ചരക്ക് കൈമാറ്റ ബ്രോക്കർ സ്ഥാപനങ്ങൾക്ക് ഇ-ഡോക്യുമെൻറ് നിർബന്ധമാക്കുന്നു
text_fieldsജിദ്ദ: രാജ്യത്തിനകത്ത് കരമാർഗം ചരക്കുകൾ എത്തിക്കുന്നതിന് ബ്രോക്കർമാരായി പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപനങ്ങൾക്കും ഇലക്ട്രോണിക് ഡോക്യുമെൻറ് സംവിധാനം ഏർപ്പെടുത്തുന്നു.
സെപ്റ്റംബർ 15 മുതൽ ഇൗ നിയമം നടപ്പാകും. ഇതോടെ മുഴുവൻ ചരക്കുകളുടെയും നീക്കത്തിനും കൈമാറ്റത്തിനും ഇലക്ട്രോണിക് രേഖകൾ നിർബന്ധമാകുമെന്ന് പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി. അതോറിറ്റിയുടെ 'നഖ്ൽ' പോർട്ടൽ വഴിയാണ് ഇ-ഡോക്യുമെൻറ് നടപടികൾ പൂർത്തിയാക്കേണ്ടത്.
സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനും ചരക്ക് കൈമാറ്റ പ്രക്രിയ സംബന്ധിച്ച വിവരങ്ങൾ അറിയാനും സേവനദാതാക്കളുടെയും ഗുണഭോക്താക്കളുടെയും അവകാശങ്ങൾ സംരക്ഷിക്കാനും ഇലക്ട്രോണിക് രേഖ സംവിധാനം സഹായിക്കുമെന്ന് പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി. ചരക്കു ഗതാഗത ലൈസൻസുള്ളവർക്ക് അതോറിറ്റിയുടെ ഇലക്ട്രോണിക് പോർട്ടൽ വഴി രേഖകൾ ഇഷ്യൂ ചെയ്യാനാകും.
ചരക്കുകൾ അയക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന ആളുകളുടെ പേരുകൾ, ചരക്ക് വിവരങ്ങൾ, ചരക്കുകൾ എത്തിക്കാനുള്ള ഷെഡ്യൂൾ, ഗതാഗത ചാർജ്, യാത്ര, വാഹനം സംബന്ധിച്ച വിവരങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് ഇലക്ട്രോണിക് രേഖ. ബ്രോക്കർ മുഖേനയാണ് സേവനം നൽകുന്നതെങ്കിൽ ബ്രോക്കറുടെ വിവരങ്ങളും കൂടി ഉൾപ്പെടും. ഒാൺലൈൻ പോർട്ടലിലെ ഇലക്ട്രോണിക് രേഖയിലൂടെ ചരക്ക് സംബന്ധിച്ച വിവരം പരിശോധിക്കാനും സ്റ്റാറ്റസ് അറിയാനും സാധിക്കും.
നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക, കര മാർഗമുള്ള ചരക്ക് ഗതാഗതം സുതാര്യമാക്കുക, കൈമാറ്റത്തിെൻറ കാര്യക്ഷമത വർധിപ്പിക്കുക, ചരക്കു ഗതാഗത പ്രക്രിയയിലെ കരാർ കക്ഷികൾ തമ്മിലുള്ള ബന്ധം വ്യവസ്ഥാപിതമാക്കുക എന്നിവ ലക്ഷ്യമിട്ടാണ് ചരക്ക് ഗതാഗത സ്ഥാപനങ്ങളെ 'നഖ്ൽ' ഇലക്ട്രോണിക് പോർട്ടലുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ഡിജിറ്റൽ പരിവർത്തന പ്രക്രിയയുടെയും സാേങ്കതിക സംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി ഗതാഗത സേവനങ്ങളിൽ കൂടുതൽ പുരോഗതിയും വികസനവും കൈവരിക്കുന്നതിെൻറയും ഭാഗമാണിതെന്നും പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

