മാർച്ചിൽ പ്രവാസികളുടെ പണമയക്കൽ 15 ശതമാനം വർധിച്ചു
text_fieldsജിദ്ദ: സൗദിയിലെ പ്രവാസികളുടെ വ്യക്തിഗത പണമയക്കൽ കഴിഞ്ഞ മാർച്ചിൽ 15 ശതമാനം വർധിച്ചതായി കണക്കുകൾ. 1,405 കോടി റിയാലാണ് കഴിഞ്ഞ മാസം മാത്രം വിദേശികൾ നാട്ടിലേക്കയച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1,220 കോടി റിയാലായിരുന്നു. സൗദി സെൻട്രൽ ബാങ്ക് വ്യാഴാഴ്ച പുറത്തുവിട്ട പ്രതിമാസ ബുള്ളറ്റിനിലാണ് ഈ കണക്കുകൾ. ഈ വർഷം ഫെബ്രുവരിയിൽ പ്രവാസികൾ നാട്ടിലേക്കയച്ച പണത്തേക്കാൾ മാർച്ചിൽ 24.3 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. ഈ വർഷം ആദ്യ പാദത്തിൽ പ്രവാസികളുടെ പണമയക്കൽ 10.5 ശതമാനം ഉയർന്ന് 3,741 കോടി റിയാലായി ഉയർന്നു. 2020െൻറ ആദ്യ പാദത്തിൽ ഇത് 3,385 കോടി റിയാലായിരുന്നു. 2019നെ അപേക്ഷിച്ച് 2020ൽ പ്രവാസികളുടെ പണമയക്കൽ 19.25 ശതമാനം വർധിച്ചിട്ടുണ്ട്. 2019ൽ 12,553 കോടി റിയാലാണ് വിദേശികൾ നാട്ടിലേക്കയച്ചതെങ്കിൽ അത് 2020ൽ 14,969 കോടി റിയാലായി ഉയർന്നു എന്നത് ശ്രദ്ധേയമാണ്. 2016ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
ഈ വർഷം സ്വദേശികൾ പുറത്തേക്കയച്ച പണമിടപാടുകളും വർധിച്ചിട്ടുണ്ട്. ആദ്യ പാദത്തിൽ സ്വദേശികൾ പുറത്തേക്കയച്ചത് 1,487 കോടി റിയാലാണ്. കഴിഞ്ഞ വർഷത്തേക്കാൾ 11.6 ശതമാനം വർധനയാണിത്. 2020 ഇതേ പാദത്തിൽ ഇത് 1,332 കോടി റിയാലായിരുന്നു. ഈ വർഷം മാർച്ചിൽ മാത്രം സ്വദേശികൾ പുറത്തേക്കയച്ച തുക 650 കോടി റിയാലാണ്. 2020 മാർച്ചിൽ ഇത് 204 കോടി റിയാലായിരുന്നു. 26.4 ശതമാനമാണ് വർധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

