സൗദിയിൽ മദ്യവിൽപനക്ക് ലൈസൻസ് നൽകുന്നെന്ന റിപ്പോർട്ടുകൾ വ്യാജം
text_fieldsറിയാദ്: സൗദി അറേബ്യയിൽ അടുത്ത വർഷം മുതൽ മദ്യ വിൽപനക്ക് ലൈസൻസ് നൽകാൻ പദ്ധതിയിടുന്നെന്ന തരത്തിൽ നിരവധി വിദേശ മാധ്യമങ്ങളിൽ വന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
ബന്ധപ്പെട്ട സൗദി അധികാരികളിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണമില്ലാത്തതും രാജ്യത്ത് നിലവിലുള്ള നയങ്ങളോ നിയന്ത്രണങ്ങളോ പ്രതിഫലിപ്പിക്കാത്തതുമായ തീർത്തും അവാസ്തവമായ വാർത്തകളാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ വിദേശമാധ്യമങ്ങളിൽ വന്നതെന്ന് ഔദ്യോഗിക സോഴ്സുകളെ അവലംബിച്ച് അറബ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
വിനോദസഞ്ചാര മേഖലയുടെ വികസനം രാജ്യത്തിന്റെ വികസന കാഴ്ചപ്പാടിലെ ഒരു സുപ്രധാന ലക്ഷ്യമാണ്. സവിശേഷവും സാംസ്കാരികമായി ആഴത്തിലുള്ളതുമായ വിനോദസഞ്ചാര അനുഭവം സന്ദർശകർക്ക് നൽകാൻ രാജ്യം പ്രതിജ്ഞാബദ്ധമാണ്. രാജ്യത്തിന്റെ സമ്പന്നമായ പൈതൃകവും വൈവിധ്യമാർന്ന പ്രകൃതിദൃശ്യങ്ങളും അനുഭവിച്ച് അറിയാൻ വരുന്ന അന്താരാഷ്ട്ര വിനോദ സഞ്ചാരികൾക്ക് സൗദി അറേബ്യയുടെ നിലവിലെ സമീപനം നന്നായി സ്വീകാര്യമാണ്.
മുസ്ലിം ഇതര നയതന്ത്രജ്ഞർക്ക് വേണ്ടി നിയന്ത്രിതമായ തോതിൽ മദ്യം ഉപയോഗിക്കാനുള്ള അനുമതിയുടെ ദുരുപയോഗവും അനധികൃത മദ്യ ഉപയോഗവും തടയുന്നതിന് ലക്ഷ്യമിട്ട് പുതിയ വ്യവസ്ഥ കൊണ്ടുവന്നിട്ടുണ്ട്. ഈ പുതിയ നടപടികൾ പ്രകാരം, നയതന്ത്ര കയറ്റുമതിയിൽ മദ്യവും മറ്റ് ചില വസ്തുക്കളും ഇറക്കുമതി ചെയ്യാൻ മുസ്ലിമിതര രാജ്യങ്ങളുടെ എംബസികൾക്കുള്ള അനുവാദം പരിമിതപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും, ദുരുപയോഗം തടയുന്നതിനുള്ള കർശനമായ നിയന്ത്രണങ്ങൾ പാലിച്ച് ഇത്തരം വസ്തുക്കളുടെ നിയന്ത്രിത പ്രവേശനം സാധ്യമാണ്.
സൗദി ടൂറിസം മേഖല ഗണ്യമായ വളർച്ചയാണ് നേടുന്നത്. 2024ൽ 2.97 കോടി വിദേശ വിനോദ സഞ്ചാരികളാണ് എത്തിയത്. 2023ൽ ഇത് 2.74 കോടി ആയിരുന്നു. എട്ട് ശതമാനമാണ് വർധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

