റിയാദ് ബീറ്റ്സ്: ഹൃദയദിനത്തിൽ ‘ഹൃദയ’ത്തിലെ പാട്ടുപാടി വിധുവിന്റെ മാസ് എൻട്രി
text_fieldsവിധു പ്രതാപ് റിയാദ് ബീറ്സ് വേദിയിൽ
റിയാദ്: നിറഞ്ഞുകവിഞ്ഞ റിയാദ് ബീറ്റ്സ് വേദിയിൽ പ്രശസ്ത ഗായകൻ വിധു പ്രതാപിന്റെ മാസ് എൻട്രി സദസ്സിനെ കൈയിലെടുത്ത്. ലോക ഹൃദയദിനത്തിൽ ഹൃദയം സിനിമയിലെ ‘ദർശനാ’ എന്നു തുടങ്ങുന്ന ഗാനവുമായെത്തിയ വിധുവിനെ വരവേറ്റത് സദസ്സിന്റെ നിലക്കാത്ത കൈയടി. തുടർന്ന് ഷാർജ ടു ഷാർജ സിനിമയിലെ ‘ദിൽ ദിൽ സലാം’ എന്ന ഗാനത്തിന് വിധു ശബ്ദം നൽകിയപ്പോൾ വരികൾക്കൊപ്പം വർണ വസ്ത്രങ്ങളണിഞ്ഞ് ചുവടുവെച്ചത് റിയാദിലെ പോൾ സ്റ്റാർ ഡാൻസ് അക്കാദമിയിലെ കൗമാര പ്രതിഭകൾ. ഇതോടെ റിയാദ് ബീറ്റ്സിന്റെ തുടക്കംതന്നെ കളറായി.
ഭീമൻ രഘുവിനെ ട്രോളി പിഷാരടി
റിയാദ് ബീറ്റ്സിലെ സ്റ്റാൻഡപ്പ് കോമഡിക്ക് തുടക്കം കുറിച്ചാണ് രമേശ് പിഷാരടി ഭീമൻ രഘുവിനെ ട്രോളിയത്. വേദിക്ക് മുന്നിൽ നിൽക്കുന്ന കാമറമാനോട് ബഹുമാനപൂർവം എഴുന്നേറ്റ് നിൽക്കുവാണോ എന്ന് ചോദിച്ചതോടെ ട്രോൾ ഒളിപ്പിച്ചാണ് ചോദ്യമെന്ന് മനസ്സിലായ സദസ്സിൽനിന്ന് ചിരിയുണർന്നു. പ്രസംഗിക്കുമ്പോൾ മുൻനിരയിലിരുന്ന് എഴുന്നേറ്റ് നിൽക്കലാണ് പുതിയ ട്രെൻഡെന്നുകൂടി പിഷാരടി പറഞ്ഞതോടെ ശങ്കിച്ചുനിന്നവർക്കുകൂടി കാര്യം ബോധ്യമായി.
പിന്നെ ആകാശം നടുങ്ങുന്ന കൈയടിയും പൊട്ടിച്ചിരിയുമായിരുന്നു സദസ്സിൽനിന്ന്. സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുമ്പോൾ ആദ്യവസാനം നടൻ ഭീമൻ രഘു എഴുന്നേറ്റുനിന്നത് വലിയ വാർത്തയായിരുന്നു. ഇത് ഓർമിപ്പിച്ചായിരുന്നു പിഷാരടിയുടെ കോമഡി.
റിയാദ് ബീറ്റ്സ് വേദിയിൽ ഭാവന, രമേഷ് പിഷാരടി, വിധു പ്രതാപ് എന്നിവർ

