ത്വാഇഫ്- റിയാദ് ഹൈവേയിൽ വാഹനാപകടം: അഞ്ച് അധ്യാപികമാരും ഡ്രൈവറും ഉൾപ്പെടെ ആറ് പേർ മരിച്ചു
text_fieldsത്വാഇഫ്: ത്വാഇഫ്- റിയാദ് ഹൈവേയിൽ വ്യാഴാഴ്ച പകൽ ഉണ്ടായ റോഡപകടത്തിൽ അഞ്ച് സ്‌കൂൾ അധ്യാപികമാരും അവർ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറും മരിച്ചു. മക്ക മേഖലയിലെ അൽ മുവൈഹ് ഗവർണറേറ്റിന് വടക്കുപടിഞ്ഞാറുള്ള ഹൈലാൻ എലിമെന്ററി ആൻഡ് ഇന്റർമീഡിയറ്റ് സ്കൂളിലേക്ക് യാത്ര ചെയ്യുക യായിരുന്ന അധ്യാപികമാരുടെ വാഹനമാണ് റദ്വാൻ എന്ന സ്ഥലത്ത് വെച്ച് നിയന്ത്രണം വിട്ട് മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അപകട മുണ്ടായത്. ഡ്രൈവർ സംഭവ സ്ഥലത്തു വെച്ചും മറ്റുള്ളവർ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. മരിച്ചവരിൽ ഒരു അധ്യാപിക ഗർഭിണിയായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. അപകടത്തിൽ പ്പെട്ട രണ്ടാമത്തെ വാഹനത്തിലെ ഡ്രൈവർ പരിക്കുകളോടെ രക്ഷപ്പെട്ടു.
അധ്യാപികമാർ ദിവസവും 400 കിലോമീറ്ററിലധികം ദൂരമുള്ള സ്‌കൂളിലേക്ക് സഞ്ചരിക്കുന്ന വാഹനത്തിനാണ് ഈ ദാരുണമായ അപകടം സംഭവിച്ചത്. അപകടവിവരം അറിഞ്ഞയുടൻ സൗദി റെഡ് ക്രസന്റും അടിയന്തര സേവന വിഭാഗങ്ങളും സ്ഥലത്ത് കുതിച്ചെത്തു കയും അപകടത്തിൽപ്പെട്ടവരെ അൽ മുവൈഹ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
സൗദിയുടെ നാഷനൽ ട്രാൻസ്‌പോർട്ട് സേഫ്റ്റി സെന്റർ അപകടം സ്ഥിരീകരിക്കുകയും അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. പ്രാദേശിക സുരക്ഷാ അധികാരികളുമായി സഹകരിച്ച് അപകടത്തിന്റെ കൃത്യമായ കാരണങ്ങൾ കണ്ടെത്താനുള്ള വിവരങ്ങളും തെളിവുകളും ശേഖരിച്ചുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

