സൗദിയിൽ സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്താൽ 50,000 റിയാൽ വരെ സമ്മാനം
text_fieldsജിദ്ദ: സൗദിയിൽ സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നവർക്ക് 50,000 റിയാൽ വരെയോ അല്ലെങ്കിൽ അത്തരം കേസുകളിൽ ഈടാക്കുന്ന പിഴത്തുകയുടെ ഒരു ശതമാനമോ സമ്മാനമായി നൽകുമെന്ന് സൗദി ദേശീയ സൈബർ സുരക്ഷ അതോറിറ്റി (എൻ.സി.എ) പ്രഖ്യാപിച്ചു. ഈ ഇൻസെൻറീവ് റിവാർഡ് നൽകുന്നതിനുള്ള നടപടിക്രമങ്ങൾ രൂപവത്കരിച്ചു. റിപ്പോർട്ടുകൾ പരിശോധിക്കുന്നതിനും പാരിതോഷികത്തിന് അർഹതയുള്ളവരെ കണ്ടെത്താനും തുക നിശ്ചയിക്കാനും അതോറിറ്റിയിലെ മൂന്ന് ജീവനക്കാർ ഉൾപ്പെടുന്ന ഒരു പ്രത്യേക കമ്മിറ്റിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ചട്ടങ്ങൾക്കനുസൃതമായിട്ടായിരിക്കും ഈ കമ്മിറ്റി പ്രവർത്തിക്കുക.
ലൈസൻസില്ലാതെ സൈബർ സുരക്ഷ ഓപറേഷനുകൾ നടത്തുക, ലൈസൻസിലെ വ്യവസ്ഥകൾ ലംഘിച്ച് പ്രവർത്തിക്കുക, സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട നയങ്ങൾ, മാനദണ്ഡങ്ങൾ, ചട്ടക്കൂടുകൾ, നിയന്ത്രണങ്ങൾ എന്നിവ പാലിക്കാതിരിക്കുക തുടങ്ങിയവയാണ് പ്രധാന സൈബർ കുറ്റകൃത്യങ്ങൾ. ഇവ റിപ്പോർട്ട് ചെയ്യുന്നതിനാണ് സമ്മാനം ലഭിക്കുന്നത്. അതോറിറ്റിയുടെ കർത്തവ്യങ്ങൾ നിർവഹിക്കുന്നതിനിടയിൽ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകാതിരിക്കുകയോ, അതോറിറ്റിയെ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്യുന്നതും നിയമലംഘനമാണ്.
മാനദണ്ഡങ്ങൾ പാലിക്കാത്തതോ ആവശ്യമായ അനുമതിയോ ലൈസൻസോ ഇല്ലാത്തതോ ആയ സൈബർ സുരക്ഷ ഉപകരണങ്ങളോ സേവനങ്ങളോ കൈവശം വെക്കുക, വിൽക്കുക, ഇറക്കുമതി ചെയ്യുക, കയറ്റുമതി ചെയ്യുക എന്നിവയും കുറ്റകരമാണ്. അതോറിറ്റിയിലെ ഇൻസ്‌പെക്ടർമാരെ തങ്ങളുടെ ഡ്യൂട്ടി ചെയ്യുന്നതിൽനിന്ന് തടസ്സപ്പെടുത്തുന്നവർക്കെതിരെയും ശിക്ഷാ നടപടികൾ ഉണ്ടാകും.
അതോറിറ്റിയുടെ സർവേ പ്ലാറ്റ്‌ഫോമിൽ പ്രസിദ്ധീകരിച്ച പുതിയ കരട് റെഗുലേഷൻ അനുസരിച്ച്, റിപ്പോർട്ട് ചെയ്ത ലംഘനം തെളിയിക്കപ്പെട്ടാൽ മാത്രമേ പാരിതോഷികം അനുവദിക്കുകയുള്ളൂ. ഒരു കോടതി വിധിയിലൂടെയോ അപ്പീലിനുള്ള നിയമപരമായ കാലയളവ് അവസാനിക്കുന്നതിലൂടെയോ ലംഘനം തെളിയിക്കുന്ന തീരുമാനം അന്തിമമാകണം. ലംഘനം തെളിയിക്കുന്നതിൽ റിപ്പോർട്ട് ഒരു തീരുമാനപരമായ പങ്ക് വഹിക്കുകയും വേണം.
പാരിതോഷികം ലഭിക്കാനുള്ള വ്യവസ്ഥകളിൽ പ്രധാനമായി റിപ്പോർട്ട് ചെയ്യുന്ന വ്യക്തി അതോറിറ്റിയിലെ ജീവനക്കാരനോ, അയാളുടെ പങ്കാളിയോ, ബന്ധുവോ ആകാൻ പാടില്ല. റിപ്പോർട്ട് ചെയ്യുന്ന ലംഘനം അതിന് മുമ്പ് അതോറിറ്റിക്ക് റിപ്പോർട്ട് ചെയ്യുകയോ പാരിതോഷികം നൽകുകയോ ചെയ്ത ഒന്നാകരുത്. പൊതുജീവനക്കാരോ തത്തുല്യരോ ആണെങ്കിൽ ലംഘനം റിപ്പോർട്ട് ചെയ്യുന്നത് അവരുടെ ഔദ്യോഗിക ചുമതലയുടെ ഭാഗമാകരുത് എന്നും വ്യവസ്ഥയുണ്ട്. റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ മറ്റൊരാളുമായി പങ്കുവെക്കില്ലെന്ന് റിപ്പോർട്ടർ പ്രതിജ്ഞയെടുക്കണം എന്നും വ്യവസ്ഥകളിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

