സമൂഹത്തിൽ അധികാര കേന്ദ്രീകരണത്തിലൂടെ വലതുപക്ഷ വ്യതിയാനം –ഡോ. ഖദീജ മുംതാസ്
text_fieldsജുബൈൽ വായനശാല സംഘടിപ്പിച്ച വെബിനാറിൽ ഡോ. ഖദീജ മുംതാസ് സംസാരിക്കുന്നു
ജുബൈൽ: അധികാര കേന്ദ്രീകരണത്തിലൂടെയുള്ള വലതുപക്ഷ വ്യതിയാനമാണ് ഇന്ന് സമൂഹത്തിൽ കാണാൻ കഴിയുന്നതെന്ന് എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ഡോ. ഖദീജ മുംതാസ്.ജുബൈൽ വായനശാലയുടെ ആഭിമുഖ്യത്തിൽ 'അധികാര വ്യവസ്ഥയിലെ ജീവിതങ്ങൾ' എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അവർ.പൗരോഹിത്യത്തിലൂടെയും ജാതീയതയിലൂടെയും ജ്ഞാനത്തിെൻറ കുത്തകകൾ സ്ഥാപിക്കുകയും അതുവഴി താഴ്ന്ന ജാതിക്കാർക്ക് അറിവുനേടുവാനുള്ള വഴി ചുരുങ്ങുകയും ചെയ്യുന്നു.
ബ്രിട്ടീഷ് കോളനിവൽക്കരണം താഴ്ന്ന ജാതിക്കാരിലേക്ക് കുറച്ചൊക്കെ വിദ്യാഭ്യാസം നേടുവാനുള്ള അവസരം സൃഷ്ടിച്ചെങ്കിലും അവരും ഫ്യൂഡൽ ജാതിവ്യവസ്ഥകളെ കൂടുതൽ പരിപോഷിപ്പിക്കുകയും അരക്കെട്ടുറപ്പിക്കുകയാണ് ചെയ്തത്. ചാതുർവർണ്യവും തൊഴിൽപരമായ വിവേചനങ്ങളും ഒക്കെ നിലനിന്നിരുന്ന പൗരാണിക ഇന്ത്യയുടെ ബാക്കിപത്രമാണ് ഇന്ന് കാണാൻകഴിയുന്നത്. ഗാന്ധിജി പോലും ഇതിനെ തൊഴിൽപരമായ വിവേചനമായാണ് കണക്കാക്കിയത്. എന്നാൽ ഇതിലെ വർഗീയ ചേരിതിരുവുകളെ ഡോ. അംബേദ്കർ മനസിലാക്കിയിരുന്നു.
വിഭജനം തന്നെ അധികാരതർക്കത്തിനപ്പുറം മതപരമായ വിഭജനം കൂടിയായിരുന്നു. സി.എ.എ, എൻ.ആർ.സി പോലുള്ള നിയമങ്ങളിലൂടെ ഒരുപാട് സാധാരണക്കാർ പൗരത്വമില്ലാതെ പാർശ്വവത്കരിക്കപ്പെടുമെന്നും ഡോ. ഖദീജ മുംതാസ് വ്യക്തമാക്കി.അദീന ജോബി, എൽനാ രാജൻ, പ്രജീഷ് കോറോത്ത്, മുകുന്ദ്, സൗമ്യാമേനോൻ എന്നിവർ സംസാരിച്ചു.ശ്രീഹന വിനോദ് സ്വാഗതവും രഞ്ജിത്ത് നെയ്യാറ്റിൻകര നന്ദിയും പറഞ്ഞു. അമൽ ഹാരിസ് അവതാരകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

