റിയാദ് മെട്രോ: 70 ശതമാനം പൂർത്തിയായി
text_fieldsറിയാദ്: നഗരഗതാഗതത്തിൽ വലിയ വഴിത്തിരിവാകുന്ന റിയാദ് മെട്രോ പദ്ധതി എഴുപത് ശതമാനത്തോളം പൂർത്തിയായി. ഈ വർഷം അവസാനത്തോടെ പരീക്ഷണ സർവീസ് ആരംഭിക്കും. തലസ്ഥാന നഗരിയിലെ 250 സ്ഥലങ്ങളിൽ നിർമാണ ജോലികൾ നടന്നുവരുന്നുണ്ട്. പ്രധാന സ്റ്റേഷനുകളും ശാഖ സ്റ്റേഷനുകളും അടക്കം 85 സ്റ്റേഷനുകളും ഏഴു മെയിൻറനൻസ്, ഹാൾട്ട് കേന്ദ്രങ്ങളും പദ്ധതിയുടെ ഭാഗമായി നിർമിക്കുന്നുണ്ട്. മെട്രോ പദ്ധതി തുരങ്കനിർമാണം പൂർത്തിയായിട്ടുണ്ട്. ആകെ 36 കിലോമീറ്റർ നീളത്തിലാണ് തുരങ്കങ്ങൾ നിർമിച്ചിരിക്കുന്നത്. പാലങ്ങൾ നിർമിക്കുന്നതിനുള്ള ജോലികളുടെ 98 ശതമാനം ഇതിനകം പൂർത്തിയായി. ഉപരിതല റെയിൽപാത നിർമാണ ജോലികളുടെ 86 ശതമാനം പൂർത്തിയായി. മെട്രോയിൽ 68 ശതമാനം ഭാഗത്ത് റെയിൽ പാളങ്ങൾ സ്ഥാപിക്കുന്ന ജോലികളും പൂർത്തിയായിട്ടുണ്ട്.
മെട്രോ പാതകൾ കടന്നുപോകുന്ന പ്രദേശങ്ങളിലെ വൈദ്യുതി, ജല, ടെലികോം കേബിളുകളും പൈപ്പ് ലൈനുകളും മാറ്റി സ്ഥാപിക്കുന്ന ജോലികളുടെ 90 ശതമാനം പൂർത്തിയായി. മെട്രോ സ്റ്റേഷനുകൾ സ്‌പോൺസർ ചെയ്യുന്നതിനും സ്റ്റേഷനുകളിൽ നിക്ഷേപം നടത്തുന്നതിനുമുള്ള ഓഫറുകൾ അടങ്ങിയ നിരവധി ടെണ്ടറുകൾ നഗര വികസന അതോറിറ്റിക്ക് ലഭിച്ചിട്ടുണ്ട്. 176 കിലോമീറ്റർ ദൂരത്തിലാണ് മെട്രോ റെയിൽ പണിയുന്നത്. ജോലികള്‍ 68 ശതമാനം പിന്നിട്ടതായി കഴിഞ്ഞ മാസം റിയാദ് നഗര വികസന അതോറിറ്റി യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കവെ റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ വെളിപ്പെടുത്തിയിരുന്നു.
റിയാദ് മെട്രോയിൽ സർവീസിന് ഉപയോഗിക്കുന്ന ട്രെയിനുകളുടെ പരീക്ഷണം പുരോഗമിക്കുകയാണ്. ആകെ 452 ട്രെയിനുകളാണ് സർവീസ് നടത്തുക. ഇതിൽ 300 ഓളം ട്രെയിനുകളുടെ നിർമാണം ഇതിനകം പൂർത്തിയായി. ലോകത്തെ ഏറ്റവും വലിയ ട്രെയിൻ നിർമാതാക്കളായ ജർമനിയിലെ സീമെൻസ്, കാനഡയിലെ ബൊംബാർഡിയർ, ഫ്രാൻസിലെ ആൽസ്റ്റം കമ്പനികളാണ് ട്രെയിനുകൾ നിർമിച്ചു നൽകുന്നത്. 60 ട്രെയിനുകൾ ഇതിനകം റിയാദിൽ എത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
