Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോകത്തിലെ മികച്ച 100 നൂതന നഗരങ്ങളിലൊന്നായി റിയാദ്; ജി.സി.സിയിൽ ഒന്നാമത്

text_fields
bookmark_border
ലോകത്തിലെ മികച്ച 100 നൂതന നഗരങ്ങളിലൊന്നായി റിയാദ്; ജി.സി.സിയിൽ ഒന്നാമത്
cancel
camera_alt

റിയാദ് നഗരം


റിയാദ്: ലോകത്തെ ഏറ്റവും മികച്ച നൂതന നഗരങ്ങളുടെ പട്ടികയിൽ സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിന് അഭിമാനാർഹമായ നേട്ടം. 2026ലെ ആഗോള ഇന്നൊവേഷൻ സൂചികയിലാണ് ലോകത്തിലെ മികച്ച 100 നവീകരണ ക്ലസ്റ്ററുകളിൽ റിയാദ് ഇടംപിടിച്ചത്.

ഈ പട്ടികയിൽ ഇടംപിടിക്കുന്ന ഗൾഫ് രാജ്യങ്ങളിലെ ഏക നഗരമെന്ന ചരിത്രനേട്ടവും റിയാദ് സ്വന്തമാക്കിയിട്ടുണ്ട്. ആഗോളതലത്തിൽ 92ാം സ്ഥാനത്താണ് നഗരം എത്തിയിരിക്കുന്നത്. നഗരത്തിൽ നടപ്പാക്കിവരുന്ന പുതിയ ഗവേഷണങ്ങളും നവീകരണ പ്രവർത്തനങ്ങളുമാണ് ഈ മികച്ച റാങ്കിങ്ങിന് കാരണം.

ഇന്നൊവേഷൻ മേഖലയിൽ 419 വെഞ്ച്വർ ക്യാപിറ്റൽ ഇടപാടുകൾ പൂർത്തിയാക്കാനും, പുതിയ കണ്ടുപിടുത്തങ്ങൾക്കായി അന്താരാഷ്ട്ര തലത്തിൽ 162 പേറ്റൻറ് അപേക്ഷകൾ സമർപ്പിക്കാനും കഴിഞ്ഞത് ഈ നേട്ടത്തിന് വലിയ കരുത്തായി.

നൂതന ഗവേഷണങ്ങളുടെയും നവീകരണങ്ങളുടെയും ആഗോള കേന്ദ്രമെന്ന നിലയിൽ റിയാദിന്‍റെ സ്ഥാനം ഉയർത്തുന്നതിൽ അക്കാദമിക് സ്ഥാപനങ്ങളും ദേശീയ കമ്പനികളും നിർണായക പങ്കുവഹിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. കിങ് സഊദ് യൂനിവേഴ്സിറ്റി, അമീറ നൂറ ബിന്ത് അബ്ദുൽറഹ്മാൻ യൂനിവേഴ്സിറ്റി, അമീർ സുൽത്താൻ യൂനിവേഴ്സിറ്റി തുടങ്ങിയ സർവകലാശാലകൾ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ, സാബിക്, ആരാംകോ എന്നീ പ്രമുഖ കമ്പനികൾ നവീകരണ രംഗത്ത് നേതൃസ്ഥാനം അലങ്കരിച്ചു.

ഗവേഷകർക്കും പുതിയ ആശയങ്ങൾ അവതരിപ്പിക്കുന്നവർക്കും സൗദി അറേബ്യ നൽകുന്ന ശക്തമായ പിന്തുണയാണ് ഈ വിജയത്തിന് പിന്നിൽ. അറിവിന്‍റെയും നവീകരണത്തിന്‍റെയും അടിസ്ഥാനത്തിൽ രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെ വളർത്താൻ ലക്ഷ്യമിടുന്ന സൗദി വിഷൻ 2030 പദ്ധതിയുടെ വലിയൊരു വിജയമായാണ് ഈ ആഗോള അംഗീകാരം വിലയിരുത്തപ്പെടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Riyadh among the world's top 100 innovative cities
Next Story