‘ബഫർ സോൺ ആധിയും ആശങ്കയും’ റിവ സെമിനാർ
text_fields‘റിവ’ റിയാദിൽ ‘ബഫർ സോൺ ആധിയും ആശങ്കയും’ സെമിനാറിൽ വഴിക്കടവ് പ്രവാസികൾ ആവശ്യങ്ങൾ രേഖപ്പെടുത്തിയ പ്ലക്കാർഡ് ഉയർത്തിയപ്പോൾ
റിയാദ്: റിയാദിലെ വഴിക്കടവുകാരുടെ കൂട്ടായ്മയായ ‘റിവ’ റിയാദ് ശിഫ സനാഇയിൽ ‘ബഫർ സോൺ ആധിയും ആശങ്കയും’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. വനയോര മേഖലയായ വഴിക്കടവും പരിസരപഞ്ചയത്തുകളും ബഫർ സോൺ പരിധിയിൽ ആകുന്നതോടെ പ്രദേശവാസികളുടെ ഉപജീവനമാർഗമായ കൃഷിക്കും വാസത്തിനും ഉണ്ടാവാൻ പോകുന്ന ഭവിഷ്യത്തുകളെ കുറിച്ചുള്ള ആധി സെമിനാറിൽ പ്രസംഗിച്ചവർ പങ്കുവെച്ചു.
ശിഫ റഹ്മാനിയ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടത്തിയ സെമിനാറിൽ പ്രസിഡൻറ് സൈനുൽ ആബിദ് അധ്യക്ഷത വഹിച്ചു. ‘കിഫ’ ചെയർമാൻ അലക്സ് ഒഴുകയിൽ സെമിനാർ ഉദ്ഘാടനം ചെയ്തു. നിർദിഷ്ട ഒരു കിലോമീറ്റർ ബഫർ സോൺ താമസക്കാരുടെ ഭൂമിക്കതിരിൽ ഫോറസ്റ്റിന് ഉൾപ്രദേശത്തുതന്നെ ആക്കാവുന്നതാണെന്നും കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളെ നിലവിലുള്ള നിയമം കൊണ്ടുതന്നെ അമർച്ചചെയ്യാൻ സാധ്യമെങ്കിലും സർക്കാർ ഭാഗത്തുനിന്ന് അനുകൂലമായ സമീപനം ഇല്ലാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് ഒരു പരിധിവരെ കാരണമെന്നും അദ്ദേഹം പറഞ്ഞു.
കിഫ മലപ്പുറം ജില്ല പ്രസിഡൻറ് മാത്യു സെബാസ്റ്റ്യൻ, ജില്ല കമ്മിറ്റി അംഗം ഗഫൂർ മൂച്ചിക്കാടൻ എന്നിവർ ബഫർ സോൺ കൊണ്ട് ഭാവിയിൽ ഉണ്ടാകാൻ പോകുന്ന ഭവിഷ്യത്തുകളുടെ ഗൗരവം സദസ്സിനെ ബോധ്യപ്പെടുത്തി.
പ്ലക്കാർഡുകളേന്തി അംഗങ്ങൾ പ്രതിജ്ഞ ചൊല്ലി. സൈനുൽ ആബിദ് പ്രതിജ്ഞ വാചകങ്ങൾ ചൊല്ലിക്കൊടുത്തു. റിവ ഐ.ടി വിഭാഗം കൺവീനർ ശ്രീജിത്ത് നമ്പ്യാർ ഓൺലൈൻ മീറ്റിങ്ങും ചോദ്യോത്തര സെഷനും നിയന്ത്രിച്ചു. ലത്തീഫ് ബാബു, റഷീദ് തമ്പലക്കോടൻ, സലാഹുദ്ദീൻ, ഇസ്ഹാഖ് ചേരൂർ, ചെറിയാപ്പു കടൂരാൻ, വാപ്പു പുതിയറ, സത്താർ തമ്പലക്കോടൻ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ജോൺസൺ മണിമൂളി സ്വാഗതവും ട്രഷറർ അൻസാർ ചരലൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

