റിയാദ് എയർ' അന്താരാഷ്ട്ര സർവീസുകൾക്ക് ഈ മാസം 26 ന് തുടക്കമാവും
text_fieldsറിയാദ്: സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയർ തങ്ങളുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്ന പ്രഖ്യാപനം നടത്തി. 2025 ൽ പ്രവർത്തനം ആരംഭിക്കുമെന്ന ഉറപ്പ് പാലിച്ചുകൊണ്ട് ഈ മാസം 26-ന് റിയാദിൽ നിന്ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്ക് ഉദ്ഘാടന പറക്കൽ നടത്തുമെന്ന് കമ്പനി അറിയിച്ചു. 'ജമീല' എന്ന് പേരിട്ടിരിക്കുന്ന ബോയിംഗ് 787-9 വിമാനമാണ് സർവീസിനായി ഉപയോഗിക്കുക. ബോയിംഗിൽ നിന്ന് പുതിയ വിമാനങ്ങൾ ലഭിക്കുന്നതിന് മുന്നോടിയായി പൂർണ്ണ പ്രവർത്തന സജ്ജത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള 'റോഡ് ടു പെർഫെക്ഷൻ' പദ്ധതിയുടെ നിർണായക ഘട്ടമാണ് ലണ്ടനിലേക്കുള്ള ദിവസേനയുള്ള സർവീസുകൾ.
റിയാദിൽ നിന്ന് ലണ്ടനിലേക്ക് പുലർച്ചെ 3:15-ന് പുറപ്പെട്ട് രാവിലെ 7:30-ന് ലണ്ടനിൽ എത്തിച്ചേരും. ലണ്ടനിൽ നിന്ന് റിയാദിലേക്ക് രാവിലെ 9:30-ന് പുറപ്പെട്ട് വൈകുന്നേരം 7:15-ന് റിയാദിൽ എത്തിച്ചേരും. ലണ്ടന് ശേഷം ദുബായ് ആയിരിക്കും റിയാദ് എയറിൻ്റെ അടുത്ത ലക്ഷ്യസ്ഥാനം. പ്രവർത്തനങ്ങളുടെ പ്രഖ്യാപനത്തിന് സമാന്തരമായി, സൗദി സംസ്കാരത്തിലെ ഔദാര്യത്തിൻ്റെയും പങ്കുവെക്കലിൻ്റെയും മനോഭാവം ഉൾക്കൊള്ളുന്ന 'സഫീർ' എന്ന പുതിയ ലോയൽറ്റി പ്രോഗ്രാമും കമ്പനി അവതരിപ്പിച്ചു. അംഗങ്ങൾക്ക് പോയിന്റുകളും ആനുകൂല്യങ്ങളും അംഗത്വ നിലയും സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പങ്കിടാൻ 'സഫീർ' പ്രോഗ്രാം അവസരം നൽകുന്നു. 'ദി ഫൗണ്ടേഴ്സ്' എന്നറിയപ്പെടുന്ന സ്ഥാപക അംഗങ്ങൾക്ക് ഭാവി വിമാനങ്ങളിൽ മുൻഗണനാ ബുക്കിംഗ്, പ്രത്യേക റിവാർഡുകൾ, എക്സ്ക്ലൂസീവ് അനുഭവങ്ങൾ എന്നിവ ലഭിക്കും. 'സഫീർ' പോയിന്റുകൾക്ക് കാലാവധിയുണ്ടായിരിക്കില്ല.
www.riyadhair.com എന്ന കമ്പനിയുടെ വെബ്സൈറ്റ് വഴി നേരത്തെ രജിസ്റ്റർ ചെയ്യുന്നവർക്ക് വരാനിരിക്കുന്ന വിമാനങ്ങളിൽ മുൻഗണനാ ബുക്കിംഗ്, പ്രത്യേക പരിപാടികളിൽ പങ്കാളിത്തം, സൗദിക്കകത്തും പുറത്തും സൗജന്യ ടിക്കറ്റുകളും അതുല്യമായ അനുഭവങ്ങളും നേടാനുള്ള അവസരം എന്നിവ ലഭിക്കും. പ്രവർത്തനപരമായ കൃത്യത, ഡിജിറ്റൽ നവീകരണം, സൗദിയുടെ പങ്കുവെക്കലിൻ്റെ മനോഭാവം എന്നിവ സംയോജിപ്പിച്ചുകൊണ്ട് റിയാദ് എയർ സൗദി വ്യോമയാന ചരിത്രത്തിൽ ഒരു പുതിയ അധ്യായം തുറക്കുകയാണ്. ഈ ഘട്ടം വെറും പ്രവർത്തനങ്ങളുടെ തുടക്കം മാത്രമല്ല, സൗദിയുടെ വിഷൻ 2030-ൻ്റെ പ്രായോഗികമായ വിവർത്തനമാണ് എന്നും ലോകോത്തര യാത്രാനുഭവം ഉറപ്പാക്കാൻ സൂക്ഷ്മമായ കാര്യങ്ങൾ പോലും പരിഷ്കരിക്കാൻ ഈ പരീക്ഷണപ്പറക്കലുകൾ സഹായിക്കുമെന്നും റിയാദ് എയർ സി.ഇ.ഒ ടോണി ഡഗ്ലസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

