ദമ്മാമിൽ മരിച്ച സുബ്രഹ്മണ്യന്റെ പാസ്പോർട്ട് കണ്ടെത്താൻ സഹായം തേടുന്നു
text_fieldsസുബ്രഹ്മണ്യൻ
ദമ്മാം: ഹൃദയാഘാതംമൂലം മരിച്ച പ്രവാസി മലയാളിയുടെ പാസ്പോർട്ട് കണ്ടെത്താൻ സഹായം അഭ്യർഥിച്ച് സാമൂഹിക പ്രവർത്തകൻ നാസ് വക്കം. ദമ്മാമിൽ മരിച്ച പാലക്കാട് പട്ടാമ്പി ഞങ്ങാട്ടിരി സ്വദേശി പടിങ്ങാരേതിൽ ഹൗസിൽ സുബ്രഹ്മണ്യന്റെ (66) പാസ്പോർട്ടാണ് തേടുന്നത്. കാൽനൂറ്റാണ്ടിലേറെ പ്രവാസിയായ ഇദ്ദേഹം സൗദിയിലെ വിവിധ കമ്പനികളിൽ ജോലി ചെയ്തിട്ടുണ്ട്. ഏതാനും മാസം മുമ്പാണ് ദമ്മാമിൽ പുതിയ സ്ഥാപനത്തിൽ ജോലിക്ക് കയറിയത്.
വെള്ളിയാഴ്ച നെഞ്ചുവേദന അനുഭവപ്പെട്ടതിനെതുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയെങ്കിലും മരിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള എക്സിറ്റ് നടപടിക്കായി പാസ്പോർട്ട് അന്വേഷിച്ചപ്പോൾ താമസസ്ഥലത്തുണ്ടാവും എന്ന വിവരമാണ് ലഭിച്ചത്. എന്നാൽ, സുഹൃത്തുക്കൾക്കോ കമ്പനി അധികൃതർക്കോ ഇദ്ദേഹം താമസിച്ചിരുന്ന സ്ഥലം എവിടെയാണെന്ന് അറിയാത്തത് പ്രതിസന്ധി സൃഷ്ടിച്ചു.
ഇതുമൂലം പാസ്പോർട്ട് കണ്ടെത്താൻ കഴിയുന്നില്ല. നിയമനടപടികൾ പൂർത്തീകരിക്കുന്നതിന് പാസ്പോർട്ട് ഇല്ലാത്തത് തടസ്സമായിരിക്കുകയാണ്. പുതിയ ജോലിയിൽ പ്രവേശിച്ചതിനാൽ ദമ്മാമിൽതന്നെ പുതിയൊരു സ്ഥലത്തേക്ക് താമസം മാറിയതാണ് സുഹൃത്തുക്കൾക്കുപോലും താമസസ്ഥലം എവിടെയാണെന്ന് അറിയാതിരിക്കാൻ കാരണം.
സുബ്രഹ്മണ്യന്റെ താമസസ്ഥലം സംബന്ധിച്ചോ പാസ്പോർട്ടിനെക്കുറിച്ചോ അറിയുന്നവർ +966 56 995 6848 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് നാസ് വക്കം അഭ്യർഥിച്ചു. ഭാര്യ: സുമ സുബ്രഹ്മണ്യൻ. മക്കൾ: പി. സുദേവ്, പി. നീന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

