യൂട്ടിവ് ഡയറക്ടർ സിൻഡി മക്കെയ്നുമായി ഒപ്പുവെച്ചു.
അതേസമയം, മാനുഷിക ആവശ്യങ്ങളും വെല്ലുവിളികളും വർധിപ്പിക്കുന്ന ദുരന്തങ്ങളുടെയും പ്രതിസന്ധികളുടെയും വർധനവിന് ലോകം സാക്ഷ്യംവഹിക്കുന്ന സമയത്താണ് ഹ്യുമാനിറ്റേറിയൻ ഫോറം വരുന്നതെന്ന് റിയാദ് ഗവർണർ ഫോറത്തിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.
മാനുഷിക പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളികൾ ചർച്ച ചെയ്യുന്നതിനുള്ള ഒരു വേദി ഫോറം ഒരുക്കുന്നു. അന്താരാഷ്ട്ര സമൂഹത്തിന്റെ യോജിച്ച പ്രയത്നത്തിലൂടെയല്ലാതെ ഇതിനെ മറികടക്കാനാവില്ലെന്നും റിയാദ് ഗവർണർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

