റിയാദിൽ റിപ്പബ്ലിക്ദിന സാംസ്കാരികസായാഹ്നവും അത്താഴ വിരുന്നും
text_fieldsറിയാദ് മേയർ അമീർ ഫൈസൽ ബിൻ അബ്ദുൽ ബിൻ അയ്യാഫും ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാനും ചേർന്ന് കേക്ക് മുറിച്ച് റിപ്പബ്ലിക് ദിന സാംസ്കാരിക സായാഹ്നപരിപാടി ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: റിപ്പബ്ലിക് ദിനത്തിൽ വൈകീട്ട് 7.30 മുതൽ റിയാദ് ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ കൾച്ചറൽ പാലസിൽ പ്രമുഖർക്കായി ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ പ്രത്യേക സാംസ്കാരികാഘോഷവും അത്താഴ വിരുന്നുമൊരുക്കി. റിയാദ് മേയർ അമീർ ഫൈസൽ ബിൻ അബ്ദുൽ ബിൻ അയ്യാഫ് മുഖ്യാതിഥിയായി പങ്കെടുത്തു. റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസിനെ പ്രതിനിധീകരിച്ചാണ് മേയർ പരിപാടിക്ക് എത്തിയത്. മേയറും അംബാസഡറും ചേർന്ന് ത്രിവർണ പതാകയുടെ മാതൃകയിലൊരുക്കിയ കേക്ക് മുറിച്ച് പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
സദസിനെ അഭിസംബോധന ചെയ്യവേ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ദൃഢമായ ബന്ധത്തെ എടുത്തുപറഞ്ഞു. സ്നേഹ ബഹുമാനങ്ങളോടെ സാംസ്കാരിക വിനിമയം നടത്തി ഇരു രാജ്യങ്ങളും ഒരേദിശയിൽ സഞ്ചരിക്കുന്നു. ബോളിവുഡ് സിനിമ മുതൽ യോഗ, സംഗീതം, ഭക്ഷണം എന്നിവ വരെ സാംസ്കാരികമായ എല്ലാ മേഖലകളിലും ഞങ്ങൾ പരസ്പരം പ്രചോദനം ഉൾക്കൊണ്ട് മുന്നോട്ടുള്ള യാത്ര തുടരുകയാണെന്നും അംബാസഡർ പറഞ്ഞു. കൂടാതെ, റിയാദ് സീസണിലെ ആഘോഷ പരിപാടികളുടെ ഭാഗമായ ഗ്ലോബൽ ഹാർമണി ഇനിഷ്യേറ്റീവിൽ ഇന്ത്യ സജീവ പങ്കാളിത്തമാണ് വഹിച്ചെതന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിവിധ സൗദി മന്ത്രാലയങ്ങളിലെ ഉന്നതോദ്യോഗസ്ഥർ, സൗദി പൗരപ്രമുഖർ, നിരവധി രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികൾ, വ്യവസായ പ്രമുഖർ, പ്രവാസി ഇന്ത്യൻ സാമൂഹികപ്രതിനിധികൾ ഉൾപ്പടെ നൂറുകണക്കിനാളുകൾ പരിപാടിയിൽ സംബന്ധിച്ചു. അംബാസഡറും ഡെപ്യട്ടി ചീഫ് മിഷൻ അബു മാത്തൻ ജോർജും അതിഥികളെ ഹസ്തദാനം ചെയ്ത് പരിപാടിയിലേക്ക് വരവേറ്റു. വന്ദേമാതരം സംഗീത ശിൽപം ഉൾപ്പടെ നിരവധി ക്ലാസിക് ഡാൻസ് പരിപാടികൾ അരങ്ങേറി. ഇന്ത്യൻ, അറബിക് രുചിവൈവിധ്യങ്ങളോടെ വിഭവസമൃദ്ധമായ അത്താഴ വിരുന്നിലും എല്ലാവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

