റിയാദ് നഗരത്തിന് അന്താരാഷ്ട്ര അംഗീകാരം; അമിഡിൽ ഈസ്റ്റിലെ ആദ്യ ‘ഗ്ലോബൽ ആക്ടിവ് സിറ്റി’ നഗരം
text_fieldsറിയാദ്: സൗദി തലസ്ഥാന നഗരത്തിന് ‘ഗ്ലോബൽ ആക്ടിവ് സിറ്റി’ സർട്ടിഫിക്കറ്റ് ലഭിച്ചതായി റിയാദ് സിറ്റി റോയൽ കമീഷൻ വ്യക്തമാക്കി. ആരോഗ്യകരമായ ജീവിതശൈലി, ശാരീരിക പ്രവർത്തനങ്ങൾ, സാമൂഹിക ക്ഷേമം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലെ നേട്ടങ്ങൾക്കുള്ള അംഗീകാരമായാണിത്. ഇതോടെ ഈ അഭിമാനകരമായ പദവി ലഭിക്കുന്ന മിഡിൽ ഈസ്റ്റിലെ ആദ്യത്തെ നഗരമായി റിയാദ് മാറി.
ഈ നേട്ടം ഭരണകൂടത്തിന്റെയും ‘വിഷൻ 2030’ന്റെയും പിന്തുണയെ പ്രതിഫലിപ്പിക്കുന്നുവെന്നും റിയാദ് സിറ്റി റോയൽ കമീഷൻ സി.ഇ.ഒ എൻജി. ഇബ്രാഹിം ബിൻ മുഹമ്മദ് അൽസുൽത്താൻ പറഞ്ഞു.
വിഷന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി ജീവിത നിലവാര സൂചകങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ഗണ്യമായ മുന്നേറ്റം നടത്താൻ റിയാദിനെ പ്രാപ്തമാക്കിയതായും അൽസുൽത്താൻ പറഞ്ഞു. ഈ അന്താരാഷ്ട്ര സർട്ടിഫിക്കേഷൻ നേടുന്നതിൽ നിർണായക പങ്കിന് കമീഷന്റെ പ്രധാന പങ്കാളികളായ കായിക മന്ത്രാലയത്തിനും സൗദി സ്‌പോർട്‌സ് ഫെഡറേഷനും അൽസുൽത്താൻ നന്ദി പറഞ്ഞു. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ പിന്തുണയോടെ ‘ആക്ടിവ് വെൽബീയിങ് ഇനീഷ്യേറ്റിവ്’ നൽകുന്നതാണ് ഈ സർട്ടിഫിക്കേഷൻ. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും ആരോഗ്യവും ശാരീരിക പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് സമഗ്രമായ മാനദണ്ഡങ്ങൾ നടപ്പാക്കുന്ന നഗരങ്ങൾക്കുള്ള അംഗീകാരമായാണിത് നൽകുന്നത്.
പൊതുവിടങ്ങൾ, നടത്തം, സൈക്ലിങ് പാതകൾ, കായിക സൗകര്യങ്ങൾ, സാമൂഹിക സംരംഭങ്ങൾ എന്നിവ ഉൾപ്പെടുന്ന സംയോജിത നഗര പരിസ്ഥിതി നൽകുന്നതിനുള്ള റിയാദിന്റെ പ്രതിബദ്ധതയെ ഈ ആഗോള റാങ്കിങ് സ്ഥിരീകരിക്കുന്നുവെന്നും അൽസുൽത്താൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

