റിയാദ് വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചു; അറ്റകുറ്റപ്പണി മൂലം തടസ്സപ്പെട്ടത് ഒരു ദിവസം
text_fieldsകിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം
റിയാദ്: ഒരു ദിവസത്തെ അനിശ്ചിതത്വത്തിന് ശേഷം റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ ശനിയാഴ്ച പൂർണമായും പുനരാരംഭിച്ചതായി വിമാനത്താവള അധികൃതർ അറിയിച്ചു. നാലാം ടെർമിനലിൽനിന്ന് ഓപറേറ്റ് ചെയ്യപ്പെടുന്ന ഏകദേശം 200 വിമാനങ്ങളുടെ സർവിസാണ് വെള്ളിയാഴ്ച അലങ്കോലപ്പെട്ടത്. പല സർവിസുകളും റദ്ദാക്കി. ചിലതിെൻറ സമയം പുനഃക്രമീകരിച്ചു. പ്രധാനമായും സൗദി എയർലൈൻസ് (സൗദിയ)യുടെയും അവരുടെ ബജറ്റ് എയർലൈനായ ഫ്ലൈ അദീലിന്റെയും സർവിസുകളാണ് തടസ്സപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ മുതലേ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാർ വിമാനങ്ങൾ മുടങ്ങി അവിടെ തടിച്ചുകൂടി കിടക്കുന്ന സ്ഥിതിയുണ്ടായി.
ഇന്ധന വിതരണ സംവിധാനത്തിലെ അറ്റകുറ്റപ്പണികളും മറ്റ് വിമാനത്താവളങ്ങളിൽനിന്നുള്ള വിമാനങ്ങൾ റിയാദിലേക്ക് വഴിതിരിച്ചുവിട്ടത് കാരണമുണ്ടായ അധിക തിരക്കുമായിരുന്നു ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. അത് പരിഹരിച്ചാണ് പൂർവ നിലയിലേക്ക് കൊണ്ടുവന്നത്. മുടങ്ങിയ സർവിസുകൾ പുനഃക്രമീകരിക്കാനായി വിമാനക്കമ്പനികളുമായും ബന്ധപ്പെട്ട അധികാരികളുമായും ഏകോപനവും തുടർനടപടികളും നടത്തികൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
യാത്രക്കാർ അനുഭവിച്ച അസൗകര്യത്തിലും തടസ്സത്തിലും വിമാനത്താവളം ഖേദം പ്രകടിപ്പിച്ചു. സിവിൽ ഏവിയേഷൻ അതോറിറ്റി പുറപ്പെടുവിച്ച യാത്രക്കാരുടെ അവകാശ സംരക്ഷണ ചട്ടങ്ങളോടുള്ള പ്രതിബദ്ധത സ്ഥിരീകരിച്ചു. റദ്ദാക്കിയ വിമാനങ്ങളുടെ ബാഗേജ് സ്വീകരിക്കുന്നതിനുള്ള നടപടിക്രമങ്ങളും ആവശ്യമായ എല്ലാ അപ്‌ഡേറ്റുകളും നൽകുന്നതിന് എല്ലാ എയർലൈനുകളുമായും പ്രവർത്തിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ തിരുത്തൽ നടപടികളും നടപ്പാക്കുന്നതിനും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പ്രയോഗിക്കുന്നതിനുമുള്ള പ്രതിബദ്ധത അധികൃതർ ഊന്നിപ്പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ 11.30ന് പോകേണ്ട സൗദി എയർലൈൻസ് (എസ്.വി. 774) വിമാനത്തിൽ കൊച്ചിയിലേക്ക് പോകേണ്ടിയിരുന്ന ആലുവ സ്വദേശി ജോമോനും കുടുംബവും ഒരു ദിവസം മുഴുവൻ വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാരുടെ കൂട്ടത്തിൽ കഴിഞ്ഞു. രാത്രി ഏറെ വൈകി റിയാദിലെ താമസസ്ഥലത്തേക്ക് മടങ്ങി. ഈ മാസം 29നുള്ള വിമാനത്തിലേക്കാണ് ഇപ്പോൾ ടിക്കറ്റ് റീഷെഡ്യൂൾ ചെയ്തിരിക്കുന്നതെന്നും എന്നാൽ വാർഷിക അവധിക്ക് നാട്ടിൽ പോകാനിരിക്കുന്ന തങ്ങൾക്ക് അത് സ്വീകാര്യമല്ലാത്തതിനാൽ ടിക്കറ്റ് റദ്ദാക്കി വേറെ വിമാനത്തിൽ ടിക്കറ്റ് എടുക്കാനുള്ള തീരുമാനത്തിലാണെന്നും ജോമോൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

