ലഹരി ഉപയോഗം തുടങ്ങുന്നതിന് മുമ്പേ തടയുക; റിസയുടെ 'ദശലക്ഷം സന്ദേശ' കാമ്പയിൻ സമാപിച്ചു
text_fieldsറിയാദ്: സുബൈർകുഞ്ഞ് ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയായ 'റിസ' അന്താരാഷ്ട്ര തലത്തിൽ സംഘടിപ്പിച്ച 14ാമത് 'ദശലക്ഷം സന്ദേശ' കാമ്പയിൻ സമാപിച്ചു. ഗാന്ധിജയന്തി ദിനം മുതൽ ശിശുദിനമായ നവംബർ 14 വരെ നീണ്ടുനിന്ന കാമ്പയിനിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാമൂഹിക കൂട്ടായ്മകൾ, വിവിധ സോഷ്യൽ നെറ്റ്‌വർക്കുകൾ, വെബ്സൈറ്റുകൾ, ഹൈപ്പർമാർക്കറ്റ് ബ്രോഷറുകൾ എന്നിവയിലൂടെ ലക്ഷക്കണക്കിന് സന്ദേശങ്ങൾ പ്രചരിപ്പിച്ചു. 20 വ്യത്യസ്ത ഭാഷകളിൽ തയാറാക്കിയ ലഘുലേഖകളും ഹ്രസ്വചിത്രങ്ങളും, 46 ഭാഷകളിൽ തയാറാക്കിയ വീഡിയോ സന്ദേശങ്ങളുമാണ് പ്രചാരണത്തിനായി ഉപയോഗിച്ചത്.
പ്രമുഖ ഹൈപ്പർമാർക്കറ്റായ സിറ്റിഫ്ലവർ സൗദി അറേബ്യയിലെ 23 ഔട്ട്‌ലെറ്റുകളിൽ പ്രസിദ്ധീകരിച്ച അഞ്ച് ലക്ഷത്തിലധികം ബ്രോഷറുകളിലൂടെയും അത്രയും തന്നെ ഓൺലൈൻ ബ്രോഷറുകളിലൂടെയും റിസയുടെ സന്ദേശം ജനങ്ങളിലെത്തിച്ചു. കൂടാതെ, റിയാദിലെ വിവിധ ശാഖകളിലെ ബ്രോഷറുകളിലൂടെ എ ടു ഇസഡ് ഹൈപ്പർമാർട്ട് 25,000-ത്തിലധികം സന്ദേശങ്ങളും, ഹാരയിലെ സെൻട്രോ ഹൈപ്പർമാർക്കറ്റ് 6,000-ത്തിലധികം സന്ദേശങ്ങളും സമൂഹത്തിലെത്തിച്ചു. റിസയുടെ വിവിധ ഗ്രൂപ്പുകളിലൂടെ ആയിരക്കണക്കിന് ഇ-സന്ദേശങ്ങളും കൈമാറി.
കാമ്പയിന്റെ ഭാഗമായി 20 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി 526 പേർക്ക് പരിശീലക പരിശീലനവും (ടോട്ട്), റിയാദിലെ ആർ.ഡി.ടി ക്രിക്കറ്റ് ക്ലബ് അംഗങ്ങൾക്കായി ബോധവൽക്കരണവും ലഹരിവിരുദ്ധ പ്രതിജ്ഞാ ചടങ്ങും സംഘടിപ്പിച്ചു. റിസയുടെ അംഗങ്ങളും സഹകാരികളും വിവിധ സ്ഥലങ്ങളിലെ പ്രചാരണ പരിപാടികൾ ഏകോപിപ്പിച്ചു. കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് റിസയുടെ അടുത്ത പരിശീലക പരിശീലന പരിപാടി ഡിസംബർ അവസാനവാരം സംഘടിപ്പിക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ ഡോ. എസ്. അബ്ദുൽ അസീസും റിസ കൺസൾട്ടന്റ് ഡോ. എ.വി. ഭരതനും വാർത്താകുറിപ്പിൽ അറിയിച്ചു.

