ഭരണഘടനക്കെതിരായ വെല്ലുവിളികൾ ചെറുക്കുക -പ്രവാസി വെൽഫെയർ
text_fieldsപ്രവാസി വെൽഫെയർ സെൻട്രൽ പ്രോവിൻസ് സംഘടിപ്പിച്ച
റിപ്പബ്ലിക്ദിന പരിപാടിയിൽ കെ.എം.സി.സി നേതാവ് ഷാഫി
കരുവാരകുണ്ട് സംസാരിക്കുന്നു
റിയാദ്: ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കാനും മതസ്വാതന്ത്ര്യവും പൗരാവകാശങ്ങളും ഉറപ്പുനൽകുന്ന ഭരണഘടന തകർക്കാനുള്ള ഫാഷിസ്റ്റ് ശ്രമങ്ങളെ ചെറുത്തുതോൽപിക്കാനും പ്രവാസി വെൽഫെയർ സംഘടിപ്പിച്ച ചർച്ചാസമ്മേളനം ആഹ്വാനം ചെയ്തു. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളെ വിലക്കെടുത്തും ഭീഷണിപ്പെടുത്തിയും ജാതിമത കോർപറേറ്റ് നയങ്ങൾ സ്വീകരിക്കുന്ന കേന്ദ്രസർക്കാറും നിലനിൽപിനെ ഭയന്ന് ഡോക്യുമെന്ററിയെ കുറിച്ച് ചർച്ച പോലും തയാറാകാതിരുന്ന ചാനലുകളും നിരാശയുണ്ടാക്കുന്നു. എന്നാൽ, നവമാധ്യമങ്ങളിലൂടെ ജനങ്ങൾ തങ്ങളുടെ ഉത്തരവാദിത്തം നിർവഹിക്കണമെന്ന് മാധ്യമപ്രവർത്തകൻ ജയൻ കൊടുങ്ങല്ലൂർ പറഞ്ഞു. നാടിന്റെ ഫെഡറൽ സംവിധാനത്തെയും പൗരസ്വാതന്ത്ര്യത്തെയും തകർക്കുന്ന കരിനിയമങ്ങളും നിലപാടുകളും ഭരണഘടന നേരിടുന്ന പ്രധാന വെല്ലുവിളിയാണെന്നും ജി.എസ്.ടി, കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ, സർവകലാശാലകൾ എന്നീ കാര്യങ്ങളിൽ ഇത് വ്യക്തമാണെന്നും സാമൂഹിക പ്രവർത്തകൻ ഹരികൃഷ്ണൻ ചൂണ്ടിക്കാട്ടി. റിയാദിലെ മലസ് മസാല സോൺ റസ്റ്റാറൻറിൽ സംഘടിപ്പിച്ച റിപ്പബ്ലിക്ദിന ആഘോഷ പരിപാടിയിൽ പ്രവാസി വെൽഫെയർ വൈസ് പ്രസിഡൻറ് സലീം മാഹി അധ്യക്ഷത വഹിച്ചു.
സർക്കാറും ഉദ്യോഗസ്ഥവൃന്ദവും ഒത്തുചേർന്ന ക്രോണിക് കാപിറ്റലിസമാണ് രാജ്യം നേരിടുന്ന പ്രധാന ഭീഷണിയെന്ന് കെ.എം.സി.സി പ്രതിനിധി ഷാഫി കരുവാരകുണ്ട് പറഞ്ഞു.
കൃത്രിമമായ ഇമേജിലൂടെ പടുത്തുയർത്തിയ പ്രതിലോമ രാഷ്ട്രീയത്തിന്റെ മുഖംമൂടികൾ വലിച്ചുകീറാനും ഭയത്തിന്റെയും വെറുപ്പിന്റെയും ഭാഷയെ സർഗാത്മക രാഷ്ട്രീയംകൊണ്ട് നേരിടണമെന്നും പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി ഖലീൽ പാലോട് പറഞ്ഞു.
സ്നേഹവും സൗഹാർദവും വളർത്താൻ രാഹുൽ ഗാന്ധി നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. പ്രവാസി ഈസ്റ്റ് മേഖല സെക്രട്ടറി സിദ്ദീഖ് ആലുവ ഭരണഘടനയുടെ ആമുഖം വായിച്ചു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അഷ്റഫ് കൊടിഞ്ഞി സ്വാഗതവും ഷഹ്ദാൻ നന്ദിയും പറഞ്ഞു. അഷ്ഫാഖ് കക്കോടി, അസീസ് വെള്ളില എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

