അഴീക്കോടെൻറ രക്തസാക്ഷിത്വത്തെ ഓർമിപ്പിക്കുന്നതാണ് പുതിയ സാഹചര്യം: കേളി
text_fieldsകേളി കലാസാംസ്കാരിക വേദി അഴീക്കോടൻ രാഘവൻ അനുസ്മരണ പരിപാടിയിൽ സെബിൻ ഇഖ്ബാൽ സംസാരിക്കുന്നു
റിയാദ്: അഴീക്കോടൻ രാഘവനെ രാഷ്ട്രീയ ശത്രുക്കൾ കൊലപ്പെടുത്തിയ കാലത്തെ ജനാധിപത്യവിരുദ്ധ സാഹചര്യങ്ങളെ ഓർമിപ്പിക്കുന്ന വിധത്തിലാണ് കേരളത്തിലെ ഇന്നത്തെ രാഷ്ട്രീയ–മാധ്യമ അന്തരീക്ഷമെന്ന് കേളി കലാസാംസ്കാരിക വേദി അഭിപ്രായപ്പെട്ടു. അഴീക്കോടൻ രാഘവെൻറ 54-ാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് കേളി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിലാണ് ഈ വിമർശനം ഉയർന്നത്.
സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ഐക്യമുന്നണി കൺവീനറുമായിരിക്കെ 1972 സെപ്തംബർ 23-നാണ് അഴീക്കോടൻ രാഘവൻ കൊല്ലപ്പെട്ടത്. ഭരണാധികാരികൾക്കെതിരെ വാർത്ത നൽകുന്നതിെൻറ പേരിൽ പ്രതിപക്ഷ നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ കേസെടുക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് യോഗത്തിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി.
മാധ്യമ സ്ഥാപനങ്ങളുടെ അംഗീകാര കാർഡുകൾ നീക്കം ചെയ്യുക, ന്യൂസ് റൂമുകളിൽ പരിശോധന നടത്തുക, വാർത്താ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന തരത്തിൽ ഇടപെടുക തുടങ്ങിയ നടപടികൾ ജനാധിപത്യ സമൂഹത്തിൽ ഗൗരവമായി ചർച്ച ചെയ്യപ്പെടേണ്ടതാണ്.
ജനങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്ന മാധ്യമങ്ങളെയും രാഷ്ട്രീയ പ്രവർത്തകരെയും നിയന്ത്രിക്കാൻ ശ്രമിക്കുന്ന പ്രവണതകൾ ജനാധിപത്യത്തിെൻറ അടിസ്ഥാന മൂല്യങ്ങളെ ദുർബലപ്പെടുത്തുമെന്നും അഴീക്കോടെൻറ ജീവിതവും രക്തസാക്ഷിത്വവും അധികാരത്തിനെതിരായ ജനകീയ പ്രതിരോധത്തിെൻറയും ജനാധിപത്യാവകാശ സംരക്ഷണത്തിെൻറയും വലിയൊരു ഓർമപ്പെടുത്തലാണെന്നും അനുസ്മരണ യോഗം വിലയിരുത്തി.
ചടങ്ങിൽ കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു. സമിതി അംഗം സെബിൻ ഇഖ്ബാൽ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായി, ബത്ഹ ഏരിയ രക്ഷാധികാരി സമിതി അംഗം കെ.ടി. മുഹമ്മദ് ബഷീർ അമരമ്പലം എന്നിവർ അനുസ്മരണ പ്രസംഗം നടത്തി. രക്ഷാധികാരി സമിതി അംഗം ഫിറോസ് തയ്യിൽ സ്വാഗതവും ചന്ദ്രൻ തെരുവത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

