റിയാദ് എയറും റെഡ് സീ കമ്പനിയും കൈകോർക്കുന്നു
text_fieldsസഹകരണ കരാറിൽ റെഡ് സീ ഇന്റർനാഷനൽ സി.ഇ.ഒ ജോൺ പഗാനോയും റിയാദ് എയർ
സി.ഇ.ഒ ടോണി ഡഗ്ലസും ഒപ്പ് വെച്ചപ്പോൾ
റിയാദ്: റിയാദ് എയറും റെഡ് സീ ഇന്റർനാഷനൽ കമ്പനിയും കൈകോർക്കുന്നു. മാർക്കറ്റിങ് ശ്രമങ്ങൾ സംയോജിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇരുകമ്പനികളും കരാറിൽ ഒപ്പുവെച്ചു. റെഡ് സീ ഇന്റർനാഷനൽ സി.ഇ.ഒ ജോൺ പഗാനോയും റിയാദ് എയർ സി.ഇ.ഒ ടോണി ഡഗ്ലസും പങ്കെടുത്ത ചടങ്ങിലാണ് പങ്കാളിത്തം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
റെഡ് സീ വിമാനത്താവളത്തെ ഗുണനിലവാരമുള്ള വിമാന സർവിസുകളുമായി ബന്ധിപ്പിക്കുകയും ആഡംബര ടൂറിസത്തിന് പുതിയ ചക്രവാളങ്ങൾ തുറക്കുകയും ചെയ്യുക ലക്ഷ്യമിട്ടാണിത്. ഈ പങ്കാളിത്തം രണ്ട് കമ്പനികളും ബ്രാൻഡിങ്, മാർക്കറ്റിങ് പ്രവർത്തനങ്ങളിൽ സഹകരിക്കുന്നതിനും അവരുടെ സാന്നിധ്യം വർധിപ്പിക്കുന്നതിനും അവബോധം വളർത്തുന്നതിനും സംഭാവന നൽകും.
സുസ്ഥിര ആഡംബര വിനോദസഞ്ചാരത്തിനുള്ള ഒരു ആഗോള ലക്ഷ്യസ്ഥാനമായി ചെങ്കടലിനെ ഉയർത്തിക്കാട്ടുന്നതിനൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും രാജ്യത്തുനിന്നും യാത്ര ചെയ്യുന്ന അതിഥികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട തിരഞ്ഞെടുപ്പായി റിയാദ് എയർലൈൻസിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും സഹായിക്കും.
റെഡ് സീ കമ്പനിയുടെ പ്രശസ്തമായ ആഗോള ലക്ഷ്യസ്ഥാനങ്ങളുമായുള്ള മെച്ചപ്പെട്ട കണക്ടിവിറ്റി ഉൾപ്പെടെ ഭാവി സഹകരണത്തിനുള്ള വഴികൾ ഈ കരാർ തുറക്കും. ഈ പങ്കാളിത്തത്തിന്റെ ഭാഗമായി റിയാദ് എയർ അതിഥികൾക്ക് റെഡ് സീ റിസോർട്ടുകളിൽ എക്സ് ക്ലുസിവ് ഓഫറുകളും പാക്കേജുകളും ആസ്വദിക്കാൻ കഴിയും.
റിയാദ് എയറിന്റെ ‘ജമീല’ എന്ന് പേരിട്ടിരിക്കുന്ന പുതിയ വിമാനത്തെ സ്വാഗതം ചെയ്യുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്നും ഭാവിയിൽ തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള പതിവ് വിമാനങ്ങളിൽ അവരെ സ്വാഗതം ചെയ്യുന്നതിനായി തങ്ങൾ ആഗ്രഹിക്കുന്നുവെന്നും റെഡ് സീ ഇന്റർനാഷനൽ സി.ഇ.ഒ ജോൺ പഗാനോ പറഞ്ഞു. റിയാദ് ഏവിയേഷനുമായുള്ള സഹകരണം പ്രധാനമായും രാജ്യത്തിന്റെ വിജയഗാഥ പറയുന്നതിനെ ചുറ്റിപ്പറ്റിയാണ്. അന്താരാഷ്ട്ര വേദിയിൽ അസാധാരണമായ ഒരു ലക്ഷ്യസ്ഥാനമെന്ന നിലയിൽ സൗദി അറേബ്യയുടെ സ്ഥാനം ഉയർത്തിക്കാട്ടുന്നതിനായി തങ്ങളുടെ രണ്ട് ബ്രാൻഡുകളും ഒന്നിക്കുന്നു. പ്രീമിയം ഉള്ളടക്കവും നൂതനമായ കാമ്പയിനുകളും പങ്കിടുന്നതിലൂടെ, തങ്ങളുടെ ആഗോള സാന്നിധ്യം ശക്തിപ്പെടുത്തുക മാത്രമല്ല, ആഗോള പ്രേക്ഷകരുമായി ആഴത്തിലുള്ള വൈകാരിക ബന്ധങ്ങൾ കെട്ടിപ്പടുക്കുകയും ചെയ്യുന്നുവെന്നും ജോൺ പഗാനോ പറഞ്ഞു.
വ്യോമയാന, ടൂറിസം മേഖലകളുടെ ഭാവിയെ പരിവർത്തനം ചെയ്യാൻ പ്രവർത്തിക്കുന്ന രണ്ട് അഭിലാഷ സൗദി കമ്പനികളുടെ ശ്രമങ്ങളെ ഏകീകരിക്കുന്ന, ദി റെഡ് സീ ഇന്റർനാഷനലുമായി ഈ പങ്കാളിത്തത്തിൽ ഒപ്പുവെക്കുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്ന് റിയാദ് എയർ സി.ഇ.ഒ ടോണി ഡഗ്ലസ് പറഞ്ഞു.
റിയാദ് എയർ ചെങ്കടൽ ലക്ഷ്യസ്ഥാനത്തെ കുറിച്ചുള്ള ആഗോള അവബോധം വർധിപ്പിക്കുന്നതിന് തങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും. കാലക്രമേണ ഈ പങ്കാളിത്തം കൂടുതൽ ആഴത്തിലുള്ള സഹകരണത്തിനുള്ള പുതിയ ചക്രവാളങ്ങൾ തുറക്കുമെന്നും ഡോണി ഡഗ്ലസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

