‘റിംല’ എട്ടാമത് വാർഷികാഘോഷം ഏപ്രിൽ 10ന്
text_fields‘റിംല’ എട്ടാമത് വാർഷികാഘോഷം പോസ്റ്റർ പ്രകാശനം ചെയ്തപ്പോൾ
റിയാദ്: റിയാദ് ഇന്ത്യൻ മ്യൂസിക് ലവേഴ്സ് അസോസിയേഷൻ (റിംല) എട്ടാമത് വാർഷികാഘോഷം ഏപ്രിൽ 10ന് സംഘടിപ്പിക്കുന്നു. ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന സംഗീത പരിപാടിയുടെ പോസ്റ്റർ പ്രകാശനം റിയാദ് ഷോല അൽ വഫ ഓഡിറ്റോറിയത്തിൽ വർണാഭമായ ചടങ്ങുകളോടെ നടന്നു. പ്രശസ്ത സിനിമ പിന്നണി ഗായകരായ നജീം അർഷാദും അനുശ്രീയും ആണ് ഇത്തവണത്തെ വാർഷികാഘോഷത്തിലെ മുഖ്യ ആകർഷണം. നാട്ടിൽനിന്നുള്ള മ്യൂസിക് ബാൻഡും റിയാദിലെ റിംല ഓർക്കസ്ട്ര ടീമും അണിനിരക്കുന്ന ലൈവ് മ്യൂസിക് ഷോ പരിപാടിയുടെ ഹൈലൈറ്റ് ആയിരിക്കുമെന്ന് ഷോ ഡയറക്ടർ സുരേഷ് ശങ്കർ അറിയിച്ചു.
ടി.എസ്.ടി മെറ്റൽസ് ഡയറക്ടർമാരായ മധു പട്ടന്നൂരും റൈഷ മധുവും ചേർന്ന് പോസ്റ്റർ പ്രകാശനം നിർവഹിച്ചു. റിംല പ്രസിഡന്റ് ബാബുരാജ് ചടങ്ങിൽ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി അൻസാർ ഷാ സ്വാഗതവും ജോയന്റ് സെക്രട്ടറി ശ്യാം സുന്ദർ നന്ദിയും പറഞ്ഞു.ചടങ്ങിൽ സാമൂഹികപ്രവർത്തകൻ ഷിഹാബ് കൊട്ടുക്കാട്, സലീം കളക്കര (ഒ.ഐ.സി.സി പ്രസിഡന്റ്), റഹ്മാൻ മുനമ്പത്ത് (ഫോർക ചെയർമാൻ), ഷാനവാസ് (എം.കെ ഫുഡ്സ് എം.ഡി), ഷിബു ഉസ്മാൻ (റിയാദ് ഇന്ത്യൻ മീഡിയ ഫോറം), ശങ്കർ കേശവൻ, പദ്മിനി നായർ, ഡോ. കെ.ആർ. ജയചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു.
പോസ്റ്റർ പ്രകാശനത്തോടനുബന്ധിച്ച് റിംലയിലെ ഗായകർ അണിനിരന്ന ഗാനസന്ധ്യയും അരങ്ങേറി. ശ്യാം സുന്ദർ, അൻസാർ ഷാ, വിനോദ് വെണ്മണി തുടങ്ങി മുതിർന്നവരും കുട്ടികളും അടങ്ങുന്ന സംഘം ഗാനങ്ങൾ ആലപിച്ചു. ലീന ബാബുരാജിന്റെ നേതൃത്വത്തിൽ ഫ്യൂഷൻ തിരുവാതിരയും അദ്വിക മഹേഷിന്റെ സിനിമാറ്റിക് ഡാൻസും വിധു ഗോപകുമാർ, ദേവിക ബാബുരാജ് എന്നിവരുടെ സെമി ക്ലാസിക്കൽ നൃത്തവും ശ്രദ്ധേയമായി.
സന്തോഷ് തോമസ്, തോമസ് പൈലൻ എന്നിവരുടെ ഇൻസ്ട്രുമെന്റൽ ഫ്യൂഷൻ കാണികൾക്ക് പുത്തൻ അനുഭവമായി. ഹരിത അശ്വിൻ, അക്ഷിക മഹേഷ് എന്നിവർ പരിപാടിയുടെ അവതാരകരായിരുന്നു. മുൻ വർഷങ്ങളിൽ ഉണ്ണി മേനോൻ, മധു ബാലകൃഷ്ണൻ തുടങ്ങിയ പ്രതിഭകൾ നയിച്ച പരിപാടികൾ പോലെ തന്നെ ഇത്തവണയും റിയാദിലെ സംഗീത പ്രേമികൾക്ക് മറക്കാനാവാത്ത ഒരു വിരുന്നായിരിക്കും റിംല ഒരുക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

