സൗദി വിപണിയിൽ പ്രകടമായ പുരോഗതിയെന്ന് റിപ്പോർട്ട്
text_fieldsജിദ്ദ: കോവിഡ് പ്രതിസന്ധിയുടെ നിഴലകന്നുതുടങ്ങിയതോടെ സൗദി അറേബ്യൻ വിപണിയിൽ 2020 മൂന്നാംപാദത്തിൽ പ്രകടമായ പുരോഗതിയുണ്ടായെന്ന് റിപ്പോർട്ട്. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പ്രസിദ്ധീകരിച്ച ലേബർ മാർക്കറ്റ് ബുള്ളറ്റിനിലാണ് തൊഴിൽരംഗം പൂർവനിലയിലേക്ക് മടങ്ങുന്നതിെൻറ വ്യക്തമായ സൂചന നൽകുന്നത്.
കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് കർശനമായ ആരോഗ്യ മുൻകരുതൽ നടപടികൾക്കും ലോക്ഡൗണിനും സാക്ഷ്യംവഹിച്ചശേഷമാണിതെന്ന് റിപ്പോർട്ട് പറയുന്നു. സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 15.4 ശതമാനത്തിൽനിന്ന് 14.9 ശതമാനമായി കുറഞ്ഞു. കഴിഞ്ഞവർഷം മൂന്നാം പാദത്തിൽ തൊഴിൽവിപണിയിൽ പ്രവേശിച്ച സ്വദേശി പൗരന്മാരുടെ എണ്ണം 81,854 ആണ്.
സമ്പദ് മേഖലയിൽ ജോലിചെയ്യുന്ന പുരുഷന്മാരും സ്ത്രീകളുമായ സ്വദേശികളുടെ എണ്ണം 32,53,276 ആയി. രണ്ടാംപാദത്തിൽ ഇത് 31,71,422 ആയിരുന്നു. കോവിഡിെൻറ തുടർച്ചയായ പ്രത്യാഘാതങ്ങൾക്കിടയിൽ സ്വദേശികൾക്ക് ജോലി ഉറപ്പാക്കാനും ജോലിക്കാരുടെ എണ്ണം കൂട്ടാനും ഗവൺമെൻറ് സ്വീകരിച്ച നയങ്ങളും സംരംഭങ്ങളും ഇതിനെല്ലാം ആക്കംകൂട്ടിയതായി റിപ്പോർട്ട് പറയുന്നു. മൂന്നാംപാദത്തിൽ 2,57,170 വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെട്ടു.
രാജ്യത്ത് തൊഴിലെടുക്കുന്ന മൊത്തം വിദേശികളുടെ എണ്ണം 1,02,01,862 ആയി കുറഞ്ഞു. രണ്ടാംപാദത്തിൽ ഇത് 1,04,59,032 ആയിരുന്നു. രണ്ടര ലക്ഷത്തിലേറെ വിദേശികളാണ് തൊഴിൽ നഷ്ടപ്പെട്ട് രാജ്യം വിട്ടത്.
രാജ്യത്തെ സുരക്ഷ, സൈനിക മേഖലകളിലെ ജീവനക്കാരുടെയും ജനറല്‍ ഓര്ഗനൈസേഷന് ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് (ഗോസി), മാനവ വിഭവശേഷി മന്ത്രാലയം എന്നിവയിൽ രജിസ്റ്റർ ചെയ്യാത്ത തൊഴിലാളികളുടെയും വിവരങ്ങൾ ഇൗ ഡേറ്റയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
സ്വദേശികളുടെ തൊഴിലില്ലായ്മ നിരക്ക് മൂന്നുമാസത്തിനിടെ ഒരു ശതമാനം കണ്ട് കുറഞ്ഞത് സാമ്പത്തിക, വാണിജ്യ രംഗത്ത് ഗവൺമെൻറ് നടപ്പാക്കുന്ന പ്രോത്സാഹനപദ്ധതികളുടെ ഫലമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
കോവിഡിനെ തുടർന്ന് ആഗോള സമ്പദ്വ്യവസ്ഥയും തൊഴിൽ മേഖലയും അഭിമുഖീകരിച്ച പ്രത്യാഘാതങ്ങൾ കുറക്കാൻ രാജ്യം കൈക്കൊണ്ട നടപടികൾ ഇതിന് സഹായകമായി.
ജി20 രാജ്യങ്ങളിൽ കോവിഡ് പ്രതിസന്ധിയെ ഏറ്റവും ഫലപ്രദമായി നേരിട്ട് അതിെൻറ ആഘാതങ്ങൾ കുറച്ചത് സൗദി അറേബ്യയാണ്. കഴിഞ്ഞവർഷം നാലാം പാദത്തിലും ഇൗ വർഷം ആദ്യപാദത്തിലും പുരോഗതി ക്രമേണ വീണ്ടെടുക്കാമെന്ന പ്രതീക്ഷയോടെ സൗദി അറേബ്യ വിവിധ പദ്ധതികൾ ആവിഷ്കരിച്ചു മുന്നേറുകയുണ്ടായി.
ജീവനക്കാരിൽ 75.8 ശതമാനവും വിദേശികൾ
ജിദ്ദ: സൗദി അറേബ്യയിലെ ജീവനക്കാരിൽ 75.8 ശതമാനവും വിദേശികൾ. 24.1 ശതമാനം മാത്രമാണ് സ്വദേശി പൗരന്മാർ.
തൊഴിലെടുക്കുന്ന പ്രവാസികളുടെ ആകെ എണ്ണം 10.20 ദശലക്ഷവും സ്വദേശി ജീവനക്കാർ 3.25 ദശലക്ഷവുമാണ്. രാജ്യത്തെ സ്വകാര്യ മേഖലയിെല സ്വദേശികളും വിദേശികളുമായ മൊത്തം ജീവനക്കാരുടെ എണ്ണം 13.46 ദശലക്ഷമാണ്.
കഴിഞ്ഞവർഷം മൂന്നാം പാദത്തിലെ സൗദി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് പ്രകാരമാണ് ഇൗ കണക്ക്. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 14.9 ശതമാനമായി കുറഞ്ഞു. രണ്ടാംപാദത്തിൽ ഇത് 15.4 ശതമാനമായിരുന്നു. പുരുഷന്മാർക്കിടയിൽ 7.9 ശതമാനവും സ്ത്രീകൾക്കിടയിൽ 30.2 ശതമാനവുമാണ് തൊഴിലില്ലായ്മ നിരക്ക്. രാജ്യത്ത് തൊഴിലെടുക്കുന്നവരിൽ 82 ശതമാനം (10.97 ദശലക്ഷം പേർ) പുരുഷന്മാരാണ്. സ്ത്രീകൾ 18 ശതമാനവും (2.49 ദശലക്ഷം). തൊഴിലാളികളിൽ 63.2 ശതമാനം (8.50 ദശലക്ഷം) ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിെൻറ (ഗോസി) ചട്ടങ്ങൾക്ക് വിധേയമാണ് പ്രവർത്തിക്കുന്നത്. 9.4 ശതമാനം പേർ സിവിൽ സർവിസ് നിയമങ്ങൾക്കും വിധേയമാണ്. അതേസമയം, മൊത്തം തൊഴിൽരംഗത്ത് 27.3 ശതമാനം വീട്ടുജോലിക്കാരാണ് എന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
