Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിയാദ് വിമാനത്താവളത്തിന് നേരെയുള്ള ആക്രമണം: വിവിധ രാഷ്ട്ര നേതാക്കളും സംഘടനകളും ശക്തമായി അപലപിച്ചു

text_fields
bookmark_border
റിയാദ് വിമാനത്താവളത്തിന് നേരെയുള്ള ആക്രമണം: വിവിധ രാഷ്ട്ര നേതാക്കളും സംഘടനകളും ശക്തമായി അപലപിച്ചു
cancel

റിയാദ്: റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതികളുടെ തുടർച്ചയായ ആക്രമണത്തിൽ നടപടി ആവശ്യപ്പെട്ട് വിവിധ രാഷ്ട്ര നേതാക്കളും അന്താരാഷ്ട്ര-പ്രാദേശിക സംഘടനകളും രംഗത്ത്. സൗദിയിലെ വ്യോമയാന മേഖലക്കും പ്രാദേശിക സ്ഥിരതക്കും ഭീഷണിയാകുന്ന ആക്രമണങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നുവരുന്നത്. വിവിധ കോണുകളിൽ നിന്ന് ഇതിനകം ശക്തമായ ഭാഷയിൽ പ്രതിഷേധങ്ങൾ തുടരുകയാണ്. ശനിയാഴ്ച റിയാദിലെ കിംങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ മൂന്നമത്തെ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 300 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സൗദി അധികൃതർ ഞായറാഴ്ച രാവിലെ വ്യക്തമാക്കിയിരുന്നു. ഇറാൻ പിന്തുണയുള്ള യമൻ സായുധ സംഘം രാജ്യത്തെ സിവിലിയൻ വ്യോമയാന അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ അന്താരാഷ്ട്രത്തലത്തിൽ ഇതിനകം ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. ശനിയാഴ്ച കൊല്ലപ്പെട്ടവരിൽ നാല് സൗദി പൗരന്മാരും ബംഗ്ലാദേശ്, ഫലസ്തീൻ, യു.എസ്, ഈജിപ്ത്, ജോർദൻ, സിറിയ, സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടുന്നുവെന്ന് സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ഞായറാഴ്ച പുലർച്ചെയാണ് അറിയിച്ചത് . പരിക്കേറ്റ 300 ലേറെ പേരിൽ ഗുരുതരാവസ്ഥയിലുള്ളവരും ഉൾപ്പെടുന്നുവെന്നും പ്രതിസന്ധിമൂലം വിമാനത്താവളം താൽക്കാലികമായി നിറുത്തിവെക്കുകയും ചെയ്തതായും അധികൃതർ അറിയിച്ചു.

ശനിയാഴ്ചത്തെ ആക്രമണത്തിന് മണിക്കൂറുകൾക്ക് ശേഷം, ദമ്മാമിലെ കിംങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഒരു പ്രൊജക്റ്റൈൽ (ആക്രമണോപകരണം) പതിച്ചതായി സഖ്യസേന'യുടെ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അദ്ദേഹം നൽകിയില്ല. ഫെബ്രുവരി 28-ന് ഇറാനുമായുള്ള സംഘർഷം ആരംഭിച്ചതിനെത്തുടർന്ന് മേഖലയിലുടനീളം വ്യാപിക്കുന്ന സംഘർഷങ്ങൾക്കിടയിൽ, ദമ്മാമിലുണ്ടായ ഈ സംഭവം സൗദിയുടെ സിവിലിയൻ വ്യോമയാന ശൃംഖല നേരിടുന്ന ഭീഷണിയെക്കുറിച്ചുള്ള ആശങ്ക വർദ്ധിപ്പിച്ചു. റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ തുടർച്ചയായ ആക്രമണത്തെ ബഹ്‌റൈൻ ശക്തമായി അപലപിച്ചു. വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തിന് പിന്നാലെ ഉണ്ടാകുന്ന അപകടകരമായ സ്ഥിതിവിശേഷമാണിതെന്ന് അവർ വിശേഷിപ്പിച്ചു.ഈ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമം, അന്താരാഷ്ട്ര മാനുഷിക നിയമം, ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ എന്നിവയുടെ ലംഘനമാണെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പ്രാദേശിക സ്ഥിരതക്കും സിവിലിയൻ വ്യോമയാന സുരക്ഷക്കും യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷക്കും ഇവ ഭീഷണിയാണെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിനും ഉത്തരവാദികളെയും അവരെ പിന്തുണക്കുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനും ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ബഹ്‌റൈൻ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയോട് ആവശ്യപ്പെട്ടു.

സൗദി അറേബ്യയുടെ പരമാധികാരത്തിന്മേലുള്ള ഗുരുതരമായ ലംഘനവും പ്രാദേശിക സുരക്ഷക്കും സാധാരണക്കാർക്കും വ്യോമയാന സുരക്ഷക്കും നേരിട്ടുള്ള ഭീഷണിയുമാണ് കിംങ്‌ ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണമെന്ന് ഖത്തർ വിശേഷിപ്പിക്കുകയും അതിനെ അപലപിക്കുകയും ചെയ്തു.

സൗദിയുമായി പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ച ഖത്തർ വിദേശകാര്യ മന്ത്രാലയം, സൗദിയുടെ പരമാധികാരം, സുരക്ഷ, പ്രാദേശിക അഖണ്ഡത എന്നിവ സംരക്ഷിക്കുന്നതിനായി സ്വീകരിക്കുന്ന നടപടികൾക്ക് പിന്തുണയും അറിയിച്ചു. സൗദി അറേബ്യയുടെ സുരക്ഷ ഖത്തറിന്റെയും ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി ) അംഗരാജ്യങ്ങളുടെയും സുരക്ഷക്ക് അത്യന്താപേക്ഷിതമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. സൗദി പരമാധികാരത്തിന്റെ നഗ്നമായ ലംഘനവും രാജ്യത്തിന്റെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാകുന്ന അപകടകരമായ സാഹചര്യവികാസവുമാണ് ഈ ആക്രമണമെന്ന് വ്യക്തമാക്കി ജോർദനും അപലപിച്ചു.

സൗദിയിലെ സാധാരണക്കാർക്കും കേന്ദ്രങ്ങൾക്കും സാമ്പത്തിക സ്ഥാപനങ്ങൾക്കും നേരെയുള്ള ആക്രമണങ്ങളെ തങ്ങൾ എതിർക്കുന്നുവെന്ന് ജോർദാൻ വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി.

സൗദിയുമായുള്ള ഐക്യദാർഢ്യം ഉറപ്പിച്ചുപറഞ്ഞും മരണപ്പെട്ടവരോടുള്ള അനുശോചനം രേഖപ്പെടുത്തിയും ഫലസ്തീൻ വിദേശകാര്യ മന്ത്രാലയവും ഈ ആക്രമണ ങ്ങളെ അപലപിച്ചു. സാധാരണക്കാരെയും സുപ്രധാന അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ളതാണ് ആക്രമണങ്ങളെന്ന് ചൂണ്ടിക്കാട്ടി സൈപ്രസ് അപലപിച്ചു. സൗദിയോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിച്ച സൈപ്രസ് മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുകയും ചെയ്തു.അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമെന്ന് വിശേഷിപ്പിച്ചുകൊണ്ട് റിയാദ് വിമാനത്താവളത്തിനും സൗദിയ എയർലൈൻസിന്റെ വിമാനത്തിനും നേരെയുണ്ടായ ആക്രമണങ്ങളെ ഈജിപ്തും അപലപിച്ചു. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ലയും തമ്മിൽ നടത്തിയ ടെലിഫോൺ സംഭാഷണത്തിനിടെയാണ് ഒമാൻ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. സാധാരണക്കാരുടെ കേന്ദ്രങ്ങൾക്കു നേരെയുള്ള ആക്രമണങ്ങ ളെയും സൗദി സുരക്ഷക്ക് നേരെയുള്ള ഭീഷണികളെയും ഒമാൻ മന്ത്രി തള്ളിപ്പറഞ്ഞു. ഹൂതികൾ തുടരുന്ന ആക്രമണങ്ങളെ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ (ഒ.ഐ.സി) ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും നഗ്നമായ ലംഘനമായാണ് ഈ സംഭവങ്ങളെ ഒ.ഐ.സി വിശേഷിപ്പിച്ചത്. ആക്രമണങ്ങളെ അപലപിക്കാനും അവ ആവർത്തിക്കാതിരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാനും ഐക്യ രാഷ്ട്ര സഭയോടും അന്താരാഷ്ട്ര-പ്രാദേശിക സംഘടനകളോടും അവർ ആവശ്യപ്പെട്ടു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Riyadh Airport Attack Condemned
Next Story