ടിക്കറ്റ് കരിഞ്ചന്തക്കെതിരെ നിയന്ത്രണങ്ങൾ കർശനമാക്കും -തുർക്കി ആലുശൈഖ്
text_fieldsസൗദി പൊതുവിനോദ അതോറിറ്റി മേധാവി തുർക്കി ആലുശൈഖ്
റിയാദ്: റിയാദ് സീസൺ ടിക്കറ്റുകളുടെ കരിഞ്ചന്തക്കെതിരെ നിയന്ത്രണങ്ങൾ കർശനമാക്കുമെന്നും സൗദിക്ക് പുറത്താണ് ഇതിന്റെ പ്രവർത്തനങ്ങൾ നടക്കുകയെന്നും സൗദി പൊതുവിനോദ അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ് പറഞ്ഞു. പ്രാദേശിക, അന്തർദേശീയ മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ സീസൺ മേഖലകളിലൊന്നായ ‘വയാ റിയാദ്’ഏരിയയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കരിഞ്ചന്ത ആപ്പുകളിലൂടെ റിയാദ് സീസൺ ടിക്കറ്റ് വിൽക്കുന്നവർക്കെതിരെ നടപടിയുണ്ടാകും. അങ്ങനെയുള്ളവരെ അതോറിറ്റി വെച്ചുപൊറുപ്പിക്കില്ല. ടിക്കറ്റുകൾ വാങ്ങുന്നതിനുള്ള ഔദ്യോഗിക പ്ലാറ്റ്ഫോമാണ് ‘വി ബുക്ക്’. അതിലൂടെ മാത്രം ടിക്കറ്റ് വാങ്ങുക. ടിക്കറ്റുകളിൽ കൃത്രിമം കാണിക്കുകയും കരിഞ്ചന്തയിൽ വിൽക്കുകയും ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളും സൗദിക്ക് പുറത്തുനിന്നാണ് നടക്കുന്നത്.
സംഗീത പരിപാടികൾ, വിനോദ മേഖലകൾ, കായിക പരിപാടികൾ എന്നിവയുൾപ്പെടെയുള്ള ഇവന്റുകളുടെ ടിക്കറ്റുകളുടെ വില വർധിപ്പിച്ച് കരിഞ്ചന്തയിൽ കൃത്രിമം കാണിച്ച് മുതലെടുക്കുന്നവരെ ഞങ്ങൾ നിരീക്ഷിക്കും. സന്ദർശകരെ കബളിപ്പിക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്നും തുർക്കി ആലുശൈഖ് പറഞ്ഞു. ടിക്കറ്റുകളുടെ കരിഞ്ചന്തയെ തടയാൻ സ്വീകരിച്ച നടപടികൾ മുൻ സീസണുകളിൽ ഫലപ്രദമായെന്നും ആലുശൈഖ് സൂചിപ്പിച്ചു.
ബന്ധപ്പെട്ട അധികാരികളുടെ സഹകരണത്തോടെ കരിഞ്ചന്ത നേരിടുന്നതിനെക്കുറിച്ചുള്ള പ്രവർത്തനങ്ങളുടെ ഫലങ്ങൾ പൊതുവിനോദ അതോറിറ്റി ചെയർമാൻ വെളിപ്പെടുത്തി. കരിഞ്ചന്തയെ ചെറുക്കുന്നതിനായി ടിക്കറ്റ് വിൽപന നിരീക്ഷിക്കുന്നതിനായി ‘വി ബുക്ക്’ആപ്ലിക്കേഷനിൽ ഒരു പ്രത്യേക ടീമിനെ നിയോഗിച്ചിരുന്നു. അതിന് ഫലങ്ങൾ കണ്ടു. ആപ്ലിക്കേഷനിലൂടെ 30 ലക്ഷത്തിലധികം ഇടപാടുകൾ വിശകലനം ചെയ്യാനും 13,000 ടിക്കറ്റുകളും 5,000 സംശയാസ്പദമായ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യാനും എട്ട് ബ്ലാക്ക് മാർക്കറ്റ് പ്ലാറ്റ്ഫോമുകൾ പ്രവർത്തനരഹിതമാക്കാനും ടീമിന് കഴിഞ്ഞതായും ആലുശൈഖ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

