കുടിയിറക്കപ്പെട്ട ദുരിതബാധിതർക്ക് ആശ്വാസം
text_fieldsകിങ് സൽമാൻ റിലീഫ് കേന്ദ്രം ഗസ്സ മുനമ്പിന്റെ മധ്യപ്രവിശ്യയിൽ സ്ഥാപിച്ച ദുരിതാശ്വാസ ക്യാമ്പ്
റിയാദ്: സൗദി അറേബ്യയുടെ ചാരിറ്റി ഏജൻസിയായ കിങ് സൽമാൻ റിലീഫ് കേന്ദ്രം (കെ.എസ് റിലീഫ്) ഗസ്സ മുനമ്പിന്റെ മധ്യപ്രവിശ്യയിൽ പുതിയ അടിയന്തര ദുരിതാശ്വാസ ക്യാമ്പ് സ്ഥാപിച്ചു. അടുത്തിടെ കുടിയിറക്കപ്പെട്ട നൂറുകണക്കിന് കുടുംബങ്ങൾക്ക് അടിയന്തര അഭയം നൽകുന്നതിനാണ് 250ലധികം ടെന്റുകൾ ക്യാമ്പിൽ ഒരുക്കിയത്. ഫലസ്തീൻ ജനതയെ സഹായിക്കുന്നതിനായി സൗദി നടത്തുന്ന ഫണ്ട് റൈസിങ് കാമ്പയിന്റെ ഭാഗമാണിത്.
കെ.എസ്. റിലീഫിന്റെ നിർവഹണ പങ്കാളിയായ സൗദി സെൻറർ ഫോർ കൾച്ചർ ആൻഡ് ഹെറിറ്റേജിന്റെ മേൽനോട്ടത്തിലാണ് സമീപകാലത്തെ കഠിനമായ കാലാവസ്ഥയിൽ താൽക്കാലിക ഷെൽട്ടറുകൾ തകർന്ന കുടുംബങ്ങളെ സഹായിക്കുന്നതിനായി ക്യാമ്പ് വേഗത്തിൽ സജ്ജമാക്കിയത്. കനത്ത കൊടുങ്കാറ്റും വെള്ളപ്പൊക്കവും കാരണം മേഖലയിലുടനീളമുള്ള നൂറുകണക്കിന് കൂടാരങ്ങൾ നശിച്ചിരുന്നു. ഇത് ഗുരുതരമായ മാനുഷിക പ്രതിസന്ധി ഉണ്ടാക്കുകയും ചെയ്തിരുന്നു.
അതേസമയം, ടെൻറിന്റെ ഗുണഭോക്താക്കൾ സൗദിയോട് നന്ദി പറഞ്ഞു. കഠിനമായ ശൈത്യകാല സാഹചര്യങ്ങളിലും അസ്ഥിരമായ കാലാവസ്ഥയിലും പുതിയ ഷെൽട്ടറുകൾ വലിയ സംരക്ഷണം നൽകിയിട്ടുണ്ടെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ഫലസ്തീൻ ജനതയോടുള്ള സൗദിയുടെ ഉറച്ച പ്രതിബദ്ധതയുടെ തുടർച്ചയാണ് ഈ സംരംഭം. ആശ്വാസവും ഉയർന്ന നിലവാരമുള്ള പാർപ്പിട സൗകര്യം നൽകുന്നതിലൂടെ അഭൂതപൂർവമായ മാനുഷിക വെല്ലുവിളികൾ നേരിടുന്ന കുടുംബങ്ങളുടെ ദുരിതം ലഘൂകരിക്കാനും ആവശ്യക്കാർക്ക് പ്രതീക്ഷയുടെ ഒരു ദീപമായി മാറാനും ലക്ഷ്യമിട്ട് കെ.എസ് റിലീഫ് കേന്ദ്രം അതിെൻറ പ്രവർത്തനം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

