റിയാദ് ഇന്ത്യൻ എംബസിയിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
text_fieldsറിയാദ് ഇന്ത്യൻ എംബസിയിൽ റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിെൻറ റിപ്പബ്ലിക് ദിന സന്ദേശം അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ വായിക്കുന്നു
റിയാദ്: ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷം പ്രവാസി ഇന്ത്യൻ സമൂഹത്തെ സാക്ഷിയാക്കി വിപുലമായ പരിപാടികളോടെ റിയാദിലെ ഇന്ത്യൻ എംബസിയിൽ നടത്തി. ഇന്ത്യയുടെ തനിമയും പരമ്പരാഗത രീതികളെയും അടയാളപ്പെടുത്തുന്ന ആഘോഷങ്ങൾക്ക് ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ നേതൃത്വം നൽകി. ഇന്ന് രാവിലെ എട്ടിന് എംബസി അങ്കണത്തിൽ പതാക ഉയർത്തൽ ചടങ്ങോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്. തുടർന്ന്, മഹാത്മാ ഗാന്ധിയുടെ പ്രതിമക്ക് പുഷ്പാർച്ചന നടത്തി ദേശീയ പിതാവിനോടുള്ള ആദരവ് പ്രകടിപ്പിച്ചു.
ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിന്‍റെ റിപ്പബ്ലിക് ദിന സന്ദേശം അംബാസഡർ വായിച്ചുകേൾപ്പിച്ചു. ‘സുവർണ ഇന്ത്യ - പൈതൃകവും വികസനവും’ എന്നതിൽ ഊന്നിയുള്ള രാഷ്ട്രപതിയുടെ റിപ്പബ്ലിക്ക് ദിന സന്ദേശം ഇന്ത്യയുടെ നവീനതയും പുരോഗതിയും ഉൾക്കൊള്ളുന്നതായി.
2047ഓട് കൂടി ഇന്ത്യ വികസിത രാജ്യമാകാനുള്ള കുതിപ്പിലാണെന്ന സന്ദേശം കരഘോഷത്തോടെയാണ് സദസ്സ് ഏറ്റെടുത്തത്. റിയാദിലെ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിലെയും ഇൻറർനാഷനൽ ഇന്ത്യൻ പബ്ലിക് സ്കൂളിലെയും വിദ്യാർഥികൾ, ‘വന്ദേ മാതരം’ ഉൾപ്പെടെയുള്ള ദേശഭക്തി ഗാനങ്ങൾക്ക് ചുവടുവെച്ച് നൃത്ത പരിപാടി അവതരിപ്പിച്ചു.
ഇന്ത്യൻ സമൂഹം ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള നിരവധി പ്രവാസികൾ ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യയുടെ വികസനത്തിെൻറ പുതിയ അധ്യായങ്ങൾ അടയാളപ്പെടുത്തിയ റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികൾ പ്രവാസി സമൂഹത്തിന് ഒത്തുകൂടാനും സ്നേഹവും ഐക്യവും പങ്കിടാനുമുള്ള അവസരമായി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

