റിയാദ് എയറും സൗദിയയും കൈകോർക്കുന്നു: വിമാനയാത്രക്കാർക്ക് ഇനി നടപടികൾ എളുപ്പം
text_fieldsറിയാദ് എയർ, സൗദി അറേബ്യൻ എയർലൈൻസ് പ്രതിനിധികൾ കോഡ് ഷെയറിങ് കരാർ ഒപ്പിടൽ ചടങ്ങിൽ
റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ വിമാനക്കമ്പനികളായ റിയാദ് എയറും സൗദി അറേബ്യൻ എയർലൈൻസും (സൗദിയ) തമ്മിൽ പുതിയൊരു സാങ്കേതിക പങ്കാളിത്തത്തിന് തുടക്കം കുറിച്ചു. ഇരു കമ്പനികളും തമ്മിലുള്ള തന്ത്രപ്രധാന സഹകരണത്തിെൻറ ആദ്യ ഘട്ടമാണിത്. ഈ കൂട്ടുകെട്ടിലൂടെ സൗദിക്കകത്തും പുറത്തോട്ടുമുള്ള വിമാന സർവീസുകൾ കൂടുതൽ വ്യാപിപ്പിക്കാനും യാത്രക്കാർക്ക് തടസ്സങ്ങളില്ലാത്ത സുഗമമായ യാത്രാസൗകര്യം ഒരുക്കാനുമാണ് ലക്ഷ്യമിടുന്നത്.
ഇതിെൻറ ഭാഗമായി റിയാദ് എയർ തങ്ങളുടെ സാങ്കേതിക സംവിധാനങ്ങളെ സൗദിയയുടെ പാസഞ്ചർ സിസ്റ്റവുമായി ബന്ധിപ്പിച്ചു. ഇതോടെ ഇരു കമ്പനികൾക്കും ഒന്നിച്ച് ഡിജിറ്റൽ കോഡ്-ഷെയറിങ് നടപ്പാക്കാൻ സാധിക്കും. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സൗദിയ സർവീസ് നടത്തുന്ന ആറ് പ്രധാന ആഭ്യന്തര റൂട്ടുകളിൽ റിയാദ് എയർ തങ്ങളുടെ ‘RX’ കോഡ് കൂടി ഉൾപ്പെടുത്തും.
അബഹ, അൽ ഖസീം, ദമ്മാം, ജിദ്ദ, മദീന, തബൂക്ക് എന്നിവയാണ് ഈ ആറ് നഗരങ്ങൾ. ഇത് രാജ്യത്തെ വിവിധ പ്രദേശങ്ങൾ തമ്മിലുള്ള വ്യോമബന്ധം ശക്തമാക്കുകയും ഇരു എയർലൈനുകളുടെയും ശൃംഖല വികസിപ്പിക്കാൻ സഹായിക്കുകയും ചെയ്യും.ഈ ആറ് ലക്ഷ്യസ്ഥാനങ്ങളിലേക്കുമുള്ള സൗദിയയുടെ പ്രതിദിന സർവീസുകളിൽ ‘RX’ കോഡ് വരുന്നതോടെ, റിയാദ് എയർ വിമാനങ്ങളുടെ യാത്രാസമയം ക്രമീകരിക്കാൻ സാധിക്കും. റിയാദ് വിമാനത്താവളത്തിലെ ഒന്ന് മുതൽ നാല് വരെയുള്ള ടെർമിനലുകളിൽ നിന്നാണ് ഇരു കമ്പനികളും പ്രവർത്തിക്കുന്നത്. കണക്റ്റിങ് യാത്രക്കാർക്ക് ഏത് റൂട്ടിലും ഒരൊറ്റ ടിക്കറ്റിൽ യാത്ര ബുക്ക് ചെയ്യാനും, ലഗേജ് ഇടയിൽ വെച്ച് എടുക്കാതെ നേരിട്ട് അവസാന ലക്ഷ്യസ്ഥാനത്തേക്ക് ചെക്ക്-ഇൻ ചെയ്യാനും സാധിക്കും. ദമ്മാമിൽ നിന്നുള്ള യാത്രക്കാർക്ക് റിയാദ് വഴി മാഡ്രിഡിലേക്കും, ക്വാലാലംപൂരിൽ നിന്ന് വരുന്നവർക്ക് റിയാദ് വഴി മദീനയിലേക്കും ഒറ്റ ടിക്കറ്റിൽ ബാഗേജ് ബുദ്ധിമുട്ടുകളില്ലാതെ എളുപ്പത്തിൽ യാത്ര ചെയ്യാം.
റിയാദ് എയറിലെ ബിസിനസ് ക്ലാസ് യാത്രക്കാർക്ക് സൗദിയിലെ വിവിധ വിമാനത്താവളങ്ങളിലുള്ള സൗദിയയുടെ വിഐപി ലോഞ്ചുകൾ ഉപയോഗിക്കാൻ സാധിക്കും. റിയാദ് വിമാനത്താവളത്തിലെ നാലാം ടെർമിനൽ വഴി സൗദിയ ആഭ്യന്തര വിമാനങ്ങളിലേക്ക് മാറുമ്പോഴും ഈ സൗകര്യം ലഭ്യമാണ്. വരും മാസങ്ങളിൽ റിയാദ് എയറിെൻറ ‘സഫീർ’, സൗദിയയുടെ ‘അൽ ഫുർസാൻ’ എന്നീ യാത്രാ റിവാർഡ് പ്രോഗ്രാമുകളിലെ അംഗങ്ങൾക്ക് പരസ്പരം പോയിൻറുകൾ നേടാനും ഉപയോഗിക്കാനുമുള്ള അവസരമൊരുങ്ങും. യോഗ്യരായ യാത്രക്കാർക്ക് പ്രാദേശിക-അന്തർദേശീയ എയർപോർട്ടുകളിൽ ലോഞ്ച് ഉപയോഗിക്കാനുള്ള കരാറുകളും നിലവിൽ വരും.
അതോടൊപ്പം റിയാദ് എയർ സർവീസ് നടത്തുന്ന വിമാനങ്ങളിൽ സൗദിയ തങ്ങളുടെ ‘SV’ കോഡ് ചേർക്കാനും പദ്ധതിയിടുന്നുണ്ട്. ഇത് സൗദിയ യാത്രക്കാർക്ക് കൂടുതൽ വിമാന സമയങ്ങളും കണക്റ്റിവിറ്റിയും നൽകും. FLYR, INK, Amadeus എന്നീ സാങ്കേതിക പങ്കാളികളുമായി ചേർന്ന് മൂന്ന് വർഷത്തോളം നടത്തിയ പ്രവർത്തനങ്ങൾക്കും പരീക്ഷണങ്ങൾക്കും ശേഷമാണ് ഇരു കമ്പനികളും ഈ സംവിധാനം പ്രാവർത്തികമാക്കിയത്. ആഗോളതലത്തിൽ 15-ഓളം എയർലൈനുകളുമായി റിയാദ് എയർ നിലവിൽ ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

