റിയാദ് എക്സ്പോ 2030: 3,20 കോടി റിയാലിെൻറ ‘എക്സ്പോ വില്ലേജ്’ പദ്ധതി കരാർ ഒപ്പുവെച്ചു
text_fieldsറിയാദ് എക്സ്പോ 2030 ‘എക്സ്പോ വില്ലേജ്’ പദ്ധതി കരാർ ഒപ്പുവെച്ച ചടങ്ങിൽനിന്ന്
റിയാദ്: എക്സ്പോ 2030-ൽ പങ്കെടുക്കുന്ന അന്താരാഷ്ട്ര പ്രതിനിധികൾക്കായി ‘എക്സ്പോ വില്ലേജ്’ എന്ന പേരിൽ സംയോജിത റെസിഡൻഷ്യൽ കമ്യൂണിറ്റി നിർമിക്കുന്നു. പദ്ധതിക്കായി റിയാദ് എക്സ്പോ 2030-യും മുഹമ്മദ് അൽ ഹബീബ് റിയൽ എസ്റ്റേറ്റ് കമ്പനിയും ചേർന്ന് 3,20 കോടി റിയാലിെൻറ കരാറിൽ ഒപ്പുവെച്ചു. റിയാദ് എക്സ്പോ 2030-യുടെ ആദ്യ സംയുക്ത സംരംഭമാണിത്. സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും പുതിയ സാമ്പത്തിക അവസരങ്ങൾ തുറക്കുന്നതിനുമുള്ള എക്സ്പോയുടെ തന്ത്രപരമായ മുന്നേറ്റമാണ് ഇതിലൂടെ വ്യക്തമാകുന്നത്.
റിയാദ് എക്സ്പോ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എൻജി. തലാൽ അൽമർറി, മുഹമ്മദ് അൽ ഹബീബ് റിയൽ എസ്റ്റേറ്റ് കമ്പനി സി.ഇ.ഒ അബ്ദുല്ല മുഹമ്മദ് അൽ ഹബീബ് എന്നിവർ കരാറിൽ ഒപ്പുവെച്ചു. പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടിെൻറ ഡൊമസ്റ്റിക് റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെൻറ് ജനറൽ അഡ്മിനിസ്ട്രേഷൻ മേധാവിയും റിയാദ് എക്സ്പോ 2030 എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാനുമായ സഅദ് അൽഖറൂദ് ചടങ്ങിൽ പങ്കെടുത്തു.
കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും നഗരത്തിലെ പ്രധാന ഗതാഗത ശൃംഖലയ്ക്കും സമീപമാണ് എക്സ്പോ വില്ലേജ് ഒരുങ്ങുന്നത്. വിദേശ പ്രതിനിധികൾക്കായി 2,300 താമസ യൂനിറ്റുകൾ ഉൾപ്പെടുന്ന പദ്ധതിയിൽ 5,500 പേരെ ഉൾക്കൊള്ളാൻ സാധിക്കും. താമസസൗകര്യങ്ങൾക്ക് പുറമെ റീട്ടെയിൽ ഔട്ട്ലെറ്റുകൾ, റെസ്റ്റോറൻറുകൾ, മറ്റ് സേവനങ്ങൾ, പ്രവർത്തനപരമായ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്തി സമഗ്രമായ ഒരു കമ്യൂണിറ്റിയായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. എക്സ്പോ മെട്രോ സ്റ്റേഷൻ വഴി പ്രധാന എക്സ്പോ വേദിയിലേക്ക് നേരിട്ടുള്ള യാത്രാസൗകര്യവും ഉണ്ടാകും.
കരാർ പ്രകാരം റിയാദ് എക്സ്പോ 2030 പദ്ധതിയുടെ തന്ത്രപരമായ മേൽനോട്ടം വഹിക്കുകയും ആവശ്യകതകൾ നിർണയിക്കുകയും ചെയ്യും. പദ്ധതിയുടെ വികസനം, നിക്ഷേപം, പ്രവർത്തനം എന്നിവ മുഹമ്മദ് അൽ ഹബീബ് റിയൽ എസ്റ്റേറ്റ് കമ്പനി നിർവഹിക്കും.
റിയാദ് എക്സ്പോ 2030 നടപ്പാക്കുന്നതിലെ സുപ്രധാന ചുവടുവെപ്പാണ് ഈ പദ്ധതിയെന്ന് റിയാദ് എക്സ്പോ സി.ഇ.ഒ തലാൽ അൽമർറി പറഞ്ഞു. വികസന പ്രവർത്തനങ്ങളിൽ സ്വകാര്യ മേഖലയുടെ അനുഭവസമ്പത്തും നിക്ഷേപവും പ്രയോജനപ്പെടുത്തുന്ന സമീപനമാണിത്. സൈറ്റ് ഒരുക്കലും രൂപകൽപ്പനയും പൂർത്തിയായ പദ്ധതി നിർമാണത്തിെൻറ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്നും അംഗീകൃത സമയക്രമമനുസരിച്ച് നിർമാണ ജോലികൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എക്സ്പോ കാലയളവിനു ശേഷവും സ്ഥിരവും സമഗ്രവുമായ റെസിഡൻഷ്യൽ മേഖലയായി തുടരുന്ന രീതിയിലാണ് വില്ലേജിെൻറ രൂപകൽപ്പന. ഇതിനായി താമസ യൂനിറ്റുകൾ, വ്യാപാര സ്ഥാപനങ്ങൾ, വിനോദ-സാമൂഹിക സൗകര്യങ്ങൾ എന്നിവയോടൊപ്പം ഹരിത ഇടങ്ങളും നടപ്പാതകളും ഉൾപ്പെടുത്തിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനങ്ങൾ കൂടി കണക്കിലെടുത്താണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

