വിദേശ ഹാജിമാരുടെ മടക്കയാത്ര തുടങ്ങി, നടപടികൾ എളുപ്പമാക്കി പാസ്‌പോർട്ട് വകുപ്പ്
text_fieldsജിദ്ദ/മക്ക: ഈ വർഷത്തെ ഹജ്ജ് കർമങ്ങൾ പ്രശാന്തവും വിജയകരവുമായി പൂർത്തിയാക്കിയ വിദേശ തീർഥാടകരുടെ മടക്കയാത്രക്ക് ഔപചാരികമായ തുടക്കമായി. ഈജിപ്തിൽ നിന്നുള്ള സ്വകാര്യ ടൂറിസം കമ്പനികൾക്ക് കീഴിലെത്തിയ ഹാജിമാർ ഉൾപ്പെടുന്ന ആദ്യ തീർഥാടക സംഘം ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴി തങ്ങളുടെ സ്വദേശങ്ങളിലേക്ക് പുറപ്പെട്ടു.
നേരത്തെ മടങ്ങാൻ അനുമതിയുള്ള തീർഥാടകർ വെള്ളിയാഴ്ച തന്നെ മൂന്ന് ജംറകളിലും കല്ലേറ് കർമം പൂർത്തിയാക്കി ‘ത്വവാഫുൽ വിദാഅ്’ (വിടവാങ്ങൽ ത്വവാഫ്) നിർവഹിച്ച് മക്കയോട് വിടപറഞ്ഞിരുന്നു. എന്നാൽ, ബാക്കിയുള്ള തീർഥാടകർ അയ്യാമുത്തഷ്രീഖിെൻറ മൂന്നാം ദിനമായ ശനിയാഴ്ചയും കല്ലേറ് കർമങ്ങളിൽ പങ്കെടുത്തു.
ഈ കർമങ്ങൾക്ക് ശേഷമുള്ള വിടവാങ്ങൽ ത്വവാഫും പൂർത്തിയാക്കിയായിരിക്കും ഇവർ മക്കയിൽ നിന്ന് മടങ്ങുക. മടങ്ങുന്ന തീർഥാടകർക്ക് വിടവാങ്ങൽ സമ്മാനമായി സൽമാൻ രാജാവിെൻറ നിർദേശപ്രകാരം 19 ലക്ഷം ഖുർആൻ പ്രതികൾ വിതരണം ചെയ്തുവരുന്നു എന്നതും ഈ ഘട്ടത്തിലെ പ്രധാന സവിശേഷതയാണ്.
തീർഥാടകരുടെ യാത്രാ നടപടികൾ തികച്ചും സുഗമവും വേഗത്തിലുള്ളതുമാക്കാൻ സൗദി അറേബ്യയിലെ എല്ലാ കര, വ്യോമ, കടൽ പ്രവേശന കവാടങ്ങളും പൂർണ സജ്ജമാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്സ് (ജവാസത്ത്) അറിയിച്ചു. ആദ്യസംഘത്തിെൻറ എമിഗ്രേഷൻ നടപടികൾ വളരെ എളുപ്പത്തിലാണ് ജവാസത്ത് പൂർത്തിയാക്കിയത്.
ഹജ്ജ് നിർവഹിച്ച ശേഷം മടങ്ങുന്ന തീർഥാടകർ തങ്ങൾക്ക് അനുവദിച്ചിട്ടുള്ള യാത്രാ തീയതികളും കൃത്യമായ വിമാന ഷെഡ്യൂളുകളും (സമയക്രമം) കർശനമായി പാലിക്കണമെന്ന് പാസ്‌പോർട്ട് വകുപ്പ് പ്രത്യേകം ഓർമിപ്പിച്ചു. വിമാനത്താവളങ്ങളിലെയും മറ്റ് കവാടങ്ങളിലെയും എമിഗ്രേഷൻ നടപടികൾ സുഗമമാക്കാൻ തീർഥാടകർ അധികൃതരുമായി പൂർണ്ണമായി സഹകരിക്കണം. മികച്ച സൗകര്യങ്ങളും വിപുലമായ സുരക്ഷാ ക്രമീകരണങ്ങളുമാണ് തീർഥാടകരുടെ സുഗമമായ മടക്കയാത്ര ഉറപ്പാക്കുന്നതിനായി സൗദി ഭരണകൂടം നിലവിൽ ഒരുക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

