റിമാൽ ‘സാന്ത്വന സംഗമം 2025’ നാളെ
text_fieldsറിയാദ്: റിയാദിലെ മലപ്പുറത്തുകാരുടെ കൂട്ടായ്മയായ റിമാൽ സൊസൈറ്റി സംഘടിപ്പിക്കുന്ന ‘സാന്ത്വന സംഗമം 2025’നുള്ള ഒരുക്കം പൂർത്തിയായി.
മലപ്പുറം എം.എസ്.എം ഓഡിറ്റോറിയത്തിൽ ജനുവരി 12ന് രാവിലെ 9.30ന് ആരംഭിക്കുന്ന സംഗമത്തിൽ മലപ്പുറം നഗരപരിധിയിലും സമീപ പ്രദേശങ്ങളിലുമുള്ള ശാരീരിക വെല്ലുവിളികൾ നേരിടുന്നവരും കിടപ്പുരോഗികളുമായ നൂറോളം പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുട്ടികളുടെ കലാവിരുന്നുകളോടെ തുടക്കമാവുന്ന സംഗമത്തിൽ മജീഷ്യൻ ഷംസു പാണായിയുടെ മാജിക് ഷോയും ഉണ്ടായിരിക്കും.
മലപ്പുറം ജില്ല കലക്ടര്‍ ഉൾപ്പെടെ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്ന ‘ഒപ്പം’ സെഷനുശേഷം ഉച്ചക്ക് ശേഷം കുട്ടികളുടെ കലാപരിപാടികൾ തുടരും. കൂടാതെ പരമ്പരാഗത നാടൻപാട്ടുകളും മാപ്പിളപ്പാട്ടുകളുമായി മലപ്പുറം ഇശൽക്കൂട്ടം ഒരുക്കുന്ന സംഗീതവിരുന്നും അരങ്ങേറും. മലപ്പുറം നഗരസഭ, സമീപ പ്രദേശങ്ങളായ 10 പഞ്ചായത്തുകൾ എന്നിവയുടെ പരിധിയിൽനിന്ന് റിയാദിലുള്ള പ്രവാസികളുടെയും മുൻ പ്രവാസികളുടെയും കൂട്ടായ്മയാണ് റിമാൽ സൊസൈറ്റി.
ശാരീരിക വെല്ലുവിളികൾ മൂലം നാലു ചുമരുകൾക്കുള്ളില്‍ തളച്ചിടപ്പെട്ടവരുടെ ഒറ്റപ്പെടലും അകൽച്ചയും ഒരു ദിവസത്തേക്കെങ്കിലും മാറ്റിനിർത്താനും നിലവിലെ പരിമിതികൾക്കുള്ളിൽ നിന്ന് അതിജീവനം, സ്വയംതൊഴിൽ സാധ്യതകൾ എന്നിവയില്‍ ആത്മവിശ്വാസം വളർത്തിയെടുക്കാനും മാനസിക ഉല്ലാസം പകരാനും ഉദ്ദേശിച്ചാണ് സംഗമം സംഘടിപ്പിക്കുന്നതെന്ന് റിമാൽ ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.