റിസാ-ടോട്ട് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
text_fieldsറിയാദ്: സുബൈർകുഞ്ഞ് ഫൗണ്ടേഷന്റെ (റിസ) സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ നടത്തിയ ലഹരിവിരുദ്ധ പ്രവർത്തക പരിശീലന പരിപാടിയുടെ (റിസാ - ടോട്ട്) മൂല്യനിർണയ പരീക്ഷാഫലം ഒക്ടോബർ 21ന് പ്രസിദ്ധീകരിച്ചു. വിവിധ രാജ്യങ്ങളിലെ 20 വിദ്യാഭാസ സ്ഥാപനങ്ങളിൽ നിന്നുമായി 526 പേരാണ് വിജയികളായത്. 193 പേർ വിജയിച്ച റിയാദിലെ യാര ഇന്റർ നാഷനൽ സ്കൂളാണ് ഒന്നാം സ്ഥാനത്ത്. 93 പേർ വീതം വിജയിച്ച അജ്മാനിലെ പേസ് ഇന്റർനാഷനൽ സ്കൂളും ഷാർജയിലെ ഡൽഹി പ്രൈവറ്റ് സ്കൂളും രണ്ടാം സ്ഥാനത്തും, 67 വിജയികളുമായി റിയാദിലെ ഡ്യൂൺസ് ഇന്റർനാഷനൽ സ്കൂൾ മൂന്നാം സ്ഥാനത്തുമെത്തി. വിജയിച്ച എല്ലാവർക്കും ഈ-മെയിൽ സന്ദേശം അയച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
ഒക്ടോബർ 24ന് സൗദി സമയം വൈകുന്നേരം 3:30ന് നടക്കുന്ന ഓൺലൈൻ ചടങ്ങിൽ വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ റിലീസ് ചെയ്യും. അത്താ ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷൻസ് സി.ഇ.ഒ ഡോ. ഇബ്രാഹിം ഫർഹാൻ ആണ് ഓൺ ലൈൻ റിലീസിന്റെ ഉദ്ഘാടനം നിർവഹിക്കുന്നത്. തുടർന്ന് www.risatots.online എന്ന വെബ്സൈറ്റിൽ നിന്ന് സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്. 'ലഹരി ഉപഭോഗം തുടങ്ങുന്നതിനു മുമ്പ് തന്നെ തടയുക' എന്ന സന്ദേശത്തോടെ 2015 മുതൽ ‘റിസ’ നടത്തിവരുന്ന സൗജന്യ പരിശീലക പരിശീലന പരിപാടിയാണ് ‘റിസാ-ടോട്ട് എന്ന് കൺവീനർ ഡോക്റ്റർ അബ്ദുൽ അസീസ് സുബൈർ കുഞ്ഞ്, പ്രോഗ്രാം കൺസൾട്ടന്റ് ഡോക്റ്റർ എ.വി ഭരതൻ എന്നിവർ അറിയിച്ചു.

